‘രാഷ്ട്രീയ പ്രശ്നങ്ങൾ ഫിഫക്ക് പരിഹരിക്കാനാകില്ല’; ഇസ്രായേലിനെ പിണക്കാതെ ഫിഫ പ്രസിഡന്റ്
text_fieldsഗിയാനി ഇൻഫാന്റിനോ
ജനീവ: ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന്റെ ഫുട്ബാൾ ടീമുകളെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇസ്രായേലിനെ പിണക്കാതെ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ. ആഗോള രാഷ്ട്രീയ പ്രശ്നങ്ങൾ ഫിഫക്ക് പരിഹരിക്കാൻ കഴിയില്ലെന്നും മാനുഷിക മൂല്യങ്ങൾ ഉപയോഗപ്പെടുത്തി ലോകമെമ്പാടും ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമെന്നും ഫിഫ പ്രസിഡന്റ് ഭരണസമിതി യോഗത്തിനുശേഷം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനവും ഐക്യവും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇസ്രായേലിന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രസ്താവന.
ഇസ്രായേലിന്റെ ദേശീയ ടീമിനെയും വിവിധ ലീഗുകളിൽ കളിക്കുന്ന ക്ലബുകളെയും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അടുത്തയാഴ്ച ഇസ്രായേൽ കളിക്കാനിരിക്കുകയാണ്. അതിനിടെ, ഫലസ്തീൻ ഫുട്ബാൾ ഫെഡറേഷൻ തലവൻ ജിബ്രിൽ റജൂബുമായി ഇൻഫാന്റിനോ ചർച്ച നടത്തി. ഈ സമയത്തും പൊരുതുന്ന ഫെഡറേഷനെ അദ്ദേഹം അഭിനന്ദിച്ചു. മേഖലയിലെ നിലവിലെ സ്ഥിതി ഇരുവരും ചർച്ച ചെയ്തു. ബുധനാഴ്ച ലോസാനിൽ ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിയുമായി റജൂബ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഒക്ടോബർ 11ന് ഓസ്ലോയിൽ നോർവേക്കെതിരെയും മൂന്നുദിവസത്തിന് ശേഷം ഉഡിനിൽ ഇറ്റലിക്കെതിരെയും ഇസ്രായേൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കും. ഇസ്രായേൽ ടീമുകളെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത് സംബന്ധിച്ച് ഫിഫ യോഗത്തിനുമുമ്പ് യുവേഫയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ വോട്ടെടുപ്പ് നടത്തണമെന്ന് നോർവേ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിനെ സസ്‌പെൻഡ് ചെയ്യണമെന്ന് തുർക്കിയ ഫുട്ബാൾ ഫെഡറേഷൻ യുവേഫയോടും ഫിഫയോടും ആവശ്യമുന്നയിച്ചിരുന്നു.
അടുത്ത വർഷം കാനഡയും മെക്സികോയും അമേരിക്കയും ചേർന്ന് നടത്തുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിനെ പുറത്താക്കാൻ യുവേഫയിൽ വോട്ടെടുപ്പിന് സാധ്യത കുറവാണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫിഫയും ഇൻഫാന്റിനോയും അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. ഫുട്ബാളിൽ ഇസ്രായേലിന്റെ പദവി സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയതും ഇസ്രായേലിന് രക്ഷയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

