ഒരേയൊരു ഹാലൻഡ്! യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം സിറ്റി താരത്തിന്
text_fieldsമാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ എർലിങ് ഹാലൻഡിന് യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. അർജന്‍റൈൻ ഇതിഹാസ താരം ലയണൽ മെസ്സി, സിറ്റിയിലെ സഹതാരമായ കെവിൻ ഡിബ്രൂയിൻ എന്നിവരെ പിന്തള്ളിയാണ് 23കാരനായ നോർവീജിയക്കാരൻ യുവേഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞദിവസം പ്രൊഫഷനൽ ഫുട്ബാളേഴ്സ് അസോസിയേഷന്‍റെ (പി.എഫ്.എ) പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും ഹാലൻഡ് നേടിയിരുന്നു. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ ഗംഭീരപ്രകടനമാണ് താരത്തിനെ പുരസ്കാരത്തിന് അർഹനാക്കിയത്. സിറ്റിക്കായി വിവിധ ചാമ്പ്യൻഷിപ്പുകളിൽ 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.
ടീമിനെ അപൂർവ ട്രിപ്ൾ കിരീടത്തിലേക്കും നയിച്ചു. ചാമ്പ്യൻസ് ലീഗിനു പുറമെ, പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും സിറ്റി കിരീടം നേടിയിരുന്നു. നേരത്തെ, പ്രീമിയർ ലീഗിലെ പ്ലെയർ ഓഫ് ദ സീസൺ പുരസ്കാരവും ഫുട്ബാൾ റൈറ്റേഴ്സ് അസോസിയേഷന്‍റെ പുരുഷ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്.
സ്പെയിൻ താരം ഐറ്റാന ബോൺമതിക്കാണ് വിമൻസ് പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം. മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള മികച്ച പുരുഷ പരിശീലകനായും ഇംഗ്ലണ്ടിന്‍റെ സറീന വീഗ്മാൻ മികച്ച വനിത പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

