28 വർഷത്തെ കാത്തിരിപ്പിന് വിരാമം, ഹാലണ്ടിന്‍റെ തോളിലേറി നോർവെയും ലോകകപ്പിന്; ഇറ്റലി പ്ലേഓഫ് കളിക്കണം
text_fieldsഎർലിങ് ഹാലണ്ട്
മിലാൻ: 28 വർഷത്തിനുശേഷം ആദ്യമായി ഫിഫ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നേർവെ. ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് നേർവെ ടിക്കറ്റ് ഉറപ്പിച്ചത്. ഇതോടെ യോഗ്യതക്കായി അസൂറിപ്പട പ്ലേ ഓഫ് കളിക്കണം.
നാലു തവണ ലോക കിരീടം നേടിയ ഇറ്റലിക്ക് കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും യോഗ്യത നേടാനായിരുന്നില്ല. 1998ലാണ് നോർവെ അവസാനമായി ലോകകപ്പ് കളിച്ചത്. ഇറ്റലിയെ സ്വന്തം കാണികൾക്കു മുമ്പിൽ എർലിങ് ഹാലണ്ടും സംഘവും നാണംകെടുത്തി. ഹാലണ്ടിന്‍റെ ഇരട്ട ഗോളുകളാണ് നോർവേക്ക് ഗംഭീര ജയമൊരുക്കിയത്. ആദ്യ പകുതിയിൽ ഒരു ഗോളിനു മുന്നിൽനിന്ന അസൂറിപ്പടയാണ് ഇടവേളക്കുശേഷം നാലു ഗോളുകൾ വഴങ്ങി മത്സരം കൈവിട്ടത്.
എട്ടു ലോകകപ്പ് യോഗ്യത മത്സരങ്ങളിൽനിന്നു 16 ഗോളുകൾ ആണ് ഹാലണ്ട് അടിച്ചുകൂട്ടിയത്. യോഗ്യത റൗണ്ടിൽ കളിച്ച എട്ടു മത്സരങ്ങളും ജയിച്ചാണ് നോർവെ ലോകകപ്പിനെത്തുന്നത്. മിലാനിനെ സാൻ സിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 11ാം മിനിറ്റിൽ ഫ്രാൻസെസ്കോ എസ്പോസിറ്റോയിലൂടെ ഇറ്റലിയാണ് ആദ്യം ലിഡെടുത്തത്. ഗോൾ മടക്കാനുള്ള നോർവെയുടെ നീക്കങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. 1-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. എന്നാൽ രണ്ടാം പകുതിയിൽ നോർവേയുടെ മിന്നുന്ന തിരിച്ചുവരവാണ് കണ്ടത്. 63ാം മിനിറ്റിൽ ആന്റോണിയോ നുസയിലൂടെ സന്ദർശകർ ഒപ്പമെത്തി.
സോർലോത്താണ് ഗോളിന് വഴിയൊരുക്കിയത്. 78, 79 മിനിറ്റുകളിലായിരുന്നു ഹാലണ്ടിന്‍റെ ഗോളുകൾ. ഇൻജുറി (90+3) ടൈമിൽ പകരക്കാരൻ ജോർജെൻ സ്ട്രാൻഡ് ലാർസൺ നോർവെയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ലോകകപ്പിന് യോഗ്യത നേടുന്ന 32ാം ടീമാണ് നോർവെ. ഗ്രൂപ്പ് ഐയിൽ നോർവെക്ക് പിന്നിൽ രണ്ടാമതുള്ള ഇറ്റലിക്ക് 18 പോയന്‍റാണുള്ളത്. മറ്റു മത്സരങ്ങളിൽ ഇസ്രായേൽ മോൾഡോവയെയും (4-1) ഇംഗ്ലണ്ട് അൽബേനിയയേയും (2-0) ബോസ്നിയ റൊമാനിയയെയും (3-1) പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

