ജിബ്രാൾട്ടറിനെ ഗോളിൽ മുക്കി ഫ്രാൻസ്; പത്തുപേർ ഗോളടിച്ച മത്സരത്തിൽ റെക്കോഡ് ജയം (14-0); എംബാപ്പെക്ക് ഹാട്രിക്ക്
text_fieldsയൂറോ 2024 യോഗ്യത മത്സരത്തിൽ ഫ്രാൻസിന്‍റെ ഗോൾ മഴ. ജിബ്രാർട്ടറിനെ ഏകപക്ഷീയമായ 14 ഗോളിന് തകർത്ത് ഫ്രഞ്ച് പട സ്വന്തമാക്കിയത് ടീമിന്‍റെ ചരിത്രത്തിലെ റെക്കോഡ് ജയം.
ഫ്രാൻസിനായി പത്ത് താരങ്ങളാണ് ഗോളടിച്ചത്. നീസിലെ അലയൻസ് റിവിയേര സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുന്നിൽ ടീമിന്‍റെ ഏറ്റവും വലിയ വിജയമാണ് എംബാപ്പെയും സംഘവും കുറിച്ചത്. സൂപ്പർതാരം ഹാട്രിക് നേടി. 40 വാരെ അകലെ നിന്ന് നേടിയ സൂപ്പർ ഗോളും ഇതിൽ ഉൾപ്പെടും. യുവതാരം വാറൻ സയർ എമറി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഫ്രാൻസിനായി വലകുലുക്കി. 1914നുശേഷം ഫ്രാൻസിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇതോടെ എമറി. 17 വയസ്സും എട്ടു മാസവും 11 ദിവസവും.
എതിരാളികളെ കാഴ്ചക്കാരാക്കി മത്സരത്തിൽ ഫ്രഞ്ച് പടയുടെ സമ്പൂർണ ആധിപത്യമായിരുന്നു. രണ്ടു പകുതികളിലുമായി ഏഴു ഗോൾ വീതമാണ് എതിരാളികളുടെ വലയിൽ ഫ്രാൻസ് അടിച്ചുകൂട്ടിയത്. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ സെൽഫ് ഗോളിലൂടെ ആതിഥേയർ മുന്നിലെത്തി. ഫ്രഞ്ച് താരത്തിന്‍റെ ക്രോസ് ജിബ്രാൾട്ടർ താരം ഏഥൻ സാന്റോസിന്‍റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറി. നാലാം മിനിറ്റിൽ മാർകസ് തുറാം ലീഡ് ഉയർത്തി. 16ാം മിനിറ്റിലായിരുന്നു കോമാന്‍റെ അസിസ്റ്റിൽ എമറിയുടെ അരങ്ങേറ്റ ഗോൾ.
ഗോൾ നേടുന്നതിനിടെ ഏഥൻ സാന്റോസിന്‍റെ അപകടകരമായ ടാക്ലിങ്ങിൽ കാലിന് പരിക്കേറ്റ് യുവതാരം കളത്തിനു പുറത്തേക്ക്. വാർ പരിശോധനയിൽ സാന്‍റോസിന് റഫറിയുടെ ചുവപ്പ് കാർഡ്. പിന്നാലെ 10 പേരിലേക്ക് ചുരുങ്ങിയതോടെ കളത്തിൽ ഫ്രാൻസിന്‍റെ സർവാധിപത്യമായിരുന്നു. 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നായകൻ എംബാപ്പെ അനായാസം വലയിലെത്തിച്ചു. പിന്നാലെ ടീമിന്‍റെ ഗോൾ വർഷമായിരുന്നു.
ജൊനാഥൻ ക്ലോസ് (34ാം മിനിറ്റിൽ), കിങ്സ്ലി കോമാൻ (36ാം മിനിറ്റിൽ), യൂസഫ് ഫോഫാന (37ാം മിനിറ്റിൽ) എന്നിവർ ഫ്രാൻസിനായി ഗോൾ കണ്ടെത്തി. ഒടുവിൽ ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 7-0. രണ്ടാം പകുതിയുടെ 63ാം മിനിറ്റിൽ അഡ്രിയാൻ റാബിയറ്റിലൂടെ ഫ്രഞ്ചുകാർ വീണ്ടും ഗോളടിച്ചു തുടങ്ങി. പിന്നാലെ എംബാപ്പെയുമായി ചേർന്നുള്ള മികച്ചൊരു മുന്നേറ്റത്തിലൂടെ കോമാൻ 65ാം മിനിറ്റിൽ തന്‍റെ രണ്ടാം ഗോൾ നേടി. പകരക്കാരനായെത്തിയ ഡെംബലെയും (73ാം മിനിറ്റിൽ) ഇതിനിടെ വലകുലുക്കി. ഒരു മിനിറ്റിനിടെ തിയോ ഹെർണാണ്ടസിന്റെ അസിസ്റ്റന്‍റിലൂടെ എംബാപ്പെയും രണ്ടാം ഗോൾ കണ്ടെത്തി.
ഒലീവർ ജിറൂഡിന്‍റെ ഗോൾ റഫറി വാർ പരിശോധനയിൽ നിഷേധിച്ചു. 82ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ കാലിൽനിന്ന് മത്സരത്തിലെ സൂപ്പർഗോൾ പിറന്നത്. മൈതാന മധ്യത്തിൽനിന്ന് പന്ത് സ്വീകരിച്ച താരം മുന്നോട്ടു കേറി നിൽക്കുന്ന എതിർ ഗോളിയെ കണ്ടതും 40 വാരെ അകലെ നിന്ന് വല ലക്ഷ്യമാക്കി പന്ത് തൊടുക്കുകയായിരുന്നു. താരത്തിന്‍റെ കണക്കുകൂട്ടൽ തെറ്റിയില്ല. ഉയർന്നു ചാടിയ ഗോളിയെയും കീഴ്പ്പെടുത്തി പന്ത് വലയിൽ. താരത്തിന്‍റെ ഹാട്രിക് ഗോൾ. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ജിറൂഡ് രണ്ടു തവണ വലകുലുക്കി. 89ാം മിനിറ്റിലും ഇൻജുറി ടൈമിലും (90+1).
മത്സരത്തിൽ 73 ശതമാനവും പന്ത് കൈവശം വെച്ച ഫ്രാൻസിന്‍റെ അക്കൗണ്ടിൽ 39 ഷോട്ടുകളും ടാർഗറ്റിൽ 20ഉം. അതേസമയം, ജിബ്രാൾട്ടറിന്‍റെ കണക്കിൽ പൂജ്യം. ജർമനി വേദിയാകുന്ന യൂറോ കപ്പിന് ഇതിനകം തന്നെ ടിക്കറ്റെടുത്ത ഫ്രാൻസ്, ബി ഗ്രൂപ്പിൽ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളും ജയിച്ച് 21 പോയന്‍റുമായി ഒന്നാമതാണ്. 15 പോയന്‍റുള്ള നെതർലൻഡാണ് ഗ്രൂപ്പിൽ രണ്ടാമത്. ഗ്രീസുമായാണ് ഫ്രാൻസിന്‍റെ അടുത്ത മത്സരം.