Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജന്‍റീനയിൽ ക്രൈഫ്...

അർജന്‍റീനയിൽ ക്രൈഫ് കളിച്ചിരുന്നെങ്കിൽ...!

text_fields
bookmark_border
അർജന്‍റീനയിൽ ക്രൈഫ് കളിച്ചിരുന്നെങ്കിൽ...!
cancel
camera_alt

യൊഹാൻ ക്രൈഫ്

ലോകകപ്പ് ഫുട്ബാൾ വേദി ലാറ്റിനമേരിക്കൻ കരുത്തരായ അർജന്‍റീനയുടെ മണ്ണിൽ എത്തിയതോ, കിരീടത്തിൽ അവർ മുത്തമിട്ടതോ ആയിരുന്നില്ല 1978 ലോകകപ്പിനെ വാർത്ത തലക്കെട്ടുകളിൽ സജീവമാക്കിയത്. പട്ടാള ഭരണകൂടത്തിന്‍റെ ക്രൂര കൃത്യങ്ങളും, ടൂർണമെന്‍റ് സംഘാടകരായി അർജന്‍റീന സൈനിക ജനറൽമാർ വേഷംകെട്ടിയതും, ഡാനിയേൽ പാസറല്ലെയും മരിയോ കെംപസും നയിച്ച ടീം കിരീടത്തിൽ മുത്തമിട്ടതും 11ാം ലോകകപ്പിന്‍റെ സവിശേഷതകളായിരുന്നെങ്കിലും ഫുട്ബാൾ പ്രേമികൾ തലപുകഞ്ഞത് മറ്റൊന്നിനായിരുന്നു. നാലു വർഷം മുമ്പ്, പശ്ചിമ ജർമനിയിൽ കൈയെത്തുമകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ എന്തുകൊണ്ട് ഓറഞ്ചുപടയുടെ സുന്ദരനായ താരം യൊഹാൻ ക്രൈഫ് എത്തിയില്ല.

കളിമികവിന്‍റെ കൊടുമുടിയിലിരിക്കുമ്പോഴും യൊഹാൻ ക്രൈഫ് നെതർലൻഡ്സ് ടീമിനൊപ്പം ലോകകപ്പ് കളിക്കാനെത്തിയില്ല എന്നത് ചുരുളഴിയാത്ത നിഗൂഢതയായി തുടർന്നു. യോഗ്യതാ റൗണ്ടുകളിൽ നെതർലൻഡ്സിനു വേണ്ടി ബൂട്ടുകെട്ടി, ടീമിന് യോഗ്യത സമ്മാനിച്ച ശേഷമായിരുന്നു പൊടുന്നനെ ക്രൈഫിന്‍റെ പിൻമാറ്റം. ഗ്രൂപ് റൗണ്ടിൽ സ്കോട്ലൻഡിനോട് തോൽക്കുകയും, പെറുവിനോട് സമനില പാലിക്കുകയും ചെയ്തപ്പോൾ ക്രൈഫിന്‍റെ സാന്നിധ്യം ഡച്ച് കാണികൾ ആഗ്രഹിച്ചു. ഫൈനലിൽ, ആതിഥേയരായ അർജന്‍റീനക്ക് മുന്നിലെത്തിയപ്പോഴും റെനെ വാൻഡർ കെർകോഫിനും ജൊഹാൻ നീസ്കൻസിനുമൊപ്പം മുൻനിര നയിക്കാൻ ക്രൈഫുണ്ടായിരുന്നെങ്കിലെന്ന് അവർ നൂറുവട്ടം വിളിച്ചുപറഞ്ഞു.

ആർത്തലച്ച അർജന്‍റീന കാണികൾക്കു നടുവിൽ വൈകാരിക വേലിയേറ്റങ്ങളിൽ ഉലഞ്ഞാടിയ നെതർലൻഡ്സ് ഒരിക്കൽ കൂടി ഫൈനലിൽ വീണ് കിരീടം നഷ്ടമായപ്പോൾ പ്രിയപ്പെട്ട താരമായ ക്രൈഫിന്‍റെ പിൻമാറ്റ തീരുമാനത്തെ വെറുത്തവരാണ് ഡച്ചുകാർ. ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു ക്രൈഫിന്‍റെ നാടകീയ വിരമിക്കൽ പ്രഖ്യാപനമുണ്ടാവുന്നത്. എന്നാൽ, കാരണമൊന്നും വിശദീകരിക്കാതെ അദ്ദേഹം ഓറഞ്ചു കളിക്കുപ്പായത്തിൽ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചപ്പോൾ ഊഹാപോഹങ്ങൾ പലതും ഉയർന്നു. അർജന്‍റീനയിലെ സൈനിക ഭരണകൂടത്തിന്‍റെ ക്രൂരതക്കെതിരായ പ്രതിഷേധമറിയിച്ചാണ് ക്രൈഫ് ലോകകപ്പിൽ നിന്നും പിൻവാങ്ങിയതെന്നായിരുന്നു അക്കാലത്ത് ഉയർന്നുകേട്ട വാർത്തകൾ. അതേസമയം, ഭാര്യ ഡാനി കോസ്റ്ററുടെ പ്രേരണയിലായിരുന്നു വിരമിക്കലെന്നും വാർത്തകൾ പരന്നു. എന്നാൽ, തന്‍റെ തീരുമാനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ക്രൈഫ് 30 വർഷം കാത്തിരുന്നു. ഒടുവിൽ 2008ൽ ഒരു റേഡിയോ അഭിമുഖത്തിലായിരുന്നു ആ നിഗൂഢതയുടെ ചുരുൾ അഴിച്ചുവിട്ടത്.

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞ്, ബാഴ്സലോണയിൽ മടങ്ങിയെത്തിയ വേളയിലെ ഒരു രാത്രിയിൽ വീട്ടിൽ നടന്ന കവർച്ചാ ശ്രമം തന്‍റെ ജീവിതം മാറ്റിമറിച്ചുവെന്നായിരുന്നു ക്രൈഫിന്‍റെ വെളിപ്പെടുത്തൽ. 'അതിക്രമിച്ചു കയറിയ വലിയൊരു സംഘം തോക്കുധാരികളായ അക്രമികൾ എന്നെയും ഭാര്യയെയും മൂന്ന് മക്കളെയും തോക്കിൻ മുനയിലാക്കി. ഭാഗ്യം കൊണ്ട് ഞാനും മക്കളും ജീവനോടെ രക്ഷപ്പെട്ട ആ രാത്രി എന്‍റെ ചിന്തകൾ തന്നെ മാറ്റി മറിച്ചു. തുടർന്നു നാലും മാസം വരെ പൊലീസ് കാവലിലായിരുന്നു ഞാനും കുടുംബവും ഉറങ്ങിയത്. പരിശീലനത്തിനും കളിക്കാനും പോകുമ്പോൾ എനിക്കൊപ്പം സുരക്ഷ ജീവനക്കാരുണ്ടായി. കുടുംബത്തിന്‍റെ സുരക്ഷ നഷ്ടമായി. എന്‍റെ ജീവിതത്തിലെ മുൻഗണനകളെല്ലാം മാറിയതോടെ ലോകകപ്പിൽ കളിക്കാൻ കഴിയില്ലെന്ന മാനസികാവസ്ഥയായി.

ഒരു ലോകകപ്പ് കളിക്കാൻ നിങ്ങളുടെ മനസ്സ് 200ശതമാനവും ശരിയായിരിക്കണം. എന്നാൽ, ജീവിതത്തിൽ അതിനേക്കാൾ മൂല്യമുള്ള നിമിഷങ്ങളുണ്ട്. ' -30 വർഷങ്ങൾക്കു ശേഷം ക്രൈഫ് തുറന്നുവിട്ട വെളിപ്പെടുത്തൽ നിഗൂഢമായ ഒരുപിടി കെട്ടുകഥകളുടെ അവസാനമായിരുന്നു. പക്ഷേ, കഥക്കും നേരിനും മുകളിലാണ് നെതർലൻഡ്സുകാരുടെ നിരാശയുടെ ത്രാസ് തൂങ്ങുന്നത്. അവിശ്വസനീയമായൊരു നിമിഷത്തിൽ വെട്ടിത്തിരിഞ്ഞ് പന്തുമായി കുതിച്ച് എതിർവല കുലുക്കുന്ന ആ മനുഷ്യൻ മുൻനിരയിലുണ്ടായിരുന്നെങ്കിൽ ബ്വേനസ് എയ്റിസിൽ നിന്നും 1978 ജൂൺ 26ന് വിമാനം കയറിയ ഓറഞ്ചുപടയുടെ കൈകളിൽ സ്വർണക്കപ്പുണ്ടാകുമായിരുന്നുവെന്ന് ഡച്ച് ആരാധകരും കാൽപന്തു ലോകവും ഇന്നും വിശ്വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johan CruyffHistory of FIFAWorld Cup 1978 Argentina
News Summary - FIFA World Cup 1978: If Cruyff had played in Argentina
Next Story