റൊണാൾഡോയുടെ കാലം കഴിഞ്ഞിട്ടില്ല; സാന്റോസ് മാറ്റിനിർത്തിയ ടീമിലേക്ക് റൊണാൾഡോയെ തിരിച്ചുവിളിച്ച് പോർച്ചുഗൽ
text_fields2024ലെ യൂറോ കപ്പ് യോഗ്യത പോരാട്ടങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഖത്തർ ലോകകപ്പിൽ മൊറോക്കോക്ക് മുന്നിൽ മുട്ടുമടക്കി പറങ്കിപ്പട ക്വാർട്ടറിൽ മടങ്ങിയതിനു പിന്നാലെ 38കാരൻ ടീമിലുണ്ടാകുമോയെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. അന്നത്തെ കോച്ച് ഫെർണാണ്ടോ സാന്റോസിനു പകരം റോബർട്ടോ മാർട്ടിനെസ് പരിശീലകക്കുപ്പായത്തിൽ എത്തിയതോടെയാണ് റൊണാൾഡോയെ തിരികെ വിളിക്കുന്നത്. ലോകകപ്പിൽ ചില മത്സരങ്ങളിലും റൊണാൾഡോക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. മാറ്റിനിർത്തപ്പെടുന്നതിൽ താരം അസന്തുഷ്ടി അറിയിക്കുകയും ചെയ്തതതാണ്. ലോകകപ്പിനു ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് സൗദി ടീമായ അൽനസറിൽ ചേർന്ന ക്രിസ്റ്റ്യാനോ മികച്ച പ്രകടനവുമായി ആരാധകരുടെ ആവേശമാണ്. ടീമിനായി ഇതിനകം എട്ടു ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ടീമിൽ റൊണാൾഡോ സുപ്രധാന സാന്നിധ്യമാണെന്നും പ്രായം വിഷയമല്ലെന്നും മാർടിനെസ് പറഞ്ഞു. ടീമിൽ റൊണാൾഡോ സുപ്രധാന സാന്നിധ്യമാണെന്ന് മാർടിനെസ് പറഞ്ഞു. ‘പ്രതിബദ്ധതയുള്ള താരമാണയാൾ. പരിചയം പ്രയോജനപ്പെടുത്താനാകും. ടീമിൽ വലിയ സാന്നിധ്യമാണ്. പ്രായം ഞാൻ പരിഗണിക്കുന്നില്ല’’- കോച്ചിന്റെ വാക്കുകൾ.
ലീക്റ്റെൻസ്റ്റീൻ, ലക്സംബർഗ് ടീമുകൾക്കെതിരെ ഈ മാസമാണ് യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ. മാർച്ച് 23ന് ലീക്റ്റെൻസ്റ്റീനെതിരെയാണ് ആദ്യ മത്സരം. 196 കളികളിൽ ക്രിസ്റ്റ്യാനോ 118 ഗോളുകൾ നേടിയിട്ടുണ്ട്.
ടീം- ഗോൾകീപർമാർ: ഡിയോഗോ ജോട്ട, ജോസ് സാ, റൂയി പട്രീഷ്യോ. പ്രതിരോധം: അന്റോണിയോ സിൽവ, ഡാനിലോ പെരേര, ഡിയോഗോ ലീറ്റെ, ഗൊൺസാലോ ഇനാഷ്യോ, യൊആവോ കാൻസലോ, ഡിയാഗോ ഡാലട്ട്, പെപ്പെ, നൂനോ മെൻഡിസ്, റാഫേൽ ഗ്വരേരോ, റൂബൻ ഡയസ്.
മിഡ്ഫീൽഡ്: ബ്രൂണോ ഫെർണാണ്ടസ്, യൊആവോ പാലീഞ്ഞ, യൊആവോ മരിയോ, മാത്യൂസ് നൂനസ്, റൂബൻ നെവസ്, വിറ്റിഞ്ഞ, ബെർണാഡോ സിൽവ.
മുന്നേറ്റം: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോട്ട, ഗൊൺസാലോ റാമോസ്, യൊആവോ ഫെലിക്സ്, റാഫേൽ ലിയാവോ.