ഫിഫ രാഷ്ട്രീയ നിഷ്പക്ഷത നിയമം ലംഘിച്ചു; പ്രഥമ സമാധാന പുരസ്കാരം ട്രംപിന് നൽകിയതിനെതിരെ പരാതി
text_fieldsവാഷിങ്ടൺ: ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നൽകിയതിനെതിരെ വിമർശനം ശക്തമാകുന്നു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന ലോക ഫുട്ബാൾ ഭരണസമിതിയുടെ തന്നെ ചട്ടം മറികടന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ സംഘടനയാ ‘ഫയർസ്ക്വയർ’ ഫിഫ എത്തിക്സ് കമ്മിറ്റിക്ക് പരാതി നൽകി.
ഫിഫയുടെ നിഷ്പക്ഷ നയവുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റിനോ നാലു നിയമലംഘനങ്ങൾ നടത്തിയതായി ഫയർസ്ക്വയർ പരാതിയിൽ പറയുന്നു. അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് ഇത്തരമൊരു പുരസ്‌കാരം നൽകുന്നത് ഫിഫയുടെ നിഷ്പക്ഷത നിയമത്തിന്‍റെ വ്യക്തമായ ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി. സംഘടനയുടെ ലക്ഷ്യങ്ങളിലും നയങ്ങളിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ പ്രസിഡന്‍റിന് അധികാരമില്ലെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിലാണ് ഇന്‍ഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചത്.
മെഡലും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം. ലോകത്തെ വിവിധ യുദ്ധങ്ങൾ അവസാനിപ്പിക്കുകയും സമാധാനം പുനസ്ഥാപിക്കുകയും ചെയ്തതിന്റെ അംഗീകാരമായാണ് പീസ് പ്രൈസ് ട്രംപിന് സമ്മാനിക്കുന്നതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. ജീവിതത്തിലെ വലിയ ബഹുമതികളിലൊന്നാണ് ഈ പുരസ്കാരമെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപും ഇൻഫാന്‍റിനോയും അടുത്ത സുഹൃത്തുക്കളാണ്. ഗസ്സ വെടിനിർത്തൽ കരാറിനുള്ള ട്രംപിന്റെ ശ്രമങ്ങൾക്ക് നൊബേൽ ലഭിക്കേണ്ടതായിരുന്നുവെന്ന് അടുത്ത അനുയായി കൂടിയായ ഇൻഫാന്റിനോ മുമ്പ് പറഞ്ഞിരുന്നു.
ട്രംപിന്‍റ രാഷ്ട്രീയ നയങ്ങളെ പിന്തുണക്കുന്ന നിലപാടുകൾ നേരത്തെയും ഇൻഫാന്‍റിനോ സ്വീകരിച്ചിരുന്നു. ആഗോള സമാധാനവും ഐക്യവും മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായാണ് ഫിഫ സമാധാനം പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ നവംബറിലാണ് പുരസ്കാരം നൽകുന്ന കാര്യം ഫിഫ പ്രഖ്യാപിച്ചത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപിന് അവാർഡ് നൽകിയതെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

