അണ്ടർ 17 ലോകകപ്പ്; അസൂറിപ്പടക്ക് മിന്നും ജയം
text_fieldsദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ജമൈക്കക്കെതിരെ ഇറ്റലിക്ക് ആധികാരിക ജയം. എതിരില്ലാത്ത ആറു ഗോളിനാണ് ഇറ്റാലിയൻ യുവനിര ജമൈക്കയെ തകർത്തത്. ഇരട്ട ഗോളുമായി തിളങ്ങിയ ഫെഡറിക്കോ ക്രോസിയും, പകരക്കാരനായിറങ്ങി രണ്ട് അസിസ്റ്റുകൾ നൽകിയ മാർസെല്ലോ ഫുഗാസോളും നിർണ്ണായക പങ്കുവഹിച്ചു.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ശൈലി പുറത്തെടുത്ത ഇറ്റലി ഏഴാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. ഫെഡറിക്കോ ക്രോസിയാണ് ആദ്യ ഗോൾ നേടിയത്. 15-ാം മിനിറ്റിൽ ഫ്രാൻസെസ്കോ ഗാസ്പറെല്ലോയുടെ അസിസ്റ്റിൽ നിന്ന് ക്രോസി രണ്ടാം ഗോളും നേടിയതോടെ ഇറ്റലി 2-0ത്തിന് മുന്നിലെത്തി. 34-ാം മിനിറ്റിൽ ഡീഗോ പെരില്ലോ, 43ാം മിനിറ്റിൽ ജമൈക്കൻ താരം ജഹ്മാരി നോളന്റെ സെൽഫ് ഗോൾ എന്നിവ കൂടി പിറന്നതോടെ ആദ്യ പകുതിയിൽ ഇറ്റലി 4-0ന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിലും ആക്രമണം തുടർന്ന ഇറ്റലി പകരക്കാരനായി കളത്തിലിറങ്ങിയ മാർസെല്ലോ ഫുഗാസോളയുടെ അസിസ്റ്റിൽ, 56-ാം മിനിറ്റിൽ ജ്യോലെ ജിയമ്മറ്റാ അഞ്ചാം ഗോൾ നേടി. 77-ാം മിനിറ്റിൽ പകരക്കാരനായി കളത്തിലിറങ്ങിയ തോമസ് കൊറിഗ്ലിയാനോ തൊട്ടടുത്ത മിനിറ്റിൽ (78') വലകുലുക്കി ഇറ്റലിക്ക് എതിരില്ലാത്ത വിജയം സമ്മാനിച്ചു.
മറ്റൊരു കളിയിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് സ്പാനിഷ് യുവനിര ചൈനയെ മുട്ടുകുത്തിച്ചു. ഇരട്ട ഗോളുകൾ നേടിയ ഓവൻ മിറയുടെ പ്രകടനം സ്പെയിനിന്റെ വിജയത്തിന് തിളക്കമേറ്റി. കളിയുടെ തുടക്കത്തിൽ സ്പെയിനിന്റെ മുന്നേറ്റങ്ങളെ പ്രതിരോധിച്ച ചൈനക്ക് 40-ാം മിനിറ്റിൽ അടിതെറ്റി. സ്പെയിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെ ജോഡി പെസ്ക്വർ ആദ്യഗോൾ നേടി (1-0). ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ (45+2') എബ്രിമ തുൻകാരയിലൂടെ സ്പെയിൻ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി.
രണ്ടാം പകുതിയിലും പൂർണ്ണ ആധിപത്യം പുലർത്തിയ സ്പെയിനിനായി ഓവൻ മിറ കളം നിറഞ്ഞു. 74-ാം മിനിറ്റിൽ എബ്രിമ തുൻകാരയുടെ അസിസ്റ്റിൽ നിന്ന് ഓവൻ മിറ സ്പെയിനിന്റെ മൂന്നാം ഗോൾ നേടി. ആറ് മിനിറ്റുകൾക്ക് ശേഷം (80') മിറ തന്റെ രണ്ടാം ഗോളും നേടി സ്പെയിനിന്റെ ലീഡ് 4-0 ആയി ഉയർത്തി. കളി അവസാനിക്കാനിരിക്കെ (85') പകരക്കാരനായി ഇറങ്ങിയ ഗുല്ലെർമോ ട്രുജിലാനോ കൂടി ഗോൾ നേടിയതോടെ സ്പെയിൻ 5-0ന്റെ ആധികാരിക വിജയം ഉറപ്പിച്ചു.
ക്യൂബയെ പിടിച്ചുകെട്ടി താജിക്കിസ്ഥാൻ
ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശകരമായ പോരാട്ടത്തിൽ ക്യൂബയെ 5-3ന് കീഴടക്കി താജിക്കിസ്ഥാന് തകർപ്പൻ ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം, രണ്ടാം പകുതിയിൽ അഞ്ച് ഗോളുകൾ തിരിച്ചടിച്ചാണ് താജിക്കിസ്ഥാൻ കരുത്തുകാട്ടിയത്. മത്സരത്തിന്റെ തുടക്കം മുതൽ താജിക്കിസ്ഥാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ യോജാനി ഗോൺസാലസിലൂടെ ക്യൂബയാണ് ആദ്യം വലകുലുക്കിയത്.
തുടർന്ന്, രണ്ടാം പകുതിയിൽ പകരക്കാരെ ഇറക്കി തന്ത്രങ്ങൾ മാറ്റിയ താജിക്കിസ്ഥാൻ കളം പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. 48 -ാം മിനിറ്റിൽ കൊമിൽജോൺ ഷാരിപോവ്, 57-ാം മിനിറ്റിൽ പർവിസ് ബോബോൻസറോവ് എന്നിവരിലൂടെ താജിക്കിസ്ഥാൻ ലീഡെടുത്തു (2-1). പിന്നാലെ 61, 64 മിനിറ്റുകളിൽ ഇരട്ട ഗോളുകളുമായി അസദ്ബെക്ക് മഖ്തുമോവ് കളം നിറഞ്ഞതോടെ താജിക്കിസ്ഥാൻ 4-1ന് മുന്നിലെത്തി. തിരിച്ചുവരവിന് ശ്രമിച്ച ക്യൂബ 67-ാം മിനിറ്റിൽ യോജാനി ഗോൺസാലസ് തന്റെ രണ്ടാം ഗോളിലൂടെയും 70-ാം മിനിറ്റിൽ യാങ്കാർലോസ് ഇഗ്ലേഷ്യസിലൂടെയും സ്കോർ 4-3 ആക്കി കുറച്ചു.
തുടർന്ന് 76-ാം മിനിറ്റിൽ ഫുർഖോൺ റഹിംസോദയുടെ അസിസ്റ്റിൽ പകരക്കാരനായി എത്തിയ ബിഖിഷ്തി റദ്ജാബ്സോദ് താജിക്കിസ്ഥാന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പാക്കുകയായിരുന്നു. കളിയുടെ ആവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ക്യൂബ തുടർച്ചയായി ആക്രമണങ്ങൾ നടത്തിയെങ്കിലും താജിക്കിസ്ഥാൻ പ്രതിരോധത്തിൽ എല്ലാം വിഫലമാകുകയായിരുന്നു.
ജയത്തോടെ മാലി, ബെൽജിയം
ദോഹ: ന്യൂസിലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ജിയിൽ മാലിക്ക് അട്ടിമറി ജയം. ഹാലിദു മൈഗയുടെ ഇരട്ട ഗോളുകളും മാകൻ സാക്കോയുടെ ഫിനിഷിങ്ങുമാണ് ആഫ്രിക്കൻ കരുത്തർക്ക് അനായാസ ജയമൊരുക്കിയത്. കളി തുടങ്ങി 11-ാം മിനിറ്റിൽ തന്നെ ഹാലിദു മൈഗയിലൂടെ മാലി ലീഡ് നേടിയിരുന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മാലി താരങ്ങൾ ന്യൂസിലൻഡ് പ്രതിരോധനിരയെ നിരന്തരം പരീക്ഷിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാലി ലീഡ് ഇരട്ടിയാക്കി. 50-ാം മിനിറ്റിൽ ഇസ്മായിൽ കമിസോക്കോ നൽകിയ മനോഹരമായ പാസിലൂടെ ഹലിദു മൈഗ കളിയിലെ തന്റെ രണ്ടാം ഗോളും നേടി.
ഞെട്ടലിൽ നിന്ന് ന്യൂസിലൻഡ് മുക്തമാകും മുമ്പേ 54-ാം മിനിറ്റിൽ മാലിയുടെ മൂന്നാം ഗോളും പിറന്നു. ഇസിയാക്ക കോനെയുടെ അസിസ്റ്റിൽ മാകൻ സാക്കോയാണ് ന്യൂസിലൻഡ് വല കുലുക്കിയത്. മൂന്ന് ഗോളിന് പിന്നിലായതോടെ ന്യൂസിലൻഡ് മാറ്റങ്ങൾ വരുത്തി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും മാലിയുടെ പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.
മറ്റൊരു കളിയിൽ വിയറ്റ്നാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബെൽജിയം കീഴടക്കി. ബെൽജിയത്തിനായി ടിനസ് മൂർത്താമർ, കിയാൻ അച്ചാബർ, ആന്റണി ഫിലിപ്സ്എന്നിവർ ഗോൾ നേടി. ലെ സൈ, ചു എൻഗോക്കിഎന്നിവർ വിയറ്റ്നാമിായി ഗോൾ നേടി.

