എറിക്സണ് മോഹസാഫല്യം; ഖത്തർ ലോകകപ്പിൽ ഡെന്മാർക് ജഴ്സിയിൽ കളിക്കും
text_fieldsകോപൻഹേഗൻ: ഒന്നര വർഷം മുമ്പ് യൂറോ ചാമ്പ്യൻഷിപ്പിനിടെ ഹൃദയാഘാതം വന്ന് മരണത്തെ മുഖാമുഖം കണ്ട ക്രിസ്റ്റ്യൻ എറിക്സൺ നീണ്ട നാളുകൾ അവധിയിൽ കിടക്കുമ്പോൾ പ്രഖ്യാപിച്ചതായിരുന്നു ഖത്തർ ലോകകപ്പിൽ കളിക്കാനുള്ള മോഹം. ഒരിക്കലും സഫലമാകില്ലെന്നും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്നം മാത്രമാകുമെന്നുമുള്ള പലരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് എറിക്സൺ ലോകകപ്പ് കളിക്കുമെന്നുറപ്പായി. 26 അംഗ ടീമിൽ 21 പേരെ ദേശീയ കോച്ച് കാസ്പർ ഹുൽമന്ദ് പ്രഖ്യാപിച്ചപ്പോൾ അതിലൊരാളായി ക്രിസ്റ്റ്യൻ എറിക്സണുമുണ്ട്. യൂറോപിലെ ലീഗ് മത്സരങ്ങൾ അവസാനിക്കാൻ നാളുകൾ ബാക്കിനിൽക്കെ അഞ്ചു പേരെ മാറ്റിനിർത്തിയുള്ള ലിസ്റ്റാണ് കോച്ച് പ്രഖ്യാപിച്ചത്. ഇവരെ കൂടി വരുംദിവസങ്ങളിൽ തീരുമാനിക്കും. നവംബർ 13നുള്ളിൽ എല്ലാ ടീമുകളും 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കണമെന്നാണ് ഫിഫ അന്ത്യശാസനം.
പശ്ചാത്തലത്തിൽ ഡെന്മാർക് ദേശീയ ഗാനം ആലപിച്ച്, മുൻ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ആരാധകരെയും അണിനിരത്തിയുള്ള വിഡിയോയിലാണ് ടീം പ്രഖ്യാപനം നടത്തിയത്. നായകൻ സൈമൺ കെയർ, േപ്ലമേക്കർ ക്രിസ്റ്റ്യൻ എറിക്സൺ എന്നിവർക്കൊപ്പം ഗോളി ഒളിവർ ക്രിസ്റ്റെൻസൺ, പ്രതിരോധ താരം റാസ്മസ് ക്രിസ്റ്റെൻസൺ, മുന്നേറ്റത്തിൽ ജെസ്പർ ലിൻസ്ട്രോം എന്നിവരുമുണ്ടാകും.
കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണത്. ക്യാപ്റ്റൻ സിമൺ കെയറിന്റെയും സഹതാരങ്ങളുടെയും അടിയന്തര ഇടപെടലിലാണ് നിലച്ചുപോയ ഹൃദയം വീണ്ടും മിടിച്ചുതുടങ്ങിയത്. അഞ്ചു മിനിറ്റ് മരിച്ചതിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നായിരുന്നു ഇതേ കുറിച്ച് താരം പിന്നീട് പ്രതികരിച്ചത്. ഹൃദയത്തിൽ മിടിപ്പ് നിലനിർത്താൻ ഉപകരണം ഘടിപ്പിച്ചതോടെ ഇറ്റാലിയൻ ലീഗ് ടീമിൽനിന്ന് പുറത്തായിരുന്നു. പതിയെ തിരിച്ചുവന്ന താരം പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചേർന്നു. ദേശീയ ടീമിനായും കളിച്ചു. മികച്ച ഫോം നിലനിർത്തുന്നതാണ് ഖത്തർ ലോകകപ്പിൽ ടിക്കറ്റ് ഉറപ്പാക്കിയത്.
സ്ക്വാഡ്: കാസ്പർ ഷ്മിഷേൽ, ഒളിവർ ക്രിസ്റ്റെൻസൺ, ജൊആഹിം ആൻഡേഴ്സൺ, ജൊആകിം മീഹ്ലെ, ഡാനിയൽ വാസ്, ജെൻസ് ലാഴ്സൺ, വിക്ടർ നെൽസൺ, റാസ്മസ് ക്രിസ്റ്റെൻസൺ, ജെസ്പർ ലിൻസ്ട്രോം, മതിയാസ് ജെൻസൺ, സിമൺ കെയർ, തോമസ് ഡെലാനി, ക്രിസ്റ്റ്യൻ എറിക്സൺ, പിയറി എമിലി ഹോജ്ബെർഗ്, ആൻഡ്രിയാസ് സ്കോവ് ഒൽസെൺ, മിക്കെൽ ഡാംസ്ഗാർഡ്, ജൊനാസ് വിൻഡ്, മാർടിൻ ബ്രെത്വെയ്റ്റ്, കാസ്പർ ഡോൾബെർഗ്, ആൻഡ്രിയാസ് കൊർണേലിയസ്.
അവശേഷിക്കുന്ന അഞ്ചു സ്ഥാനങ്ങളിലേക്ക് 12 പേരുടെ ഷോർട് ലിസ്റ്റ് തയാറായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

