സെൽഫ് ഗോളിൽ രക്ഷപ്പെട്ട് ഫ്രാൻസ്; ഓസ്ട്രിയക്കെതിരെ 1-0ന് ജയം
text_fieldsബെർലിൻ: യൂറോ കപ്പ് ഡി ഗ്രൂപ്പിലെ മത്സരത്തിൽ ഓസ്ട്രിയക്കെതിരെ ഫ്രാൻസിന് 1-0ന് ജയം. 38ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം. അതേസമയം, മുൻ ചാമ്പ്യന്മാർക്കെതിരെ ആസ്ട്രിയ കടുത്ത പോരാട്ടം പുറത്തെടുത്തു.
കിരീടസാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നായ ഫ്രാൻസിന് ആരാധകർ പ്രതീക്ഷിച്ച കളിമികവ് പുറത്തെടുക്കാനായില്ല. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38ാം മിനിറ്റിൽ എംബാപ്പെ ഡ്രിബിള്‍ ചെയ്‌ത് മുന്നേറിയ ശേഷമെടുത്ത ഷോട്ട് ഹെഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള വോബറിന്‍റെ ശ്രമം ഗോളായി മാറുകയായിരുന്നു. പിന്നീട് ഗോൾ മടക്കാൻ ഓസ്ട്രിയക്ക് സാധിച്ചില്ലെങ്കിലും ഫ്രഞ്ച് താരങ്ങളെ പൂട്ടിയിടാൻ അവർക്കായി. ഇടക്ക് ചില മുന്നേറ്റങ്ങളിലൂടെ എതിർഗോൾമുഖത്തെത്താനും കഴിഞ്ഞു.
55ാം മിനിറ്റിൽ എംബാപ്പെക്ക് ഗോൾ നേടാൻ അവസരമുണ്ടായെങ്കിലും ഗോളി മാത്രം മുന്നിൽ നിൽക്കെ എടുത്ത ഷോട്ട് പുറത്തേക്ക് പോയി. ഗ്രീസ്മാനെയും ഡെംബലയെയും ഓസ്ട്രിയൻ പ്രതിരോധക്കാർ അനങ്ങാൻ സമ്മതിക്കാതായതോടെ മുന്നേറ്റങ്ങൾ അധികവും എംബാപ്പെയുടേതായിരുന്നു.
കരുത്തരായ നെതർലൻഡ്സിനെതിരെ ജൂൺ 22നാണ് ഫ്രാൻസിന്‍റെ അടുത്ത മത്സരം. 21ന് ഓസ്ട്രിയ പോളണ്ടുമായി ഏറ്റുമുട്ടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

