ആശുപത്രി വിട്ട ക്രിസ്റ്റ്യൻ എറിക്സൺ ടീമംഗങ്ങളെ സന്ദർശിച്ചു
text_fieldsകോപൻഹേഗൻ: കളിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലായ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഡിസ്ചാർജായതിനുപിന്നാലെ ടീം അംഗങ്ങളെ കാണാനെത്തി. കുടുംബത്തിനൊപ്പം പരിശീലന മൈതാനത്തെത്തിയാണ് എറിക്സൺ സഹതാരങ്ങളെ കണ്ടത്.
എറിക്സെൻറ സന്ദർശനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹത്തെ കണ്ടപ്പോൾ വികാരാധീനനായിപ്പോയെന്നും സഹതാരം ക്രിസ്റ്റ്യൻ നോർഗാർഡ് പറഞ്ഞു. 'അദ്ദേഹം വരുന്നത് അറിഞ്ഞിരുന്നില്ല. കണ്ടപ്പോൾ തന്നെ എല്ലാവരും പരിശീലനം നിർത്തി അദ്ദേഹത്തിെൻറ അടുത്തെത്തി. എറിക്സൺ നല്ല ആവേശത്തിലായിരുന്നു. എല്ലാവർക്കും ഊർജം നൽകുന്ന സാന്നിധ്യമായിരുന്നു അത്'-നോർഗാർഡ് പറഞ്ഞു.
'ശരിക്കും വികാരാധീനനായി ഞാൻ. കാരണം അദ്ദേഹത്തെ അവസാനം കണ്ടത് മൈതാനമധ്യത്ത് ശ്വാസംകിട്ടാതെ കിടക്കുന്നതാണല്ലോ. അദ്ദേഹം ഓക്കെയാണെന്ന് അറിഞ്ഞിരുന്നു. എന്നാൽ, നേരിട്ട് കാണുന്നത് വേറെ അനുഭവം തന്നെയാണല്ലോ'-ഡഫിൻഡർ യോക്വിം മഹ്ലെ പറഞ്ഞു.

