ഫൈനൽ സെമി; ക്ലബ് ലോകകപ്പിൽ ഇന്ന് റയൽ മഡ്രിഡ് Vs പി.എസ്.ജി
text_fieldsന്യൂ ജഴ്സി (യു.എസ്): ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ രണ്ട് യൂറോപ്യൻ ശക്തികൾ ബുധനാഴ്ച നേർക്കുനേർ. മുൻ ചാമ്പ്യന്മാരും സ്പാനിഷ് വമ്പന്മാരുമായ റയൽ മഡ്രിഡിനെ രണ്ടാം സെമി ഫൈനലിൽ നേരിടുന്നത് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെന്റ് ജെർമെയ്നാണ്. ഫ്രാൻസിലെയും യൂറോപ്പിലെയും നമ്പർ വൺ കിരീടങ്ങൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുന്ന പി.എസ്.ജിക്ക് ക്ലബ് ലോകകപ്പ് ട്രോഫി കൂടിയാണ് ബാക്കി. ലാ ലിഗയിൽ രണ്ടാമതാവുകയും ചാമ്പ്യൻസ് ലീഗിൽ നേരത്തേ മടങ്ങുകയും ചെയ്ത റയലിനെ സംബന്ധിച്ച് ഒരു കപ്പ് അനിവാര്യവും. ഇന്ത്യൻ സമയം അർധരാത്രി 12.30ന് ഈസ്റ്റ് റഥർഫോഡ് മെറ്റ് ലൈഫ് സ്റ്റേഡിയത്തിലാണ് കളി.
ദീർഘകാലം പി.എസ്.ജി താരമായിരുന്ന ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തന്റെ മുൻ ക്ലബിനെതിരെ ആദ്യമായി ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ സെമിക്കുണ്ട്. ഏതാനും ദിവസം മുമ്പ് ലയണൽ മെസ്സിക്കും സമാന അനുഭവമുണ്ടായിരുന്നു. പ്രീക്വാർട്ടറിൽ ഇന്റർ മയാമി ജഴ്സിയിൽ പി.എസ്.ജിക്കെതിരെ കളിച്ച മെസ്സിക്ക് പക്ഷേ, ജയിക്കാനായില്ല. പുതിയ യൂറോപ്യൻ സൂപ്പർ പവറുകളായ പാരിസ് സംഘം രാജകീയ യാത്രയാണ് ക്ലബ് ലോകകപ്പിൽ നടത്തിയത്.
പ്രാഥമിക റൗണ്ടിൽ ബൊട്ടഫോഗയോട് തോറ്റത് മറന്നാൽ ക്വാർട്ടർ ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് മറിച്ചിട്ടത് സാക്ഷാൽ ബയേൺ മ്യൂണിക്കിനെ. ഉസ്മാൻ ഡെംബലും ഡിസയർ ഡൗവും നയിക്കുന്ന ആക്രമണത്തെ പിടിച്ചുകെട്ടാൻ റയൽ ഡിഫൻഡർമാർ നന്നായി പണിയെടുക്കേണ്ടിവരും. ക്രോസ് ബാറിന് കീഴിൽ ഡോണറുമ്മയെ കീഴ്പ്പെടുത്താനും പ്രയാസമാണ്. എംബാപ്പെയടക്കം ഉജ്ജ്വല ഫോമിൽ കളിക്കുന്നതാണ് പുതിയ പരിശീലകൻ സാബി അലോൺസോയുടെ പ്രതീക്ഷയേറ്റുന്നത്.
വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിങ്ഹാമും റോഡ്രിഗോയും ലൂക മോഡ്രിച്ചും ആർദ ഗ്യൂലറുമടക്കം അണിനിരക്കുന്ന സംഘം കടലാസിലെ കരുത്ത് കളത്തിൽ പുറത്തെടുത്താൽ കളി മാറും. പ്രീക്വാർട്ടറിൽ യുവന്റസിനെയും ക്വാർട്ടറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെയും തോൽപിച്ചെത്തിയാണ് 2022ന് ശേഷം ഒരിക്കൽക്കൂടി റയൽ ഫൈനൽ തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

