നോർവെയുടെ ഗോൾ മഴ; ഒരു കളിയിൽ ഹാലൻഡ് നേടിയത് അഞ്ചുഗോൾ -വിഡിയോ
text_fieldsനോർവെയുടെ വിജയം ആഘോഷിക്കുന്ന എർലിങ് ഹാലൻഡ്
ലണ്ടൻ: മൊൾഡോവൻ ഗോൾ കീപ്പർ ക്രിസ്റ്റ്യൻ അവ്റാമിന് ഈ 90 മിനിറ്റിന് 90 മണിക്കൂറിന്റെ ദൈർഘ്യമുണ്ടായിരുന്നു. പന്തുരുണ്ട് തുടങ്ങിയ ആദ്യ മിനിറ്റു മുതൽ എതിരാളികൾ കൂട്ടംചേർന്ന് തന്റെ വലകുലുക്കാൻ തുടങ്ങിയാൽ, ഏത് ഗോളിക്കാണ് സമയവും കാലവും തെറ്റി ഭ്രാന്താവാതിരിക്കുക.
ആറാം മിനിറ്റിൽ ഫെലിക്സ് മെയ്ർ നേടിയ ഗോളിലൂടെ തുടക്കം കുറിച്ചതാണ് നോർവെ. 90 മിനിറ്റ് പൂർത്തിയായപ്പോൾ സ്കോർ ബോർഡിൽ 11 ഗോളുകൾ. 11ാം മിനിറ്റിൽ ഗോളടിയുടെ ചുമതല ഏറ്റെടുത്ത മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാലൻഡ് നേടിയത് അഞ്ച് ഗോളുകൾ. സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ റേഞ്ചഴ്സിന്റെ താരം തിലോ ആസ്ഗാർഡ് നാല് ഗോൾ കൂടി നേടിയതോടെ നോർവെയുടെ മൊൾഡോവ വധം പൂർത്തിയായി.
യുവേഫ ലോകകപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ‘ഐ’ മത്സരത്തിൽ 11-1നായിരുന്നു നോർവെയുടെ വിജയം. ഹാലൻഡ് അഞ്ചു ഗോളുകൾ നേടിയപ്പോൾ, സഹതാരങ്ങളും അവസരത്തിനൊത്തുയർന്നു. മാർടിൻ ഒഡെഗാഡ്, ഫെലിക്സ് ഹോൺ മെയർ എന്നിവർ ഓരോ ഗോളും നേടി. എതിരാളികളായ മൊൾഡോവയുടെ ആശ്വാസമായ ഒരു ഗോൾ സമ്മാനിച്ചതും നോർവെ താരങ്ങളായിരുന്നു. 74ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയാണ് അവർക്ക് അനുകൂലമായ ഗോൾ പിറന്നത്. ഗ്രൂപ്പിലെ അഞ്ചിൽ അഞ്ച് മത്സരവും ജയിച്ച് നോർവെ ലോകകപ്പ് യോഗ്യത ഉറപ്പിക്കാവുന്ന നിലയിലേക്കുയർന്നു. 15 പോയന്റുമായി ഒന്നാമതാണ് നോർവെ.
രണ്ടാം സ്ഥാനത്തുള്ള ഇറ്റലിക്കും, പിന്നിലുള്ള ഇസ്രായേലിനും ഒമ്പത് പോയന്റ് വീതമാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ സൂപ്പർ താരങ്ങൾക്ക് എത്തിപ്പിടിക്കനാവാത്ത നേട്ടമാണ് ഫിഫ മാച്ചിൽ ഹാലൻഡിന്റെ അഞ്ച് ഗോൾ നേട്ടം. ഒരു മാച്ചിൽ പരമാവധി നാല് ഗോളാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. 2019ൽ യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ ലിത്വാനിയക്കെതിരായിരുന്നു അത്. എന്നാൽ, അഞ്ചു തവണ മെസ്സി വലകുലുക്കിയ ചരിത്രമുണ്ടെങ്കിലും എസ്തോണിയക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

