വല വിരിച്ച് ക്ലബുകൾ; യൂറോപ്പിൽ താരക്കൈമാറ്റം സജീവം
text_fieldsേഫ്ലാറിയൻ വിർട്സ്
ലണ്ടൻ: പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയെടുത്ത ജനപ്രീതിയെ വെല്ലാൻ ടീമുകളുടെ എണ്ണവും കളികളും കൂട്ടി ക്ലബ് ലോക ഫുട്ബാൾ അമേരിക്കൻ വേദികളിൽ ആഘോഷം തീർക്കുന്നതിനിടെ യൂറോപ്പിനെ ആവേശത്തിലാഴ്ത്തി താരക്കൈമാറ്റ വിപണി. പ്രീമിയർ ലീഗിൽ ഇതിനകം തുടക്കമായ താരക്കൈമാറ്റം യൂറോപ്പിലെ മറ്റു രാജ്യങ്ങളിൽ ജൂലൈ ഒന്നോടെയാണ് ആരംഭിക്കുക.
റെക്കോഡ് തുകക്ക് േഫ്ലാറിയൻ വിർട്സിനെ ടീമിലെത്തിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ തുടക്കമിട്ട പണമെറിയൽ മറ്റു ടീമുകളും തുടരുകയാണ്. ബ്രിട്ടീഷ് ഫുട്ബാളിലെ ഏറ്റവും ഉയർന്ന തുകയായ 15.7 കോടി ഡോളർ (1358 കോടി രൂപ) നൽകിയാണ് ബുണ്ടസ് ലിഗ ക്ലബായ ബയേർ ലെവർകൂസനിൽനിന്ന് വിർട്സിനെ ടീം സ്വന്തമാക്കുന്നത്. ലെവർകൂസനിലെ സഹതാരം ഫ്രിംപോങ്, ഗോൾകീപ്പർ അർമിൻ പെഷി എന്നിവരെ ലിവർപൂൾ നേരത്തേ ടീമിലെത്തിച്ചിട്ടുണ്ട്.
ചെമ്പടക്കൊപ്പമായിരുന്ന ജാരെൽ ക്വാൻസാഹ് തിരിച്ച് ലെവർകൂസനിലെത്തിയിട്ടുണ്ട്. ക്രിസ്റ്റൽ പാലസ് ക്യാപ്റ്റൻ മാർക് ഗുവേഹിയാകും ക്വാൻസാഹിന് പകരക്കാരനെന്നാണ് സൂചന. മറ്റൊരു ലിവർപൂൾ താരമായ ഡാർവിൻ നൂനസ് സീരി ക്ലബായ നാപ്പോളിയിലേക്കും മാറിയേക്കും. ലിവർപൂളിൽ ഹാർവി എലിയട്സ്, ആൻഡി റോബർട്സൺ എന്നിവരുടെ മാറ്റവും വാർത്തയാണെങ്കിൽ ന്യൂകാസിൽ സൂപ്പർ താരം അലക്സാണ്ടർ ഇസാക് കൂടുമാറുമെന്നും അഭ്യൂഹം സജീവം. മാഞ്ചസ്റ്റർ യുനൈറ്റഡ് വിങ്ങർ സാഞ്ചോക്കായും നാപോളി വല വിരിച്ചിട്ടുണ്ട്.
ലാ ലിഗയിൽ ഇളമുറ താരം ലമീൻ യമാലിന്റെ കരുത്തിൽ കിരീടം മാറോടുചേർത്ത ബാഴ്സലോണ അത്ലറ്റിക് ക്ലബ് വിങ്ങറും യമാലിന്റെ കൂട്ടുകാരനുമായ നിക്കൊ വില്യംസിനായി നോട്ടമിട്ടിട്ടുണ്ട്. സീരി എയിൽ ലിയോണിനായി പന്തുതട്ടുന്ന 20കാരനായ ബെൽജിയം താരം മാലിക് ഫൊഫാനയെ ടീമിലെത്തിക്കാൻ ചെൽസി, ന്യൂകാസിൽ, ടോട്ടൻഹാം തുടങ്ങിയ ക്ലബുകൾ രംഗത്തുണ്ട്. സ്പാനിഷ് വിങ്ങർ യെറമെയ് ഹെർണാണ്ടസിനായും നിരവധിപേർ താൽപര്യം കാട്ടിയതായും റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

