Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫെലിക്സ് സാഞ്ചസ്:...

ഫെലിക്സ് സാഞ്ചസ്: അന്നാബികളുടെ മാസ്റ്റർ ബ്രെയിൻ

text_fields
bookmark_border
ഫെലിക്സ് സാഞ്ചസ് Felix Sanchez
cancel
camera_alt

ഫെലിക്സ് സാഞ്ചസ്

ദോഹ: നവംബർ 20ന് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം ആതിഥേയരായ ഖത്തർ ടീം അരങ്ങേറ്റത്തിന് തയാറെടുക്കുമ്പോൾ അന്നാബികളുടെ കളിമികവിന് പിന്നിൽ ചുക്കാൻപിടിക്കുന്ന ഒരു മാസ്റ്റർ ബ്രെയിനുണ്ട്. കളിക്കളത്തിൽ എതിരാളികൾക്കു മേൽ മേധാവിത്വം പുലർത്തുന്നതിന് തന്ത്രങ്ങൾ മെനയുന്ന സൂപ്പർ കോച്ച്. 2017 മുതൽ ദേശീയ ടീമിനൊപ്പം കുടുംബകാരണവരെന്ന പോലെ ടീമിനെ നയിക്കുന്ന പരിശീലകൻ ഫെലിക്സ് സാഞ്ചസ് ബാസ് എന്ന 46കാരനാണ് ആ മാസ്റ്റർ ബ്രെയിൻ.

ബാഴ്സലോണയുടെ യൂത്ത് ടീമിൽനിന്ന് 2006ൽ ഖത്തറിലെ ആസ്പയർ അക്കാദമിയിലെത്തി അവിടെനിന്നും കണ്ടെത്തി പരിശീലിപ്പിച്ച ടീമുമായാണ് സാഞ്ചസ് ലോകകപ്പിനെത്തുന്നത്. ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ലാത്ത അറേബ്യൻ പെനിൻസുലയിലെ ഖത്തറെന്ന കൊച്ചുരാജ്യത്തിന് 2010 ഡിസംബറിൽ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കാനുള്ള അവകാശം പ്രഖ്യാപിക്കുമ്പോൾ, ആതിഥേയരെന്ന നിലയിൽ തങ്ങളുടെ പ്രഥമ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യമാകുന്ന വഴികളെല്ലാം ഖത്തർ ഫുട്ബാൾ ഫെഡറേഷൻ തേടിയിട്ടുണ്ട്. ഫെലിക്സ് സാഞ്ചസെന്ന പരിശീലകൻ അതിലൊന്നാണ്.

2014ൽ ഫഹദ് ആൽഥാനിക്കു കീഴിലും 2018ൽ ജോർജ് ഫൊസാറ്റിക്കു കീഴിലും ലോകകപ്പിന് യോഗ്യത നേടാൻ ഖത്തറിനായിരുന്നില്ല. 2018ലെ യോഗ്യത ആശങ്കയിലായി തുടരുന്ന സാഹചര്യത്തിലാണ് 2017 ജൂലൈയിൽ ഫൊസാറ്റിയുടെ പിൻഗാമിയായി ഖത്തർ ദേശീയ ടീമിന്റെ ചുമതല സാഞ്ചസിനെ ഏൽപിക്കുന്നത്. എന്നാൽ, റഷ്യയിൽ ഖത്തറിന്റെ അഭാവം ഒഴിവാക്കാൻ സാഞ്ചസിനും സാധിച്ചില്ല.

അതോടൊപ്പം 2022 ലോകകപ്പിനു മുമ്പായി ചില നിർണായക വിജയങ്ങൾ സൃഷ്ടിക്കാൻ ഈ സ്പെയിൻകാരന് സാധിക്കുകയും ചെയ്തു. 2022 ലോകകപ്പിൽ ഖത്തർ അരങ്ങേറ്റം കുറിക്കുമ്പോൾ ലോകകപ്പുപോലെയുള്ള സുപ്രധാന ടൂർണമെൻറിലെ സാഞ്ചസിന്റെ അരങ്ങേറ്റത്തിനു കൂടിയാണ് നവംബർ 20ന് അൽ ബെയ്ത് സ്റ്റേഡിയം സാക്ഷ്യംവഹിക്കുക.

2017ൽ ഫൊസാറ്റിയെ നീക്കി മറൂൺസിന്റെ ചുമതല സാഞ്ചസിനെ ഏൽപിക്കുമ്പോൾ ആറു വർഷത്തിനുള്ളിൽ ദേശീയ ടീമിന്റെ എട്ടാമത് ബോസിനെയാണ് നിയമിച്ചത്. എന്നാൽ, പുറത്തുനിന്ന് ഒരു പരിശീലകനെ എത്തിക്കുന്നതിനു പകരം ഉള്ളിൽനിന്ന് ഒരാളെ പ്രമോഷൻ നൽകി സാഞ്ചസിന് ദേശീയ ടീമിനെ ഏൽപിക്കുകയായിരുന്നു. സാഞ്ചസിന് മുമ്പുണ്ടായിരുന്ന ഏഴു പരിശീലകരും 16 മത്സരങ്ങൾക്കപ്പുറത്തേക്ക് ടീമിനെ പരിശീലിപ്പിച്ചിരുന്നില്ല.

അതേസമയം, 2022 നവംബർ 20ന് എക്വഡോറിനെ ഖത്തർ നേരിടുമ്പോൾ, സീനിയർ ടീം പരിശീലക കരിയറിലെ 70ാം മത്സരത്തിനാണ് സാഞ്ചസ് ടീമിനെ ഇറക്കുന്നത്. നവംബർ 29ന് ഓറഞ്ചുപടയെ ഖത്തർ നേരിടുമ്പോൾ പരിശീലക സ്ഥാനത്ത് 1975 ദിനങ്ങൾ അദ്ദേഹം പൂർത്തിയാക്കും. ദേശീയ ടീമിന്റെ കോച്ചിങ് ഹോട്ട് സീറ്റിൽ ഒരു പരിശീലകനും ഇത്രയധികം കാലം മേൽനോട്ടം വഹിച്ചിട്ടില്ലെന്നതും കൂട്ടിവായിക്കണം.

1105 ദിവസങ്ങൾ ഖത്തറിന്റെ പരിശീലകനായ ജമാലുദ്ദീൻ മുസോവിച്ചാണ് സാഞ്ചസിനു പിന്നിലുള്ളത്. 2004 മുതൽ 2007 വരെയാണ് മുസോവിച് പരിശീലിപ്പിച്ചത്. 1969 മുതൽ 72 വരെ ടീമിന്റെ തലപ്പത്തുണ്ടായിരുന്ന മുഹമ്മദ് ഹസൻ ഖൈരിയാണ് ഏറ്റവും കൂടുതൽ കാലം ഖത്തർ പരിശീലക സ്ഥാനത്ത് നിലയുറപ്പിച്ച മൂന്നാമത്തെ വ്യക്തി.

ബാഴ്സലോണയിൽനിന്ന് ഖത്തർ വരെ

2013 മുതൽ 2015 വരെ അണ്ടർ 19 ടീമിന്റെയും 2014 മുതൽ 2017 വരെ അണ്ടർ 20 ടീമിന്റെയും പരിശീലക സ്ഥാനം വഹിച്ചിരുന്ന സാഞ്ചസ് 2017ലാണ് ദേശീയ ടീം പരിശീലകനായി സ്ഥാനമേറ്റെടുത്തത്. സീനിയർ ടീമിനൊപ്പം 2017 മുതൽ 2020 വരെ അണ്ടർ 23 ടീമിെൻറ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 2018ൽ അണ്ടർ 23 ടീമിനെ എ.എഫ്.സി ചാമ്പ്യൻഷിപ് പ്ലേഓഫിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

എന്നാൽ, 2020ൽ ഗ്രൂപ് ഘട്ടത്തിനപ്പുറം പോകാൻ ടീമിനായിരുന്നില്ല. 2015ലെ അണ്ടർ 20 ലോകകപ്പും സാഞ്ചസിന്റെ കരിയറിലുൾപ്പെടും. എന്നാൽ, കൊളംബിയ, പോർചുഗൽ, സെനഗാൾ എന്നിവരുൾപ്പെടുന്ന ഗ്രൂപ്പിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പുറത്തുപോകാനായിരുന്നു വിധി.-2013ൽ ഖത്തർ അണ്ടർ 19 ടീമിനൊപ്പം ചേരും മുമ്പ് ആസ്പയർ അക്കാദമിയുടെ പരിശീലകനും ടാലൻറ് സ്പോട്ടറുമായിരുന്നു സാഞ്ചസ്. ഖത്തരി അത്ലറ്റുകളെ സ്കൗട്ട് ചെയ്യുന്നതിനും അവരെ വളർത്തിക്കൊണ്ടുവരുന്നതിനുമായി ഖത്തർ ഫുട്ബാൾ അസോസിയേഷൻ സ്ഥാപിച്ചതാണ് ആസ്പയർ അക്കാദമി.

ഏ​ഷ്യ​ൻ ക​പ്പ് വി​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ച്ച് ഫെ​ലി​ക്സ് സാ​ഞ്ച​സി​നെ എ​ടു​ത്തു​യ​ർ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ടീം ​ അം​ഗ​ങ്ങ​ൾ

2006 മുതൽ 2013 വരെയാണ് സാഞ്ചസ് ആസ്പയർ അക്കാദമിയിൽ പ്രവർത്തിച്ചത്. അതിനുമുമ്പ് 1996 മുതൽ 10 വർഷം ബാഴ്സലോണ അക്കാദമിയായ ലാ മാസിയ ആയിരുന്നു അദ്ദേഹത്തിന്റെ കളരി. ഖത്തരി നേതൃത്വത്തിന്റെ നേരിട്ടുള്ള നിയമനം വഴിയാണ് സാഞ്ചസ് ഖത്തറിലെത്തുന്നത്.

ലാ മാസിയയിൽനിന്ന് സെർജി റോബർട്ടോ, മാർക് മുനിയേസ, ജെറാർഡ് ഡ്യുലോഫു, മാർട്ടിൻ മൊണ്ടായ തുടങ്ങിയ പ്രതിഭകളെ കണ്ടെത്തിയതിനു പിന്നിൽ സാഞ്ചസിന്റെ കഴിവുകളെ അഭിനന്ദിക്കാതിരുന്നുകൂടാ. േബ്ലാഗ്രാന എന്നറിയപ്പെടുന്ന ബാഴ്സലോണ ക്ലബിനായി നിരവധി പ്രതിഭകളെയാണ് സാഞ്ചസ് കണ്ടെത്തി പരിശീലിപ്പിച്ചിട്ടുള്ളത്.

ബാഴ്സയുടെ ഡി.എൻ.എ ഖത്തർ ദേശീയ ടീമിനുള്ളിലും സന്നിവേശിപ്പിക്കാൻ സാഞ്ചസിനായിട്ടുണ്ട്. അതിനുദാഹരണമാണ് 2019ലെ എ.എഫ്.സി ഏഷ്യൻ കപ്പ് കിരീടനേട്ടം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് അന്നാബികൾ പരാജയപ്പെടുത്തിയത്.

ക്വാർട്ടറിൽ ടോട്ടൻഹാം ഹോട്സ്പറിന്റെ കുന്തമുനകളിലൊന്നായ ഹ്യൂങ് മിൻ സൺ നയിക്കുന്ന ദക്ഷിണ കൊറിയയെയും ഖത്തർ കീഴടക്കിയിരുന്നു. 69 മത്സരങ്ങളിൽ ഖത്തർ ടീമിനെ നയിച്ചപ്പോൾ 35 തവണ വിജയം ഖത്തറിനൊപ്പമായിരുന്നു. 13 മത്സരങ്ങളിൽ സമനില വഴങ്ങിയപ്പോൾ 21 മത്സരങ്ങളിൽ പരാജയമറിഞ്ഞു. ഇക്കാലയളവിൽ 115 ഗോളുകൾ നേടിയപ്പോൾ 85 ഗോളുകൾ വഴങ്ങേണ്ടിയും വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupFelix Sanchezfootball world cup qatar team
News Summary - Felix Sanchez: Master Brain of the qatar team
Next Story