Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോ കപ്പ്:​...

യൂറോ കപ്പ്:​ പ്രീക്വാർട്ടറിൽ സംഭവിക്കാൻ സാധ്യതയുള്ള അഞ്ച്​ കാര്യങ്ങൾ ഇതാണ്​

text_fields
bookmark_border
യൂറോ കപ്പ്:​ പ്രീക്വാർട്ടറിൽ സംഭവിക്കാൻ സാധ്യതയുള്ള അഞ്ച്​ കാര്യങ്ങൾ ഇതാണ്​
cancel

ആവേശകരമായ ഗ്രൂപ്പ്​ ഘട്ടം പിന്നിട്ടതിന്​ പിന്നാലെ യൂറോ കപ്പ്​ പ്രീക്വാർട്ടർ മത്സരം തുടങ്ങാൻ പോകുകയാണ്​. പ്രീക്വാർട്ടർ മത്സരങ്ങളിൽ പ്രതീക്ഷിക്കാവുന്ന അഞ്ച്​ കാര്യങ്ങൾ പങ്കുവെക്കുകയാണ്​ ചുവടെ.

ഇംഗ്ലണ്ടി​െൻറ ഹാരി കെയ്​ൻ ഗോൾ വരൾച്ചക്ക്​ അറുതി വരുത്തും


ഇംഗ്ലണ്ട്​ നായകൻ ഹാരി കെയ്​നി​െൻറ ഫോം ഗ്രൂപ്പ്​ ഘട്ടത്തിൽ വൻ ചർച്ചയായിരുന്നു. കഴിഞ്ഞ സീസണിൽ ടോട്ടൻഹാമിനായി 40 മത്സരങ്ങളിൽ നിന്ന്​ 33 തവണ സ്​കോർ ചെയ്​ത കെയ്​ന്​ പക്ഷേ അതേ ഫോം ദേശീയ ജഴ്​സിയിൽ തുടരാൻ സാധിച്ചിരുന്നില്ല. ഗ്രൂപ്പ്​ ഘട്ടത്തിൽ ഗോൾവല ലക്ഷ്യമാക്കി ഒരു ഷോട്ട്​ മാത്രമാണ്​ കെയ്​നിന്​ തൊടുക്കാൻ സാധിച്ചത്​.

എന്നാൽ പ്രീക്വാർട്ടറിൽ എത്തുന്നതോടെ കഥ മാറുമെന്ന്​ പ്രതീക്ഷിക്കാം. ചൊവ്വാഴ്​ച വെംബ്ലി സ്​റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ശക്​തരായ ജർമനിയാണ്​ ഇംഗ്ലണ്ടി​െൻറ എതിരാളികൾ. പ്രതിരോധത്തിൽ പാളിച്ചകൾ നേരിട്ട ജർമന പട മൂന്ന്​ മത്സരങ്ങളിൽ നിന്ന്​ വഴങ്ങിയത്​ അഞ്ച്​ ഗോളാണ്​. 1996ൽ ഇതേ വേദിയിൽ ജർമനിയോട്​ നാണം കെട്ട ചരിത്രവും ഇംഗ്ലണ്ടിനുണ്ട്​. അതേ വിധി മറികടക്കാൻ കെയ്​ൻ ഫോമിലായേ മതിയാകൂ.

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ അന്താരാഷ്​ട്ര കരിയറിന്​ അന്ത്യം കുറിക്കാൻ ബെൽജിയം


സ്​പെയിനിന്​ ശേഷം (2012) യൂറോ കപ്പ്​ നിലനിർത്തുന്ന ആദ്യ ടീമാകാൻ ഒരുങ്ങിയാണ്​ പോർചുഗലി​െൻറ വരവ്​. മരണഗ്രൂപ്പിൽ ജർമനിക്കും ഫ്രാൻസിനുമൊപ്പം പന്തുതട്ടി അവർ പ്രീക്വാർട്ടറിലെത്തി നിൽക്കുകയാണ്​. അഞ്ചാം യൂറോ കപ്പിൽ പന്തുതട്ടുന്ന സുപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോ തന്നെയാണ്​ പറങ്കിപ്പടയുടെ തുറുപ്പു ചീട്ട്​. മുന്ന്​ മത്സരങ്ങളിൽ നിന്ന്​ അഞ്ച്​ ഗോളുകളുമായി താരം മികച്ച ഫോമിലുമാണ്​.

അന്താരാഷ്​ട്ര ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഇറാനി​െൻറ അലി ദേയിയുടെ (109) റെക്കോഡിനൊപ്പമുള്ള താരം ഒരു ഗോൾ കൂടി നേടി ചരിത്രം രചിക്കാനുളള പുറപ്പാടിലാണ്​. എന്നാൽ പ്രീക്വാർട്ടറിൽ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയമാണ്​ പോർചുഗലി​െൻറ എതിരാളി. സുവർണ തലമുറയു​ടെ കരുത്തിൽ യൂറോ കിരീടം ലക്ഷ്യമിടുന്ന ബെൽജിയത്തെ മറികടക്കൽ അവർക്ക്​ അത്ര എളുപ്പമാകില്ല. ഒരു പക്ഷേ റൊമേലു ലുക്കാക്കു, കെവിൻ ഡിബ്രൂയിൻ അടക്കമുള്ള ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ബെൽജിയം റൊണാൾഡോയുടെ അന്താരാഷ്​ട്ര കരിയറിന്​ തിരശീലയിടുന്നതും പ്രീക്വാർട്ടർ മത്സരങ്ങളിൽ നമുക്ക്​ കാണാൻ സാധിച്ചേക്കും.

കരീം ബെൻസേമ ഫ്രാൻസി​െൻറ ഹീറോയാകും


ഫ്രാൻസി​െൻറ യുവ സൂപ്പർ താരം കിലിയൻ എംബാപ്പെ ലോകകപ്പ്​ വിജയത്തി​െൻറ ചുവടുപിടിച്ച്​ യൂറോയിലും ഫ്രഞ്ച്​ പടയുടെ തേരാളിയാകുമെന്നായിരുന്നു ഏവരുടെയും ധാരണ​. ഗ്രൂപ്പ്​ മത്സരങ്ങളിൽ പി.എസ്​.ജി താരത്തിന്​ ഇതുവരെ സ്​കോർ ചെയ്യാനായിട്ടില്ല. എന്നാൽ ആറ്​ വർഷം ദേശീയ ടീമിന്​ പുറത്തിരുന്ന അപ്രതീക്ഷിതമായി മടങ്ങിയെത്തിയ കരീം ബെൻസേമയാണെങ്കിൽ ഒടുക്കത്തെ ഫോമിലുമാണ്​. അവസാന ഗ്രൂപ്പ്​ മത്സരത്തിൽ നിലവിലെ ജേതാക്കളായ ​പോർചുഗലിനെതിരെ രണ്ട​ുതവണയാണ്​ റയൽ മഡ്രിഡ്​ താരം സ്​കോർ ചെയ്​തത്​.

കഴിഞ്ഞ സീസണിൽ റയലിനായി പുറത്തെടുത്ത ഫോം (46 മത്സരങ്ങളിൽ നിന്ന്​ 30 ഗോൾ) തുടരുകയാണെങ്കിൽ വരും മത്സരങ്ങളിൽ ബെൻസേമ തന്നെയാകും ഫ്രാൻസി​െൻറ ഹീറോ. സ്വിറ്റ്​സർലൻഡാണ്​ പ്രീക്വാർട്ടറിൽ ഫ്രാൻസി​െൻറ എതിരാളി.

സ്​പെയിനിന്​ തലവേദനയാകാൻ മോഡ്രിച്​


കായികക്ഷമതയില്ലെന്ന കാരണം പറഞ്ഞ്​ റയൽ മഡ്രിഡ്​ താരങ്ങളായ സെർജിയോ റാ​മോസിനെയും നാചോയെയും സ്​പെയിൻ കോച്ച്​ ലൂയി എൻറിക്വെ ടീമിലെടുത്തിരുന്നില്ല. എന്നാൽ റയലി​െൻറ തന്നെ താരമായ ലുക്ക മോഡ്രിച്ചാകും പ്രീക്വാർട്ടറിൽ സ്​പെയിനിന്​ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക. ലോകകപ്പ്​ റണ്ണറപ്പുകളായ ക്രൊയേഷ്യയാണ്​ പ്രീക്വാർട്ടറിൽ സ്​പാനിഷ്​ പടയുടെ എതിരാളികൾ.

മിന്നുള്ള ഫോമിലുള്ള വെറ്ററൻ മിഡ്​ഫീൽഡറാണ്​ ക്രെയേഷ്യയുടെ പ്രയാണത്തിന്​ ചുക്കാൻ പിടിക്കുന്നത്​. ഒമ്പത്​ വർഷമായി സ്​പെയിനിൽ പന്തുതട്ടുന്ന മോഡ്രിച്ചിന്​ രാജ്യത്തി​െൻറ കളിശൈലിയെ കുറിച്ചും സ്​പാനിഷ്​ സ്​ക്വാഡി​െന കുറിച്ചും വ്യക്തമായി അറിയാം. പ്രീക്വാർട്ടറിൽ മോഡ്രിച്​ അത്ഭുതങ്ങൾ കാണിച്ചാൽ റയൽ താരങ്ങളെ തഴഞ്ഞതിൽ എൻറിക്വെ പരിതപിക്കുന്നത്​ നമുക്ക്​ കാണാനാകും.

ഇറ്റലിയെ കാത്ത്​ കൂടുതൽ റെക്കോഡുകൾ


ഗ്രൂപ്പ്​ ഘട്ടത്തിലെ മൂന്നിൽ മൂന്ന്​ ജയിച്ച്​ രാജകീയമായിട്ടാണ്​ ഇറ്റലി ​പ്രീക്വാർട്ടറിലേക്ക്​ മുന്നേറിയത്​. ശനിയാഴ്​ച രാത്രി വെംബ്ലി സ്​റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഓസ്​ട്രിയയാണ്​ എതിരാളികൾ. കോച്ച്​ റോബർ​ട്ടോ മാൻസീനിയുടെ ശിക്ഷണത്തിൽ 30 മത്സരങ്ങളിൽ പരാജയപ്പെടാതെ കുതിക്കുന്ന അസൂറിപ്പട 1930കളിലുള്ള റെക്കോഡിനെപ്പമാണിപ്പോൾ.

കഴിഞ്ഞ 11 മത്സരങ്ങളിൽ അതായത്​ 1055 മിനിറ്റ്​ ഇറ്റലി ഗോൾ വഴങ്ങിയിട്ടില്ല. പ്രീക്വാർട്ടറിൽ ഓസ്​ട്രിയ ഗോൾ നേടുന്നതിൽ പരാജയപ്പെട്ടാൽ ഇത്​ 1143 ആയി ഉയരും. അതും റെക്കോഡാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballeuro 2020Euro Copa
News Summary - Five things to expect in Euro 2020 Last-16 matches
Next Story