ഫുട്ബോൾ ലോകകപ്പിന് ഇനി 50 നാൾ
text_fieldsകാൽപ്പന്തുകളിയുടെ മഹാമേളക്ക് ജൂൺ 11ന് പന്തുരുണ്ടുതുടങ്ങും. 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ഫിഫ ലോകകപ്പെന്ന പ്രത്യേകതയുണ്ട് ഇതിന്. യു.എസിലെയും കാനഡയിലെയും മെക്സിക്കോയിലെയും മൈതാനങ്ങൾ ആഗോളാരവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോൾ ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ആവേശത്തിലാണ് നാല് രാജ്യങ്ങൾ. ഉസ്ബകിസ്താൻ, ജോർഡൻ, കേപ് വെർഡെ, കുറസാവോ എന്നിവയാണവ.
ജോർ ജോർ ജോർഡൻ
നാല് പതിറ്റാണ്ട് നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ജോർഡന്റെ ലോകകപ്പ് പ്രവേശനം. ഫിഫ റാങ്കിങ്ങിൽ 63ാം സ്ഥാനക്കാരായ ടീം ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് ബി-യിൽ ഒമാനെതിരായ 3-0 ജയത്തോടെ ദക്ഷിണ കൊറിയക്ക് പിന്നിൽ രണ്ടാമതായാണ് കടന്നത്. കൊറിയയെയടക്കം അട്ടിമറിച്ച് 2023ലെ എ.എഫ്.സി ഏഷ്യൻ കപ്പ് ഫൈനലിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ഫൈനലിൽ പക്ഷേ ഖത്തറിനോട് തോറ്റു. അർജന്റീന, അൽജീരിയ, ഓസ്ട്രിയ ടീമുകളടങ്ങിയ ഗ്രൂപ് ജെ-യിലാണ് ജോർഡൻ ലോകകപ്പ് കളിക്കുക.
മധ്യേഷ്യൻ ഉസ്ബക്
ലോകകപ്പിന് യോഗ്യത നേടിയ ആദ്യ മധ്യേഷ്യൻ രാജ്യമാണ് ഉസ്ബകിസ്താൻ. 2006ലും 14ലും 18ലും തലനാരിഴക്കാണ് ടിക്കറ്റ് നഷ്ടമായത്. ഏഷ്യൻ യോഗ്യത റൗണ്ട് ഗ്രൂപ് എ-യിൽ യു.എ.ഇയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇറാന് പിന്നിൽ രണ്ടാംസ്ഥാനക്കാരായായിരുന്നു പ്രവേശനം. 2025ലെ കാഫ നാഷൻസ് കപ്പ് ജേതാക്കളാണ് ഉസ്ബകിസ്താൻ. 1994ലെ ഏഷ്യൻ ഗെയിംസിൽ സ്വർണവും നേടി. 2011ലെ ഏഷ്യൻ കപ്പ് സെമി ഫൈനലിസ്റ്റുകളുമായിരുന്നു. ലോകകപ്പ് ഗ്രൂപ് എൽ-ൽ പോർചുഗൽ, ഡി.ആർ കോംഗോ, കൊളംബിയ ടീമുകൾക്കൊപ്പമാണിവർ.
വെറുതെയല്ല കേപ് വെർഡെ
ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള 10 ദ്വീപുകളുടെ അഗ്നിപർവത സമൂഹമാണ് കേപ് വെർഡെ. ആഫ്രിക്കൻ യോഗ്യത റൗണ്ടിലെ ഗ്രൂപ് ഡി-യിൽ കരുത്തരായ കാമറൂണിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ഇവർ ലോകകപ്പിന് ടിക്കറ്റെടുത്തു. 5,25,000 ജനസംഖ്യയുള്ള കേപ് വെർഡെ, ലോകകപ്പിന് യോഗ്യത നേടുന്ന ജനസംഖ്യയിൽ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമാണ്. യോഗ്യത റൗണ്ടിൽ ഇസ്വാറ്റിനി 3-0ത്തിന് പരാജയപ്പെടുത്തിയതോടെയാണ് ഇവരുടെ സ്വപ്നം യാഥാർഥ്യമായത്. സ്പെയിൻ, സൗദി അറേബ്യ, ഉറുഗ്വായ് ടീമുകളടങ്ങിയ ഗ്രൂപ് എച്ച്-ലാണ് കേപ് വെർഡെ ലോകകപ്പ് കളിക്കുക.
കുഞ്ഞൻ കുറാസാവോ
വെറും 1,56,000 ജനസംഖ്യയുള്ള കരീബിയൻ ദ്വീപായ കുറാസാവോ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ചരിത്രത്തിലിടം പിടിച്ചു. കോൺകകാഫ് മേഖലയിലെ വമ്പൻ രാജ്യങ്ങൾ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത് ഫിഫ റാങ്കിങ്ങിൽ നിലവിൽ 82ാം സ്ഥാനക്കാരായ ഇവർക്ക് ഗുണകരമായി.ജമൈക്കയെ ഗോൾരഹിത സമനിലയിൽ തളച്ചായിരുന്നു പ്രവേശനം. ജർമനി, എക്വഡോർ, ഐവറി കോസ്റ്റ് ടീമുകളടങ്ങിയ ഗ്രൂപ് ഇ-യിൽ ലോകകപ്പ് കളിക്കും കുറാസാവോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

