അമ്പോ എമ്മാതിരി കംബാക്ക്! അധിക സമയത്തിന്‍റെ ഇൻജുറി ടൈമിൽ ലിയോണിന്‍റെ ഹൃദയം തകർത്ത് യുനൈറ്റഡ്, യൂറോപ്പ ലീഗ് സെമിയിൽ
text_fieldsമാഞ്ചസ്റ്റർ: 114ാം മിനിറ്റ് വരെ 2-4ന് പിന്നിൽ, പിന്നീട് ഓൾഡ് ട്രാഫോർഡ് കണ്ടത് ഫുട്ബാളിലെ അവിശ്വസനീയ തിരിച്ചുവരവുകളിലൊന്ന്! യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാംപാദത്തിൽ 5-4ന് ഫ്രഞ്ച് ക്ലബ് ലിയോണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുനൈറ്റഡ് സെമിയിൽ കടന്നു.
അഗ്രഗേറ്റ് സ്കോർ 7-6. ആദ്യ പാദം 2-2 സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു. നന്നായി തുടങ്ങിയിട്ടും പതിവുപോലെ സ്വന്തം തട്ടകത്തിൽ മറ്റൊരു തോൽവി കൂടി ഉറപ്പിച്ചിരിക്കെയാണ് ആരാധകരെ ആവേശത്തിലാക്കി യുനൈറ്റഡിന്‍റെ നാടകീയ തിരിച്ചുവരവ്. മത്സരത്തിൽ രണ്ടു ഗോളിന്‍റെ ലീഡുമായാണ് യുനൈറ്റഡ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാംപകുതിയിൽ ലിയോൺ രണ്ടു ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. നിശ്ചിത സമയം അവസാനിക്കാൻ ഒരുമിനിറ്റ് മാത്രം ബാക്കി നിൽക്കെ, കോറന്‍റിൻ ടോളിസോ ചുവപ്പ് കാർഡ് വാങ്ങി പുറത്തായത് ലിയോണിന് തിരിച്ചടിയായി.
നിശ്ചിത സമയത്ത് 2-2 സ്കോറിൽ സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് കടന്നത്. പത്ത് പേരുമായി കളിച്ച ലിയോൺ രണ്ട് ഗോളുകൾ കൂടി യുനൈറ്റഡിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു, 4-2ന് മുന്നിൽ. 114ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റി വലയിലാക്കി ഒരു ഗോൾ മടക്കി. അധിക സമയത്തിന്‍റെ അവസാന മിനിറ്റിൽ (120) കോബി മൈനുവിന്‍റെ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ യുനൈറ്റഡ് ഒപ്പമെത്തി. അഗ്രഗേറ്റ് സ്കോർ 6-6.
ഷൂട്ടൗട്ടിലേക്ക് കടക്കുമെന്ന് ഏവരും ഉറപ്പിച്ചിരിക്കെയാണ് ഇൻജുറി ടൈമിൽ മുൻ ക്യാപ്റ്റൻ ഹാരി മഗ്വയർ ഓൾഡ് ട്രാഫോർഡിൽ രക്ഷകനായി അവതരിക്കുന്നത്. ബ്രസീൽ താരം കാസെമിറോ ബോക്സിനുള്ളിലേക്ക് ഉയർത്തി നൽകിയ പന്ത് മഗ്വയർ കിടിലൻ ഹെഡ്ഡറിലൂടെ വലയിലാക്കുമ്പോൾ ലിയോൺ ഗോളിക്ക് നിസ്സഹായനായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളു. ഓൾഡ് ട്രാഫോർഡിൽ ആർപ്പുവിളികൾ ഉച്ചസ്ഥായിയിൽ. ഇരുപാദങ്ങളിലുമായി സ്കോർ 7-6. ഈ വിജയം, ചാമ്പ്യൻസ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന യുനൈറ്റഡിന് ഒരു പുത്തൻ ഉണർവ് നൽകും.
മത്സരം തുടങ്ങി 10ാം മിനിറ്റിൽ തന്നെ മാനുവൽ ഉഗാർതെയിലൂടെ യുനൈറ്റഡ് മുന്നിലെത്തിയിരുന്നു. ഗർനാചോയാണ് ഗോളിന് വഴിയൊരുക്കിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+1) ഡിയാഗോ ഡാലോട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. ഹാരി മഗ്വയറിന്റെ ലോങ് പാസ് സ്വീകരിച്ചായിരുന്നു ഡാലോട്ടിന്റെ ഫിനിഷ്.
രണ്ടാം പകുതിയിൽ ലിയോൺ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. 71ാം മിനിറ്റിൽ ടൊലിസോയുടെ ഹെഡറിലൂടെ ഫ്രഞ്ച് ക്ലബ് ഒരു ഗോൾ മടക്കി. 78ാം മിനിറ്റിൽ ടാഗ്ലിയഫികോയിലൂടെ ലിയോൺ സമനില ഗോൾ കണ്ടെത്തി. 88ാം മിനിറ്റിൽ നായകൻ ടൊലിസോ രണ്ടാം മഞ്ഞ കാർഡ് വാങ്ങിയാണ് പുറത്തുപോയത്. ഇതോടെ ലിയോൺ 10 പേരായി ചുരുങ്ങി.
എങ്കിലും നിശ്ചിത സമയത്ത് ഇത് മുതലെടുക്കാൻ യുനൈറ്റഡിനായില്ല. സ്കോർ 2-2. അഗ്രഗേറ്റ് സ്കോർ 4-4. മത്സരം അധിക സമയത്തേക്ക്. 104ാം മിനിറ്റിൽ ഷെർകി ലിയോണിനെ മുന്നിലെത്തിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലിയോണ് അനുകൂലമായി ലഭിച്ച പെനാൽറ്റി അലക്സാണ്ടർ ലകാസെറ്റ് വലയിലാക്കി.
113ാം മിനിറ്റിൽ യുനൈറ്റഡിന് അനുകൂലമായി പെനാൽറ്റി. ബ്രൂണോ പന്ത് ലക്ഷ്യത്തിലെത്ത് പ്രതീക്ഷ നൽകി. 120ാം മിനിറ്റിൽ മൈനുവിലൂടെ യുണൈറ്റഡിന്റെ സമനില ഗോൾ. 123ാം മിനിറ്റിൽ മഗ്വയറിന്റെ ഫിനിഷ്. സെമിയിൽ അത്ലറ്റിക് ക്ലബാണ് യുനൈറ്റഡിന്‍റെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

