പീരങ്കിപ്പടക്ക് എന്തുപറ്റി? എഫ്.എ കപ്പിലും കാലിടറി; സതാംപ്ടണിനോട് തോറ്റ് സെമി കാണാതെ പുറത്ത്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനൽ എഫ്.എ കപ്പിലും പുറത്ത്. ക്വാർട്ടർ ഫൈനലിൽ സതാംപ്ടണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയുടെ തോൽവി.
പ്രീമിയർ ലീഗിലെ കിരീടപ്പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്ന മാഞ്ചസ്റ്റർ സിറ്റിയോട് ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബാൾ ഫൈനലിൽ പരാജയപ്പെട്ടതിന്‍റെ സങ്കടം മറക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൈക്കൽ അർട്ടേറ്റക്കും സംഘത്തിനും എഫ്.എ കപ്പിലും കാലിടറിയത്. റോസ് സ്റ്റുവർട്ട് (35ാം മിനിറ്റിൽ), പകരക്കാരൻ ഷീ ചാർലസ് (85) എന്നിവരാണ് സതാംപ്ടണിനുവേണ്ടി വലകുലുക്കിയത്. വിക്ടർ ഗ്യോക്കറസിന്‍റെ (68) വകയായിരുന്നു ആഴ്സനലിന്‍റെ ആശ്വാസ ഗോൾ. ലീഗ് കപ്പ് തോൽവിക്കു പിന്നാലെ അന്താരാഷ്ട്ര ഇടവേളക്കു പിരിഞ്ഞ ടീമിന്‍റെ 11 സുപ്രധാന താരങ്ങൾ പരിക്കിന്‍റെ പിടിയിലായെങ്കിലും മാർട്ടിൻ ഒഡൊഗാർഡ്, കായ് ഹാവർട്സ്, ബെൻ വൈറ്റ്, ഗബ്രിയേൽ മഗൽഹെസ് എന്നിവരെല്ലാം പ്ലെയിങ് ഇലവനിൽ അണിനിരന്നു.
പന്ത് കൈവശം വെക്കുന്നതിൽ ആഴ്സനൽ മേധാവിത്വം പുലർത്തിയെങ്കിലും മികച്ച ഗോളവസരങ്ങൾ സൃഷ്ടിച്ചത് സതാംപ്ടണായിരുന്നു. ഒടുവിൽ അതിന് അർഹമായ ഫലവും കിട്ടി, അന്തിമ വിസിൽ മുഴങ്ങിയപ്പോൾ സെന്റ് മേരീസിൽ ചിരിച്ചത് സതാംപ്ടൺ താരങ്ങളും ആരാധകരും. ജയത്തോടെ സെമിയിലേക്ക്. ലീഗ് കപ്പിനു പിന്നാലെ ആഴ്സണലിന്റെ എഫ്.എ കപ്പ് സ്വപ്നവും തകർന്നടിഞ്ഞു. പ്രീമിയർ ലീഗിലേക്കുള്ള മടങ്ങിവരവ് സ്വപ്നം കാണുന്ന സതാംപ്ടൺ കഴിഞ്ഞ 14 മത്സരങ്ങളിൽ അപരാജിത കുതിപ്പുമായാണ് വമ്പന്മാരായ ആഴ്സനലിനെതിരെ കളത്തിലിറങ്ങിയത്. എതിരാളികളുടെ ആക്രമണ ഫുട്ബാളിനു മുന്നിൽ ഗണ്ണേഴ്സ് പ്രതിരോധം പലപ്പോഴും വലഞ്ഞു.
മത്സരത്തിന്‍റെ 35-ാം മിനിറ്റിൽ സ്റ്റുവർട്ടിലൂടെ സതാംപ്ടൺ ആദ്യം ലീഡെടുത്തു. പെനാൽറ്റി ബോക്സിലേക്ക് ഉയർന്നുവന്ന പാസ്സാണ് ഗോളിലെത്തിയത്. ഗോളിന് വഴിയൊരുക്കിയത് ജെയിംസ് ബ്രീയും. 1-0ത്തിനാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പകുതിയിൽ അർട്ടേറ്റ ടീമിൽ മൂന്ന് മാറ്റങ്ങൾ നടത്തി -വിക്ടർ ഗ്യോക്കറസ്, നോണി മഡൂക്കേ, റിക്കാർഡോ കലഫിയോറി എന്നിവർ കളത്തിലിറങ്ങി. ഇതൊന്നും സതാംപ്ടണിന്‍റെ ഭീഷണി ഇല്ലാതാക്കിയില്ല. എന്നാൽ, 68ാം മിനിറ്റിൽ പകരക്കാരൻ ഗ്യോക്കറസിലൂടെ സമനില പിടിച്ചത് ആഴ്സനലിന് പ്രതീക്ഷ നൽകി. ഹാവർട്സിന്‍റെ ഒരു കട്ട്-ബാക്ക് പാസ്സിൽനിന്നാണ് ഗോളെത്തിയത്.
ഗോൾ വഴങ്ങിയെങ്കിലും സതാംപ്ടൺ തോറ്റ് കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കളിയുടെ നിശ്ചിത സമയം അവസാനിക്കാൻ അഞ്ചു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഷിയാ ചാർലസ് ടീമിന്‍റെ വിജയഗോൾ നേടി. അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ആഴ്സണൽ കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 2021നു ശേഷം ആദ്യമായി സതാംപ്ടൺ എഫ്.എ കപ്പ് സെമി ഫൈനലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

