‘ഷിയാ - സുന്നി’ അങ്കം മുതൽ ക്വാർട്ടറിലെ മെസ്സി - റൊണാൾഡോ പോര് വരെ; അടിമുടി ആവേശം നിറച്ച് ലോകകപ്പ് ഗ്രൂപ്പ് ചിത്രം
text_fields2026 ഫിഫ ലോകകപ്പ്, അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് രാജ്യങ്ങൾ ആതിഥേയരാവുന്ന വിശ്വകാല്പന്തുത്സവം. മുൻപ് ഇങ്ങനെയൊന്ന് നടന്നിട്ടില്ല. ഏകദേശം ലോകത്തെ നാലിലൊന്ന് രാജ്യങ്ങളും പങ്കെടുക്കുന്ന (48) ആദ്യ ലോകകപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ടല്ലോ.
800 കോടിയോളം മനുഷ്യർ ഭൂമിയിലുണ്ടത്രേ! അനൗദ്യോഗിക കണക്കാട്ടോ. പലരീതിയിൽ വിഭജിക്കപ്പെട്ട് നിൽക്കുന്നവർ. വേറിടാൻ കിട്ടിയ ഓരോ സ്പോട്ടിലും സമയത്തും കിടങ്ങ് കുഴിക്കുന്നവര്.
ലോകത്ത് മനുഷ്യരുള്ള എല്ലാ മൂലകളും ആഘോഷിക്കുന്ന പെരുന്നാൾ എന്ന നിലയിൽ ലോകകപ്പ് ഫുട്ബാളിന് ഏറെ പ്രാധാന്യമുണ്ട്. അവിടെ പക്ഷെ മനുഷ്യർ പരമാവധി ഒന്നാവുന്നുണ്ട്. ആ രാഷ്ട്രീയം വളരെ വലിയ രാഷ്ട്രീയ ചർച്ചയാണ്. അതുകൊണ്ടാണ് ഇന്നലെ ലോകകപ്പ് ടീമുകളുടെ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് ലോകം മുഴുവൻ കാത്തിരുന്ന് കണ്ടത്. ലോകകപ്പിൽ പങ്കാളിത്തം ഇല്ലാത്ത മേഖലയിൽ നിന്നാണ് കൂടുതൽ ആളുകൾ കാഴ്ച്ചക്കാരായത്.
ടീമുകൾ ഗ്രൂപ്പുകളായി തിരിഞ്ഞതോടെ ചിത്രം പാടെ മാറി. ചരിത്രവും ഓർമ്മകളും പ്രതികാരവും പ്രത്യയശാസ്ത്രവും ചർച്ചകളിലേക്ക് കയറി. സത്യത്തിൽ അതൊക്കെ മീഡിയ സൃഷ്ടിക്കുന്ന ‘കളിയാണ്’.
നമുക്ക് ഗ്രൂപ്പുകളിലൂടെ സഞ്ചരിച്ചു നോക്കാം.
ആ ‘കളി’ അൽജീരിയ മറന്നിട്ടില്ല
1982 ലോകകപ്പിലാണ്. പശ്ചിമ ജർമനിയും ഓസ്‌ട്രിയയും ഒത്തുകളിച്ചു തങ്ങളെ പുറത്താക്കി എന്ന് അൽജീരിയ ഫിഫക്ക് പരാതി നൽകി. ഫലമൊന്നുമുണ്ടായില്ല. അയൽക്കാരും സുഹൃത്തുക്കളുമായ പശ്ചിമ ജർമനിയെ അന്ന് പുറത്താവലിൽ നിന്ന് ഓസ്‌ട്രിയ രക്ഷിക്കുകയായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ പശ്ചിമ ജർമനിയെ ഗോളടിക്കാൻ അനുവദിച്ച ശേഷം ഇരു ടീമുകളും നടന്നുകളിക്കുകയായിരുന്നുവത്രേ! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയും അൽജീരിയയും ഗ്രൂപ്പ് ‘ജെ’യിൽ മുഖാമുഖം വരുന്നു.
മെസ്സി - റൊണാൾഡോ
ഗ്രൂപ്പ് റൗണ്ടിൽ നിന്ന് ഒന്നാംസ്ഥാനക്കാരായി അർജന്റീനയും പോർച്ചുഗലും മുന്നേറുകയും ഇരുടീമുകളും റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16 എന്നിവ കൂടി കടന്നാൽ ക്വാർട്ടറിൽ മെസ്സി - റൊണാൾഡോ പോരാട്ടം.
സ്പെയിനും ഉറുഗ്വെയും
രണ്ട് മുൻ ലോകചാമ്പ്യന്മാർ ഉൾപ്പെട്ട ഒരേയൊരു ഗ്രൂപ്പേ ഇത്തവണയുള്ളൂ. സ്പെയിനും ഉറുഗ്വെയും ഗ്രൂപ്പ് എച്ച് ഇൽ.
ജർമനി ഐവറികോസ്റ്റിനോട് കളിക്കാൻ പാടില്ല
അടുത്ത മാർച്ചിൽ ജർമനി ഐവറികോസ്റ്റിനോട് ഒരു സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടൻ തീരുമാനിച്ചിരുന്നു. എന്നാൽ, ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ ഇരുടീമുകളും ഗ്രൂപ്പ് ഇ യിൽ. ഇനി ആ കളി നടക്കില്ല. ഒരേ ഗ്രൂപ്പിലെ ടീമുകൾ തമ്മിൽ ലോകകപ്പിന് മുൻപ് സൗഹൃദ മത്സരം പാടില്ലെന്നാണ് ഫിഫ ചട്ടം.
എംബാപ്പെ - ഹാലൻഡ്
വർത്തമാന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ട് ഗോൾ വേട്ടക്കാർ ഗ്രൂപ്പ് റൗണ്ടിൽ നേർക്കുനേർ.
കിലിയൻ എംബാപ്പെ Vs എർലിങ് ഹാലൻഡ്. ഫ്രാൻസും നോർവെയും ഗ്രൂപ്പ് ഐ യിൽ.
ഇതെന്താ സ്ഥിരം ഗ്രൂപ്പോ?
ബ്രസീലും സ്കോട്ലൻഡും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുന്നത് ഇത് അഞ്ചാം തവണ. അർജന്റീനയും നൈജീരിയയും മുൻപ് അഞ്ച് തവണ ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ‘സി’ ഗ്രൂപ്പിന് ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബ്രസീൽ, സ്കോട്ലൻഡ്, മൊറോക്കോ ടീമുകൾ 1998 ലും ഒരേ ഗ്രൂപ്പിലായിരുന്നു.
ഉദ്ഘാടന മത്സരം വീണ്ടും
2010 ലോകകപ്പിൽ ഉദ്ഘാടന മത്സരം കളിച്ചത് ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിൽ. 2026 ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഇവർ തമ്മിൽ തന്നെ.
ഓർമ്മയുണ്ടോ 2002?
ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് 2002ൽ. നിലവിലെ ലോക ജേതാക്കളായ ഫ്രാൻസിനെ ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ സെനഗൽ ഉദ്ഘാടന മത്സരത്തിൽ അട്ടിമറിച്ചു. അതിന് ശേഷം ഫ്രാൻസും സെനഗലും ഒരേ ഗ്രൂപ്പിൽ വരുന്നത് ഇത്തവണ.
‘ഷിയാ - സുന്നി’
നാല് പതിറ്റാണ്ടിലേറെയായി കാര്യമായ നയതന്ത്ര ബന്ധങ്ങൾ ഒന്നുമില്ലാത്ത ഇസ്ലാമിക രാജ്യങ്ങളാണ് ഇറാനും ഈജിപ്‌തും. പ്രത്യയശാസ്ത്ര ഭിന്നതകൾ തന്നെ പ്രധാനകാരണം. ഗ്രൂപ്പ് ജി യിൽ ‘ഷിയാ - സുന്നി’ പോരാട്ടം കാണാം.
മൂന്നാം സ്ഥാനക്കാർക്കും മുന്നേറാം
1994 ലോകകപ്പിന് ശേഷം ഗ്രൂപ്പ് ഘട്ടത്തിൽ മികവ് കാണിച്ച മൂന്നാം സ്ഥാനക്കാരായ ടീമുകൾക്ക് അടുത്ത റൗണ്ടിലേക്ക് പോകാൻ ഇത്തവണ അവസരമുണ്ട്. ഇത്തവണ 48 ൽ 32 ടീമുകളും ഗ്രൂപ്പ് റൗണ്ടിൽ കാലിടറാതെ മുന്നോട്ട് പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

