ഫിഫ അണ്ടർ 17 ലോകകപ്പ്: ഇനി 100 ദിവസത്തെ കാത്തിരിപ്പ്; ആവേശത്തിലേക്ക് അസ്പയർ സോൺ
text_fieldsദോഹ: കാൽപ്പന്ത് കളിയിലെ ഭാവി വാഗ്ദാനങ്ങൾ മാറ്റുരക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഇനി 100 ദിവസത്തെ കാത്തിരിപ്പ്. കൗമാര ഫുട്ബാളിലെ ശക്തികളായ അർജന്റീന, ഇറ്റലി, ബ്രസീൽ, മൊറോക്കോ, ജപ്പാൻ തുടങ്ങിയ ടീമുകൾ വീണ്ടും ദോഹയിലേക്ക് എത്തുമ്പോൾ ആവേശം വാനോളമുയരും. നവംബർ 19 മുതൽ ഡിസംബർ 13 വരെ ദോഹയിലെ പ്രശസ്തമായ അസ്പയർ സോൺ കോമ്പറ്റീഷൻ കോംപ്ലക്സിൽ ഗ്രൂപ്പ് ഘട്ടം മുതലുള്ള മത്സരങ്ങൾ നടക്കും. കലാശപ്പോരാട്ടത്തിന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വേദിയാകും.
കഴിഞ്ഞ വർഷം തുടക്കം കുറിച്ച 48 ടീമുകളുടെ ഫോർമാറ്റിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. യോഗ്യത നേടിയ രാജ്യങ്ങളെ നാല് ടീമുകൾ വീതമുള്ള 12 ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ആകെ 104 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാകുക. ആവേശം നിറഞ്ഞ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം എട്ട് മത്സരങ്ങൾ വരെ നടക്കും.
48 ടീമുകൾ ആദ്യമായി പങ്കെടുത്ത 2025ലെ ശ്രദ്ധേയമായ ടൂർണമെന്റിനും ഖത്തർ തന്നെയാണ് വേദിയായത്. കഴിഞ്ഞവർഷം ഖലീഫ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിനൊടുവിൽ പോർച്ചുഗൽ ആണ് കിരീടമുയർത്തിയത്. 2029 വരെ തുടർച്ചയായി ഖത്തർ തന്നെയാണ് ഫിഫ അണ്ടർ 17 ലോകകപ്പ് ആതിഥേയത്വമരുളും. മത്സരത്തിന്റെ കൂടുതൽ വിവരങ്ങളും ടിക്കറ്റുകളും പിന്നീട് www.roadtoqatar.qa എന്ന വെബ്‌സൈറ്റ് വഴി ലഭ്യമാകും.
സൂപ്പർ താരങ്ങളുടെ ഉദയം
ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളായി മാറിയ പല പ്രമുഖ താരങ്ങളുടെയും ഉദയം അണ്ടർ-17 ലോകകപ്പിലൂടെയായിരുന്നു. 2026ലെ ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച ഈജിപ്ഷ്യൻ മുന്നേറ്റതാരവും ബാഴ്‌സലോണയുടെ താരവുമായ ഹംസ അബ്ദൽ കരീം 2025 ലെ അണ്ടർ-17 ലോകകപ്പിന്റെ വാഗ്ദാനമായിരുന്നു. പോർച്ചുഗീസ് താരം അനിസിയോ കബ്രാൾ, ഇറ്റലിയുടെ സാമുവൽ ഇനാസിയോ, മാത്യൂസ് മിഡെ തുടങ്ങിയ താരങ്ങൾക്ക് 2025ലെ ഫിഫ അണ്ടർ 17 ലോകകപ്പ് മികച്ച വേദിയൊരുക്കി. യുവതാരങ്ങൾക്ക് തങ്ങളുടെ കായികമികവ് തെളിയിക്കാനുള്ള വലിയ വേദിയായി ഈ ടൂർണമെന്റ് വീണ്ടും മാറും.
ആവേശത്തിലേക്ക് അസ്പയർ സോൺ
ദോഹയിൽ വീണ്ടുമൊരു ഫുട്ബാൾ ആരവങ്ങൾക്ക് വേദിയൊരുങ്ങുമ്പോൾ, ആരാധകർക്ക് പെരുന്നാളൊരുക്കാൻ ആസ്പയർ സോൺ സജ്ജമാകും. ആസ്പയർ സോണിലെ അത്യാധുനിക കോമ്പറ്റീഷൻ കോംപ്ലക്സിലെ പിച്ചുകളിലാണ് ഇത്തവണയും മത്സരങ്ങൾ നടക്കുക. മത്സരങ്ങളെല്ലാം ഒരേ പരിസരത്ത് കേന്ദ്രീകരിച്ചു നടത്തുന്ന ഖത്തറിന്റെ മാതൃക കഴിഞ്ഞ തവണ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഇത് ഫുട്ബാൾ ആരാധകർക്കും ടാലന്റ് സ്കൗട്ടുകൾക്കും ഒരേ ദിവസം തന്നെ ഒന്നിലധികം മത്സരങ്ങൾ നേരിൽ കാണാനുള്ള അവസരമാണ് ഒരുക്കിയത്. മത്സരങ്ങൾ ഒരേ കേന്ദ്രീകൃത സ്ഥലത്ത് നടക്കുന്നതിനാൽ ഒരു ഫെസ്റ്റിവൽ അന്തരീക്ഷമായിരിക്കും ആരാധകരെ കാത്തിരിക്കുന്നത്. ‘ടുമോറോ ഗോട്ട്’ എന്ന തീമിൽ ഒരുക്കുന്ന ഫാൻ സോണിൽ വൈവിധ്യമാർന്ന സാംസ്കാരിക, വിനോദ പരിപാടികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

