ശീതകാല കൂടുമാറ്റങ്ങളിൽ ശതകോടികൾ ചെലവിട്ട് ക്ലബുകൾ
text_fieldsലണ്ടൻ: ശീതകാല ജാലകം ജനുവരി 31ന് അടച്ചതോടെ ക്ലബ് ഫുട്ബാളിലെ താരകൈമാറ്റങ്ങളും കൂടുമാറ്റങ്ങളും പൂർത്തിയായി. ഏറ്റവും മികച്ചവരെ ടീമിലെത്തിച്ച് കരുത്തുകൂട്ടാൻ കിട്ടിയ ഇടക്കാല അവസരം ടീമുകൾ പരമാവധി പ്രയോജനപ്പെടുത്തിയപ്പോൾ കൂടുമാറ്റം അവസരമാക്കി താരങ്ങളും പണംകൊയ്തു. ശതകോടിക്കണക്കിന് ഡോളറുകളും യൂറോകളുമാണ് ശീതകാല കൂടുമാറ്റ വിപണിയിൽ ക്ലബുകൾ ചെലവിട്ടത്. 12.1 കോടി പൗണ്ട് (131 ദശലക്ഷം ഡോളർ) നൽകി അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ പോർചുഗലിലെ ബെൻഫിക്കയിൽനിന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി വാങ്ങിയതാണ് ഏറ്റവും ശ്രദ്ധേയമായ കൈമാറ്റം. ഇംഗ്ലീഷ് ടീമുകൾ വായ്പാ കരാറിന് ഉൾപ്പെടെ 831 ദശലക്ഷം ഡോളർ ചെലവഴിച്ചു. മറ്റു നാലു മുൻനിര ലീഗുകളായ ഫ്രഞ്ച് ലീഗ് വൺ, ജർമൻ ബുണ്ടസ് ലിഗ, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയൻ സീരി എ ക്ലബുകൾ ആകെ ഏകദേശം 263 ദശലക്ഷം ഡോളറും ഇറക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഓരോ ടീമും സ്വന്തമാക്കിയ താരങ്ങൾ ഇവരാണ്. ചെൽസി: എൻസോ ഫെർണാണ്ടസ്, മിഖായിലോ മുദ്രിക്, ബെനോയിറ്റ് ബാദിയഷിൽ, ഡേവിഡ് ഫൊഫാന, ആൻഡ്രേ സാന്റോസ്, യാവോ ഫെലിക്സ്, നാനി മദുവേകേ, മാലോ ഗസ്റ്റോ. ലിവർപൂൾ: കോഡി ഗാക്പോ. മാഞ്ചസ്റ്റർ സിറ്റി: മാക്സിമോ പെറോൻ. മാഞ്ചസ്റ്റർ യുനൈറ്റഡ്: ജാക് ബട്ലാൻഡ്, വൂഡ് വെഗ്ഹൂഴ്സ്റ്റ്, മാഴ്സൽ സാബിറ്റ്സർ. ആഴ്സനൽ: ലിയാൻഡ്രോ ട്രോസാർഡ്, ജോർജീഞ്ഞോ, ജേകബ് കിവിയർ. ന്യൂകാസിൽ: ആന്റണി ഗോർഡൻ, ഹാരിസൺ ആഷ്ബി. നോട്ടിങ്ഹാം ഫോറസ്റ്റ്: ഡാനിലോ, ഫിലിപ്, കെയ്ലർ നവാസ്. സതാംപ്ടൺ: മിസ്ലാവ് ഓർസിച്, കാർലാസ് അൽകാരസ്, കമാലുദ്ദീൻ സുലെമാന. ടോട്ടൻഹാം: അർനോട്ട് ഡാൻജുമ, പെഡ്രോ പോറോ. ആസ്റ്റൺ വില്ല: അലക്സ് മോറിനോ, ജോണ ഡുറാൻ. ബ്രെന്റ്ഫോർഡ്: കെവിൻ ഷേഡ്, റോമിയോ ബെക്കാം, വിൻസന്റ് എയ്ഞ്ചലിനി. ബ്രൈറ്റൺ: ജാമി മുളിൻസ്, യാസിൻ അയാരി. ലെസ്റ്റർ: വിക്റ്റർ ക്രിസ്റ്റ്യൻസൺ, ടെറ്റെ, നഥാൻ ഒപോകു. ക്രിസ്റ്റൽ പാലസ്: നവോറിയോ അഹാമദ, ആൽബർട്ട് സാംബി ലോകോംഗ. ബ്യൂൺമൗത്ത്: ഡാരൻ റാൻഡോൾഫ്, അന്റോയിൻ സെമെനിയോ, മാറ്റിയാസ് വിന, ഇല്ലിയ സബർണി, ഹേമഡ് ജൂനിയർ ട്രോർ
വാങ്ങിക്കൂട്ടി ചെൽസി
അമേരിക്കൻ നിക്ഷേപകൻ ടോഡ് ബീലി കഴിഞ്ഞ മേയിൽ വൻതുക നൽകി വാങ്ങിയ ചെൽസി മാത്രം 28.8 കോടി പൗണ്ടാണ് പുതിയ താരങ്ങൾക്കായി ചെലവിട്ടത്. മറ്റു ടീമുകളും വലവീശി മുന്നിലുണ്ടായിരുന്നെങ്കിലും ആരും ഇത്രത്തോളം പണമെറിഞ്ഞിട്ടില്ല. എൻസോ ഫെർണാണ്ടസ് അടക്കം എട്ടുപേരെ ചെൽസി വാങ്ങി. നെതർലൻഡ്സിലെ പി.എസ്.വിയിൽനിന്ന് ഡച്ച് താരം കോഡി ഗാക്പോയെ പിടിച്ച് ലിവർപൂൾ പലരെയും വിട്ടുനൽകിയപ്പോൾ മറ്റു ചില ക്ലബുകൾ ആരെയും എടുത്തില്ല.
ക്ഷാമം തീർത്ത് യുനൈറ്റഡ്
സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ പരിക്കേറ്റ് പുറത്തായതോടെ ബയേൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്സറെ വായ്പയിൽ സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. നെതർലൻഡ്സ് സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റിന്റെ വായ്പാനടപടികളും പൂർത്തിയാക്കിയിട്ടുണ്ട് യുനൈറ്റഡ്.
വായ്പയിൽ വീഴ്ച; ഹകീം സിയേഷിനെ പി.എസ്.ജിയിൽ എത്തിക്കുന്നതിന് തടസ്സമായത് രേഖകൾ ഹാജരാക്കുന്നതിലെ വീഴ്ച
പാരിസ്: മൊറോക്കോയുടെ ലോകകപ്പ് ഹീറോയായ വിങ്ങർ ഹകീം സിയേഷിനെ വായ്പയിൽ കൈമാറുന്നതിന് ചെൽസി ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജെർമെയ്നും തമ്മിൽ ധാരണയിലെത്തിയിരുന്നെങ്കിലും നടപ്പായില്ല. ഫിഫ മാനദണ്ഡപ്രകാരം സിയേഷിന് രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് യഥാസമയം അയക്കുന്നതിൽ പരാജയപ്പെട്ടതാണ് കാരണം. ഇക്കാര്യത്തിൽ ആവശ്യമായ രേഖകൾ ഉണ്ടെന്നും ചെൽസിയിൽനിന്ന് 29കാരന്റെ വായ്പാ കരാർ അംഗീകരിക്കാൻ പി.എസ്.ജി ഫ്രഞ്ച് ലീഗിനോട് ആവശ്യപ്പെട്ടതായും ക്ലബുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ പരിശോധന കഴിഞ്ഞ സിയേഷുമായി കൂടുമാറ്റം ജാലകം അടക്കുന്നതിന് തൊട്ടുമുമ്പെങ്കിലും കരാറൊപ്പിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവിലെ സീസൺ കഴിയുന്നതുവരെ വായ്പയിൽ കളിപ്പിക്കാനായിരുന്നു ധാരണ.
സ്പെയിനിലും ഇറ്റലിയിലും മാന്ദ്യം
ബാഴ്സലോണ/റോം: സ്പെയിനിലെയും ഇറ്റലിയിലെയും ക്ലബുകൾ താരതമ്യേന കുറഞ്ഞ തുകയാണ് ശീതകാല കൂടുമാറ്റ വിപണിയിൽ ചെലവഴിച്ചത്. സ്പാനിഷ് ലാ ലിഗ വമ്പന്മാരായ റയൽ മഡ്രിഡ്, പ്രതീക്ഷിച്ചപോലെ ഇടക്കാല കൂടുമാറ്റങ്ങൾക്ക് നിന്നില്ല. ബാഴ്സലോണയാവട്ടെ താരങ്ങളെ കൊണ്ടുവരുന്നതിനു പകരം പിടിച്ചുനിർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കൗമാര താരം ഗാവിയുമായി ഫസ്റ്റ് ടീം കരാർ ഒപ്പിട്ടും ബാഴ്സ. ഇത് 18കാരന്റെ വേനൽക്കാല കൂടുമാറ്റം തടയും. സ്പാനിഷ് ക്ലബുകൾ ശീതകാല വിപണിയിൽ ആകെ ചെലവഴിച്ച് 30 ദശലക്ഷം ഡോളറാണ്.
2006നുശേഷം സീരി എ ക്ലബുകൾ ഏറ്റവും കുറഞ്ഞ തുക (30.89 ദശലക്ഷം ഡോളർ) ചെലവഴിച്ച കാലമാണിത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ വായ്പയിലായിരുന്ന ചെക് റിപ്പബ്ലിക്കിന്റെ അന്റോണിൻ ബരാക്കിനെ 9.24 ദശലക്ഷം ഡോളർ നൽകി സ്ഥിരപ്പെടുത്തി ഫിയോറന്റീന. നാപോളി, ഇന്റർ മിലാൻ, യുവന്റസ്, അറ്റ്ലാന്റ ടീമുകളൊന്നും പുതിയ താരങ്ങളെ എടുത്തില്ല. ഡിഫൻഡർ ലൂക പെല്ലെഗ്രിനി വായ്പാ അടിസ്ഥാനത്തിൽ ലാസിയോയിൽ ചേർന്നു.
പിടിച്ചുനിന്ന് ഫ്രാൻസും ജർമനിയും
പാരിസ്/ബർലിൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾ കഴിഞ്ഞാൽ ഫ്രഞ്ച് ലീഗ് വൺ ക്ലബുകളാണ് ശീതകാല കൂടുമാറ്റവിപണിയിൽ കൂടുതൽ പണം ചെലവഴിച്ചത്- 128 ദശലക്ഷം ഡോളർ. മൊറോക്കോ താരം ഹകീം സിയേഷിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽനിന്ന് വായ്പയിൽ എത്തിക്കാനുള്ള പി.എസ്.ജി നീക്കം നടന്നില്ല. നൈജീരിയൻ സ്ട്രൈക്കർ ടെറം മോഫി ലീഗ് വൺ ക്ലബായ നീസിലെത്തി. ബുണ്ടസ് ലിഗയിൽ ജർമൻ ക്ലബുകൾ ചെലവഴിച്ചതാവട്ടെ 74 ദശലക്ഷം ഡോളറും. പോർചുഗൽ ഡിഫൻഡർ യാവോ കാൻസലോയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബയേൺ മ്യൂണിക്കിലെത്തിച്ചതാണ് ശ്രദ്ധേയം. മുൻ ജർമൻ അന്താരാഷ്ട്ര താരം ഫിലിപ് മാക്സിനെ എൻട്രായ്റ്റ് ഫ്രാങ്ക്ഫുർട്ടും തോർഗൻ ഹസാർഡിനെ പി.എസ്.വിയും ടീമിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

