Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊവാസിച്ചും...

കൊവാസിച്ചും ചാൽഹനൊലുവും ഗോപാലകൃഷ്ണനും!

text_fields
bookmark_border
കൊവാസിച്ചും ചാൽഹനൊലുവും ഗോപാലകൃഷ്ണനും!
cancel

ലോകകപ്പ് തുടങ്ങുമ്പോൾ ആദ്യം പരിക്കേൽക്കുന്നത് കളിക്കാർക്കല്ല. കമന്റേറ്റർമാരുടെയും ആരാധകരുടെയും നാവിനാണ്! Kalidou Koulibaly, Hakan Calhanoglu എന്നിവയെല്ലാം ഉച്ചരിക്കുമ്പോൾ നാവുളുക്കുന്നതിൽ അതിശയമില്ലല്ലോ. വിവിധ ദേശ-ഭാഷാ പാരമ്പര്യങ്ങളിൽനിന്നുള്ള കളിക്കാരെത്തുന്ന ലോകകപ്പ് അങ്ങനെ ലോകഭാഷകളുടെ ഒരു ഓൺലൈൻ കോഴ്സ് കൂടിയാകുന്നു.

അച്ഛന്റെ പേരെന്താ..?

ക്രൊയേഷ്യക്കാരോട് അവരുടെ അച്ഛന്റെ പേരെന്താ എന്നു ചോദിക്കേണ്ടതില്ല. കാരണം, അവരുടെ പേരിൽതന്നെ അതുണ്ട്. മോഡ്രിച്ച്, കൊവാസിച്ച്, പെരിസിച്ച് എന്നിങ്ങനെ ദേശീയ ടീമിൽ ഇച്ചുകാരുടെ മഹാസമ്മേളനമാണ്. സ്ലാവിക് ഭാഷകളിൽ ഇച്ച് പലപ്പോഴും ഇന്നയാളുടെ മകൻ എന്ന അർഥത്തിലാണ് ഉപയോഗിക്കുന്നത്. സ്കാൻഡിനേവിയക്കാർ പേരിനൊപ്പം സൺ എന്നും ഐറിഷുകാരും സ്കോട്ടിഷുകാരും മക് എന്നും അറബികൾ ഇബ്ൻ എന്നും ചേർക്കുന്നപോലെ. കൊവാസിച്ച് എന്നാൽ കൊവാച്ചിന്റെ മകൻ എന്നാണർഥം. ഇനി കൊവാച്ച് എന്നാലോ? ബ്ലാക്ക് സ്മിത്ത് അഥവാ ലോഹപ്പണിക്കാരൻ.

ഇത്തവണ ആദ്യമായി ലോകകപ്പിനു യോഗ്യത നേടിയ ഉസ്ബകിസ്താൻ ടീമിലെ കളിക്കാരുടെ പേരിന്റെ അവസാനത്തെല്ലാം ഓവ് എന്നു കാണാം. അബ്ദുൽ ഖാദിർ ഖുസനോവ്, ജംഷിദ് ഇസ്കന്ദറോവ് എന്നിങ്ങനെ. അവരുടെ സോവിയറ്റ് പാരമ്പര്യത്തിന്റെ തുടർച്ചയാണിത്. ഓവ് എന്നതും കുടുംബപാരമ്പര്യം സൂചിപ്പിക്കുന്ന വാക്കാണ്. മൊറോക്കോക്കാരുടെ പേരും നമുക്കു പരിചയമുള്ളതാണ്. അഷ്റഫ് ഹകീമി, ഹകീം സിയെഷ് എന്നിങ്ങനെ. പക്ഷേ, അവർ എഴുതുന്നത് അങ്ങനെയല്ല. അറേബ്യൻ പാരമ്പര്യത്തിനു പുറമെ ബെർബർ, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളുടെയെല്ലാം സ്വാധീനം അവരുടെ പേരിൽ വേരുപിടിച്ചിട്ടുണ്ട്.

കുഞ്ഞിമോനേ..!

ബ്രസീലുകാരുടെ ലോകമറിയുന്ന പേര് അവരുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരല്ല. വിളിപ്പേരാണ്. പെലെ, ഗരിഞ്ച മുതൽ തുടങ്ങുന്നു അത്. ഇപ്പോഴത്തെ ടീമിലുമുണ്ട് അങ്ങനെയുള്ളവർ. ഇഷ്ടക്കൂടുതൽ ഉള്ളവരെ ഞ്ഞ/ന്യ ചേർത്തു വിളിക്കുന്നത് ബ്രസീലുകാരുടെ പതിവാണ്. മാർക്വിഞ്ഞോസ്, റാഫീഞ്ഞ, ഫാബീഞ്ഞോ ഒക്കെ അങ്ങനെ വന്നതാണ്. നമ്മൾ കുഞ്ഞിമോനേ എന്നൊക്കെ വിളിക്കുമ്പോലെ. റാഫേൽ ഡയസ് ബെലോലി എന്നാണ് റാഫീഞ്ഞയുടെ യഥാർഥ പേര്. ഞ എന്നത് ന്യ എന്നും ഉച്ചരിക്കാറുണ്ട്.

ജോവോയും ഡിയോഗോയും ചേർന്നാൽതന്നെ പോർചുഗൽ ടീമിലെ പകുതി പേരായി. ജോവോ നെവെസ്, ജോവോ ഫെലിക്സ്, ജോവോ കാൻസലോ എന്നിങ്ങനെ ജോവോക്കാർ മൂന്നുപേരുണ്ട്. ജോൺ എന്ന ഇംഗ്ലീഷ് പേരിന്റെ പോർചുഗീസ് വകഭേദമാണ് ജോവോ. അതുപോലെ ഡിയേഗോ എന്ന സ്പാനിഷ് പേരിനു പകരം പോർചുഗീസുകാർക്കുള്ളത് ഡിയോഗോ ആണ്.

ഡിയോഗോ ദാലോത്തും ഡിയോഗോ കോസ്റ്റയുമാണ് ഇപ്പോൾ ടീമിലുള്ള ഡിയോഗോയ്ക്കാർ. ഒരാൾകൂടി ഉണ്ടാവേണ്ടതായിരുന്നു- കാറപടകത്തിൽ മരിച്ചുപോയ ഡിയോഗോ ജോട്ട! പാർക്കും കിമ്മും ലീയും ആയാൽ ദക്ഷിണ കൊറിയക്കാരുടെ പേരും ഏറക്കുറെ തീർന്നു. പേരു കേട്ട് കൺഫ്യൂഷനാവുമ്പോൾ ഇനി മുഖം നോക്കി തിരിച്ചറിയാമെന്നു വെച്ചാലോ അതത്രയും നടക്കില്ല. എല്ലാവരും ഒരുപോലെ. അവിടെയാണ് ജഴ്സി നമ്പറിന്റെ ഗുണം മനസ്സിലാവുക.

പേർഷ്യൻ പരവതാനി

തുർക്കിക്കാരുടെ പേര് പേർഷ്യൻ പരവതാനി പോലെയാണ്. എഴുതുമ്പോൾ അക്ഷരങ്ങളുടെ മുകളിലും താഴെയുമെല്ലാം ഭംഗിയുള്ള വള്ളിയും പുള്ളിയും കാണാം. അതിനെല്ലാം വലിയ ഉച്ചാരണവ്യത്യാസമുണ്ട്. അവരുടെ ക്യാപ്റ്റൻ Hakan Calhanoglu ഹകാൻ ചാൽഹനൊലു ആവുന്നത് അങ്ങനെയാണ്. നോർവേ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവർക്കും അക്ഷരങ്ങളിൽ തൊങ്ങലു ചാർത്തുന്ന ഈ ആർഭാടം ഉണ്ട്.

പല പേരുകളും കാണുമ്പോൾ പക്കാ ഇംഗ്ലീഷ് എന്നു തോന്നുമെങ്കിലും അതങ്ങനെയല്ല എന്നു മനസ്സിലായത് 2014 ലോകകപ്പിലാണ്. ഉറുഗ്വായ്ക്കെതിരെ കൊളംബിയൻ താരം James Rodriguez ബോക്സിനു പുറത്തുനിന്ന് ഇടംകാൽ കൊണ്ട് തൊടുത്ത വോളി വലയിൽ ചെന്നു വീണപ്പോൾ കമന്റേറ്റർമാർ അലറി- ഹാമെസ് റോഡ്രിഗസ്! എഴുത്തും ഉച്ചാരണവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം. ചിപ്പ് ഘടിപ്പിച്ച പന്ത് എന്നു പറഞ്ഞപോലെ നാടിന്റെ ജി.പി.എസ് ഘടിപ്പിച്ചതാണ് നെതർലൻഡ്സുകാരുടെ പേര്. ഇപ്പോഴത്തെ ക്യാപ്റ്റൻ വാൻ ദിക് മുതൽ മുൻതാരങ്ങളായ വാൻ പെർസി, വാൻ നിസ്റ്റൽ റൂയ് എന്നിവരുടെയെല്ലാം പേരിലെ വാനിന്റെ അർഥം ഒന്നാണ്- ഫ്രം! വാൻ പെർസി എന്നുവെച്ചാൽ പെർസിയിൽനിന്നുള്ളവൻ എന്നുതന്നെ അർഥം.

ലോകത്തെ മറ്റേതൊരു രാജ്യക്കാരെയും കുഴപ്പിക്കുന്നതാണ് ഫ്രാൻസുകാരുടെ പേരുകൾ. എഴുതുന്നതിന്റെ പകുതിയേ ഉണ്ടാവാറൂള്ളൂ അവരുടെ പേര് പറയുമ്പോൾ. ദിദിയെ ദെഷാം തന്നെ ഉദാഹരണം. ടീമിൽ ഇപ്പോൾ തനി യൂറോപ്യൻമാർ കുറവാണെങ്കിലും ആശ്വാസത്തിനു വകയില്ല. ആഫ്രിക്കയിലെ ഫ്രഞ്ച് കോളനികൾക്കും നാവിനെ ഡ്രിബ്ൾ ചെയ്യിപ്പിക്കുന്ന സ്വഭാവമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ Aurelien Tchouameni കളിക്കാനിറങ്ങിയപ്പോൾ എത്ര തരത്തിലാണ് ആ പേര് ഉച്ചരിക്കപ്പെട്ടത്! ഒഹെലിയാൻ ചുവമെനി എന്നാണ് ഒരു പരിധിവരെ ശരിയായ ഉച്ചാരണം. ഇവർക്കെല്ലാം എന്താ പെട്ടെന്നു പറയാൻ കഴിയുന്ന പേര് ഇട്ടാൽ എന്നു തോന്നുന്നുണ്ടോ? എങ്കിൽ ഗോപാലകൃഷ്ണൻ, കുഞ്ഞാലിക്കുട്ടി എന്നതെല്ലാം വിദേശികൾ ഉച്ചരിക്കുന്നതൊന്ന് സങ്കൽപിച്ചു നോക്കൂ. ആ സങ്കടമങ്ങു മാറിക്കിട്ടും!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football NewsFootball MatchSports NewsFIFA World Cup 2026
News Summary - Fifa World cup 2026 Special Column
Next Story