യൂറോപ്യൻ ക്ലാസിക്കോ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഇന്നുമുതൽ
text_fieldsമഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ചൊവ്വാഴ്ച മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ. ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടോപ്പർമാരായ ആഴ്സനലും പോർചുഗലിലെ സ്പോർട്ടിങ് സി.പിയും തമ്മിലാണ് മറ്റൊരു മത്സരം. ബുധനാഴ്ച നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയെ ലിവർപൂളും ബാഴ്സലോണയെ അത്‍ലറ്റികോ മഡ്രിഡും നേരിടും.
‘യൂറോപ്യൻ ക്ലാസിക്കോ’ എന്ന് വിശേഷിപ്പിക്കുന്ന റയൽ-ബയേൺ പോരാട്ടം മഡ്രിഡിലെ സാൻഡിയാഗോ ബെർണബ്യൂവിലാണ് നടക്കുന്നത്. സ്വന്തം തട്ടകത്തിൽ ഇറങ്ങുന്ന റയലിനാണ് കണക്കിൽ മുൻതൂക്കം. ബയേണിനെതിരായ അവസാന ഒമ്പത് മത്സരങ്ങളിൽ ഇവർ തോൽവിയറിഞ്ഞില്ല. 2011-12ലാണ് ഏറ്റവും ഒടുവിലായി സ്പാനിഷ് വമ്പന്മാരെ ജർമൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാർ വീഴ്ത്തിയത്. യൂറോപ്യൻ പോരാട്ടങ്ങളിൽ ഇരുടീമും 28 തവണ മുഖാമുഖം വന്നപ്പോൾ 13ൽ റയലും 11ൽ ബയേണും ജയിച്ചു. ബാക്കി നാല് മത്സരങ്ങളിൽ ഒപ്പത്തിനൊപ്പമായിരുന്നു. 2023-24ലെ സെമിയിൽ ബയേണിനെ മടക്കി റയൽ ഫൈനലിലെത്തിയതിൽപിന്നെ ഇപ്പോഴാണ് വീണ്ടും നേർക്കുനേർ വരുന്നത്.
ലോക ഫുട്ബാളിലെ സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബാപ്പെയും ഹാരി കെയ്നും ഇരുഭാഗത്തുമായി അണിനിരക്കുന്നതിന്റെ ആവേശം ഈ മത്സരത്തിനുണ്ട്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമാണ് എംബാപ്പെ. ഒമ്പത് മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ. 10 ഗോൾ സ്വന്തമാക്കിയ കെയ്നിന്റെ പരിക്ക് ബയേണിന് ആശങ്കയാണ്. ഇംഗ്ലീഷ് താരം കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം, പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് നീങ്ങുന്ന ആഴ്സനലിന് ഡബിളടിക്കാനുള്ള അവസരം കൂടിയാണ് ചാമ്പ്യൻസ് ലീഗ്. ഇംഗ്ലീഷ് ലീഗ് കപ്പിൽ റണ്ണറപ്പാവുകയും എഫ്.എ കപ്പ് ക്വാർട്ടറിൽ പുറത്താവുകയും ചെയ്തിട്ടുണ്ട് ഗണ്ണേഴ്സ്. സ്പോർട്ടിങ്ങിന്റെ തട്ടകമായ ലിസ്ബണിലെ ജോസ് അൽവലാദെ സ്റ്റേഡിയത്തിലാണ് ആദ്യ പാദ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

