യൂറോപ്പ ലീഗ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്ററിന് തോൽവിത്തുടക്കം
text_fieldsമാഞ്ചസ്റ്റർ: യുവേഫ യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് സ്വന്തം തട്ടകത്തിൽ തോൽവിയോടെ തുടക്കം. റയൽ സോസീഡാഡ് ആണ് മടക്കമില്ലാത്ത ഒരു ഗോളിന് ആതിഥേയരെ തകർത്തത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, കാസെമിറോ, ഹാരി മഗ്വയർ എന്നിവർക്ക് ആദ്യ ഇലവനിൽ തന്നെ അവസരം നൽകിയാണ് എറിക് ടെൻ ഹാഗ് ടീമിനെ ഇറക്കിയത്. തുടർച്ചയായ നാല് മത്സരങ്ങളിൽ ആദ്യ ഇലവനിൽനിന്ന് പുറത്തിരുത്തിരുന്ന ശേഷമാണ് റൊണാൾഡോക്ക് അവസരം ലഭിക്കുന്നത്. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്താനും മാഞ്ചസ്റ്റർ യുനൈറ്റഡിനായി. എന്നാൽ, സോസിഡാഡ് ഗോൾകീപ്പറെ കീഴടക്കാനായില്ല. ആദ്യ പകുതിയുടെ അവസാനത്തിൽ റൊണാൾഡോ ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
രണ്ട് മാറ്റങ്ങളുമായാണ് ടെൻ ഹാഗ് ഹാഫ് ടൈമിന് ശേഷം ടീമിനെ ഇറക്കിയത്. ബ്രൂണോ ഫെർണാണ്ടസിനെയും ലിസാൻഡ്രോ മാർട്ടിനസിനെയുമാണ് കളത്തിലെത്തിച്ചത്. എന്നാൽ, 59ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനസിന്റെ കൈയിൽ പന്ത് തട്ടിയതിന് സോസീഡാഡിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത് മാഞ്ചസ്റ്ററിന് തിരിച്ചടിയായി. ബ്രെയ്‌സ് മെൻഡസ് ഇത് വലയിലെത്തിച്ച് അവരുടെ വിജയഗോളും കുറിച്ചു. തിരിച്ചടിക്കാൻ ടെൻ ഹാഗ് സബ്സ്റ്റിറ്റ്യൂഷൻ നടത്തിയെങ്കിലും സോസീഡാഡ് വല കുലുക്കാനായില്ല.
പ്രീമിയർ ലീഗിൽ തുടർച്ചയായ നാല് ജയങ്ങളുമായി പഴയ ഫോമിലേക്ക് ടീം തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചെങ്കിലും യൂറോപ്പയിലെ തോൽവി ടെൻഹാഗിനും സംഘത്തിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
മറ്റൊരു മത്സരത്തിൽ ആഴ്സണൽ 2-1ന് എഫ്.സി സൂറിച്ചിനെ തോൽപിച്ചു. പതിനാറാം മിനിറ്റിൽ മാർക്വിഞ്ഞോസും 62ാം മിനിറ്റിൽ എഡ്ഡിയുമാണ് ഗണ്ണേഴ്സിനായി വല കുലുക്കിയത്. സൂറിച്ചിനായി മിർലിൻഡ് ക്രേസ്യൂ പെനാൽറ്റിയിലൂടെ ആശ്വാസ ഗോൾ നേടി.