യൂറോപ ലീഗ്: റോമ- സെവിയ്യ ഫൈനൽ
text_fieldsറോം: യൂറോപ ലീഗ് ഫുട്ബാളിന്റെ ഫൈനലിൽ റോമയും സെവിയ്യയും ഏറ്റുമുട്ടും. മേയ് 31ന് ഹംഗറിയിലെ ബുഡപെസ്റ്റിലാണ് ഫൈനൽ. ജർമൻ ക്ലബായ ബയർ ലെവർകൂസനെതിരെ ആദ്യപാദത്തിലെ 1-0ത്തിന്റെ ജയത്തിലൂടെയാണ് ഇറ്റാലിയൻ ടീമായ റോമ ഫൈനലുറപ്പിച്ചത്. രണ്ടാം പാദ സെമിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇരു പാദങ്ങളിലുമായി ഇറ്റാലിയൻ ടീം യുവന്റസിനെ 3-2ന് കീഴടക്കിയാണ് സ്പാനിഷ് സംഘമായ സെവിയ്യ ഫൈനലിലേക്ക് കുതിച്ചത്. രണ്ടാം പാദ സെമിയിൽ 2-1നായിരുന്നു ആറു വട്ടം ജേതാക്കളായ സെവിയ്യ മുന്നേറിയത്. ആദ്യ പാദത്തിൽ 1-1ന് സമനിലയിലായിരുന്നു.
ജോസെ മൗറീന്യോ പരിശീലിപ്പിക്കുന്ന റോമക്കെതിരെ സാബി അലോൻസോ തന്ത്രമോതുന്ന ബയർ ലെവർകൂസനാണ് രണ്ടാം പാദ സെമിയിൽ മികച്ചുനിന്നത്. തുടക്കത്തിൽ ലെവർകൂസൻ ഫോർവേഡ് മൗസ ഡിയാബിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. പ്രതിരോധം അടിയുറച്ചു നിന്നതോടെയാണ് റോമയുടെ വലയിൽ ഗോൾ വീഴാതിരുന്നത്. ആക്രമണത്തിന് ടീം കാര്യമായി ഉത്സാഹിച്ചതുമില്ല. ഒരു തവണയാണ് ഗോളടിക്കാൻ ശ്രമം നടത്തിയത്. എഡ്വേഡോ ബാവോയുടെ ആദ്യ പാദ ഗോളിന്റെ സഹായത്താൽ ഒടുവിൽ റോമ കലാശക്കളിയിലേക്ക് പ്രവേശനം ഉറപ്പിക്കുകയായിരുന്നു. അധികസമയത്തെ രണ്ടു ഗോളുകളിലാണ് സെവിയ്യ ഫൈനലിന് അർഹരായത്. ദുസാൻ വ്ലാഹോവിച്ച് 65ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഇരു പാദങ്ങളിലുമായി 2-1ന് യുവന്റസ് മുന്നിലെത്തി. ഏഴു മിനിറ്റിനുശേഷം സെവിയ്യയുടെ സബ്സ്റ്റിറ്റ്യൂട്ട് സുസോ ലോങ് റേഞ്ചിലൂടെ തിരിച്ചടിച്ചു. നിശ്ചിത സമയത്ത് സമനിലയിലായതോടെ കളി അധികസമയത്തേക്ക് നീണ്ടു. 95ാം മിനിറ്റിൽ അർജന്റീനക്കാരൻ എറിക് ലമേലയുടെ തകർപ്പൻ ഹെഡറാണ് ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. യൂറോപ കോൺഫറൻസ് ലീഗിൽ വെസ്റ്റ്ഹാമും ഫിയോറന്റിനയും ഫൈനലിലെത്തി.
ഇത്തവണ യൂറോപ്പിലെ ഏറ്റവും പ്രധാന മൂന്ന് ലീഗുകളിലും ഇറ്റലിയിൽനിന്നുള്ള ടീമുകൾ ഫൈനലിലെത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാൻ, യൂറോപ്പയിൽ റോമ, കോൺഫറൻസ് ലീഗിൽ ഫിയോറന്റിന എന്നീ ടീമുകളാണ് ഇറ്റാലിയൻ ഫുട്ബാളിന് പുതിയ ഊർജമാകുന്നത്.