ഫിഫ ക്ലബ്ബ് ലോകകപ്പ്;കളിക്കാനുള്ള അവസരം ഒഴിവാക്കിയതിന് കാരണം പറഞ്ഞ് റൊണാള്‍ഡോ
text_fieldsഫിഫ ക്ലബ്ബ് ലോകകപ്പ് കളിക്കാനുള്ള അവസരം ഒഴിവാക്കിയതിനുള്ള കാരണം തുറന്നുപറഞ്ഞ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താരം നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബായ അൽ നസ്ർ ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. 2025 ജൂലൈ 30ന് ടീമുമായുള്ള കരാർ അവസാനിക്കുന്നതിനാല്‍ താരം ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനകളുണ്ടായിരുന്നു. നിരവധി ക്ലബ്ബുകള്‍ താരത്തെ നോട്ടമിടുകയും ചെയ്തു. എന്നാല്‍ ക്ലബ്ബ് ലോകകപ്പിന് ഇല്ലെന്ന് വ്യക്തമാക്കി താരം അല്‍ നസ്റുമായി കരാര്‍ പുതുക്കുകയായിരുന്നു. അല്‍ നസറുമായി കരാര്‍ പുതുക്കാനും സൗദിയില്‍ തന്നെ തുടരാനുമുള്ള കാരണവും പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ വ്യക്തമാക്കി. അല്‍ നസര്‍ ടിവിയില്‍ സംസാരിക്കവേയാണ് റൊണാള്‍ഡോ മനസുതുറന്നത്.
'ക്ലബ്ബ് ലോകകപ്പില്‍ കളിക്കാന്‍ എനിക്ക് ചില ക്ലബ്ബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ എനിക്ക് നല്ല വിശ്രമവും തയ്യാറെടുപ്പും ആയിരുന്നു ഏറ്റവും ആവശ്യം. ലോകകപ്പ് കൂടി വരുന്നതുകൊണ്ട് ഈ സീസണ്‍ വളരെ ദൈര്‍ഘ്യമേറിയതായിരിക്കും', അല്‍ നസര്‍ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റൊണാള്‍ഡോ പറഞ്ഞു.
'അല്‍ നസറിന് മാത്രമല്ല ദേശീയ ടീമിന് വേണ്ടിയും ഞാന്‍ തയ്യാറായിരിക്കണം. അതുകൊണ്ടാണ് നേഷന്‍സ് ലീഗിനായി സീസണിലെ അവസാന മത്സരം കളിക്കാനും മറ്റുള്ളവയെല്ലാം നിരസിക്കാനും ഞാന്‍ തീരുമാനിച്ചത്. അല്‍ നസറിന് പ്രധാന നേട്ടങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യം. അതിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. സൗദി അറേബ്യയില്‍ ഞാന്‍ ഒരു ചാമ്പ്യനാകുമെന്ന് വിശ്വാസമുള്ളത് കൊണ്ടാണ് രണ്ട് വര്‍ഷം കൂടി പുതുക്കിയത്', റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

