പ്രഫഷനൽ ഫുട്ബാളിനോട് വിട പറഞ്ഞ് മെസ്യൂത് ഓസിൽ
text_fields2014 ലോകകപ്പ് കിരീടം ചൂടിയ ജർമനിയുടെ പത്താം നമ്പർ കുപ്പായത്തിൽ മിന്നിത്തിളങ്ങിയ മെസ്യൂത് ഓസിൽ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. തുടര്‍ച്ചയായ പരിക്ക് കാരണമാണ് 34ാം വയസ്സില്‍ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് താരം വിവരം പങ്കുവെച്ചത്. 17 വര്‍ഷമായി പ്രഫഷനല്‍ ഫുട്‌ബാള്‍ കളിക്കാനായതില്‍ തനിക്ക് അതിയായ നന്ദിയുണ്ടെന്നും കഴിഞ്ഞ കുറെക്കാലമായി പരിക്കുകള്‍ തന്നെ വേട്ടയാടുകയാണെന്നും താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുൻ റയൽ മഡ്രിഡ്, ആഴ്സണൻ താരമായ ഓസിൽ, 2014 ബ്രസീൽ ലോകകപ്പ് നേടിയ ജർമൻ ടീമിലെ വിജയശിൽപിയായിരുന്നു.
2018 ലോകകപ്പിൽ ജർമൻ ടീം ഗ്രൂപ് റൗണ്ടിൽ പുറത്തായതിനു പിന്നാലെയാണ് വംശീയാധിക്ഷേപങ്ങൾക്കിരയായി 30ാം വയസ്സിൽ ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മടങ്ങുന്നത്. തുര്‍ക്കിയ വംശജനായ ഓസില്‍ തുര്‍ക്കിയ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ചിത്രമെടുത്തതിന്റെ പേരില്‍ ജർമനിയിൽ രൂക്ഷമായി വിമർശിക്കപ്പെട്ടു. തുടർന്നായിരുന്നു ജർമൻ ഫുട്ബാൾ ഫെഡറേഷനെതിരെ രൂക്ഷ വിമർശനമുയർത്തി താരം ദേശീയ ടീമിന്റെ പടിയിറങ്ങിയത്. ഖത്തർ ലോകകപ്പിനിടെ ദോഹയിലെത്തിയ താരം ഖത്തറിലെ ലോകകപ്പ് ആതിഥേയത്വത്തെ പ്രശംസിച്ചിരുന്നു.
‘നിരവധി അവിസ്മരണീയ മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളുമുള്ള ആനന്ദകരമായ യാത്രയായിരുന്നു. ഷാൽക്കെ 04, വെർഡർ ബ്രേമൻ, റയൽ മാഡ്രിഡ്, ആഴ്‌സണൽ എഫ്.സി, ഫെനർബാഷ്, ബസക്സെഹിർ തുടങ്ങിയ ക്ലബുകൾക്കും പിന്തുണച്ച പരിശീലകർക്കും സുഹൃത്തുക്കളായ സഹതാരങ്ങൾക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നു. സാഹചര്യങ്ങളും കളിച്ച ക്ലബുകളും നോക്കാതെ തന്നെ സ്‌നേഹിച്ച ആരാധകരോട് നന്ദി പറയുന്നു. തന്റെ ഭാര്യ ആമിനയുടെയും മക്കളായ എദയുടെയും ഏലയുടെയും കൂടെയുള്ള ജീവിതമാണ് മുമ്പിലുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിയിക്കാം’ -ഓസിൽ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.
രാജ്യത്തിനും ക്ലബുകൾക്കുമായി 645 മത്സരങ്ങൾ കളിച്ച ഓസിൽ 114 ഗോളുകൾ നേടുകയും 222 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ജർമൻ ക്ലബായ ഷാൽക്കെ 04റിലൂടെയാണ് കരിയർ തുടങ്ങുന്നത്. ആഴ്സണൽ കരാർ അവസാനിപ്പിച്ചതിന് ശേഷം ഓസിൽ 2021ൽ തുർക്കി ടീമായ ഫെനർബാഷെയിൽ ചേർന്നു. ഒരു വർഷത്തിനുള്ളിൽ ഇസ്താംബുൾ ബസക്സെഹിറിലേക്ക് മാറി. ക്ലബിനുവേണ്ടി ഏഴു മത്സരങ്ങളിൽ മാത്രമാണ് താരം കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

