ഖത്തർ ലോകകപ്പ് ഫിക്സ്ചറിൽ മാറ്റം? കളി ഒരുദിവസം നേരത്തെ തുടങ്ങിയേക്കും; കാരണം ഇതാണ്...
text_fieldsലണ്ടൻ: വിശ്വമേളക്കുള്ള കാൽപന്ത് പ്രേമികളുടെ കാത്തിരിപ്പിന് ഇനി മാസങ്ങളുടെ അകലം മാത്രമാണുള്ളത്. ഇതിനിടെയാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ ഒരു ദിവസം നേരത്തെ തുടങ്ങുമെന്ന സന്തോഷ വാർത്ത പുറത്തുവരുന്നത്. നേരത്തെ, നവംബർ 21നാണ് കിക്കോഫ് തീരുമാനിച്ചിരുന്നത്.
സെനഗൽ-നെതർലൻഡ്സ് മത്സരമായിരുന്നു ആദ്യം. എന്നാൽ, നവംബർ 20ന് ഫുട്ബാൾ മാമാങ്കത്തിന് തിരിതെളിയിക്കാനാണ് ഫിഫയുടെ പുതിയ നീക്കമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉദ്ഘാടന മത്സരമായി കണക്കാക്കുന്ന ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം 21ന് അർധ രാത്രിയാണ് തീരുമാനിച്ചിരുന്നത്. അതിനു മുമ്പായി രണ്ടു മത്സരങ്ങൾ നടക്കുന്നുണ്ട്. ഇത് ഉദ്ഘാടന ചടങ്ങുകളുടെ പ്രാധാന്യത്തെ ബാധിക്കും എന്ന് ഖത്തറും ഫിഫയും കരുതുന്നു.
തങ്ങളുടെ മത്സരം ഒരുദിവസം നേരത്തെയാക്കണമെന്ന് ഖത്തർ ഫിഫയോട് അഭ്യർഥിക്കുകയും ചെയ്തു. ഇതാണ് ഉദ്ഘാടന മത്സരം നേരത്തെയാക്കാൻ ഫിഫയെ പ്രേരിപ്പിച്ചത്. അങ്ങനെയെങ്കിൽ ഉദ്ഘാടന മത്സരമായ ഖത്തർ-ഇക്വഡോർ പോരാട്ടം 20ന് പ്രാദേശിക സമയം വൈകീട്ട് ഏഴിന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടക്കും. മത്സര സമയക്രമത്തിലെ മാറ്റം ടൂർണമെന്‍റിലെ ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരത്തെ ബാധിക്കില്ല.
നവംബർ 21ന് പ്രദേശിക സമയം വൈകീട്ട് നാലിന് ഇറാനെതിരെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. അന്നുതന്നെ സെനഗൽ-നെതർലൻഡ്സ് മത്സരവും നടക്കും. അതേസമയം, ലോകകപ്പ് മത്സരം ഒരുദിവസം നേരത്തെയാക്കാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ ബ്യൂറോയുടെ അംഗീകാരം വേണം. കൗൺസിൽ അംഗീകാരം നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. അങ്ങനെയെങ്കിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും ലോകകപ്പ് മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

