പ്രീമിയർ ലീഗിൽ ഇന്ന് 'ഫൈനൽ'
text_fieldsപെപ് ഗ്വാർഡിയോള, യുർഗൻ ക്ലോപ്
ലണ്ടൻ: ഇത് ഫൈനൽതന്നെ. 10 മാസത്തിനും 37 മത്സരങ്ങൾക്കും ശേഷവും ഒരു ലീഗിലെ കിരീട ജേതാക്കളെ കണ്ടെത്താൻ അവസാന മത്സരദിനം വരെ കാത്തിരിക്കണമെങ്കിൽ അത് തെളിയിക്കുന്നത് ആ ലീഗിലെ പോരാട്ടത്തിന്റെ ചൂടും ചൂരും തന്നെ.
പറഞ്ഞുവരുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിന്റെ കഥയാണ്. ഞായറാഴ്ച 20 കളിസംഘങ്ങളും അവസാന മത്സരദിനത്തിൽ ഇറങ്ങുമ്പോൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും കിരീട സാധ്യതയുണ്ട്. സിറ്റിക്ക് 90ഉം ലിവർപൂളിന് 89ഉം പോയന്റാണുള്ളത്. സിറ്റിക്ക് ആസ്റ്റൺവില്ലയും ലിവർപൂളിന് വോൾവ്സുമാണ് എതിരാളികൾ.
സാധ്യത ഒന്ന്
സിറ്റിക്ക് ജയിച്ചാൽ ലിവർപൂളിന്റെ മത്സരഫലത്തെ ആശ്രയിക്കാതെതന്നെ കപ്പുയർത്താം.
സാധ്യത രണ്ട്
സിറ്റി തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്താൽ ജയവുമായി ലിവർപൂളിന് കിരീടം സ്വന്തമാക്കാം.
സാധ്യത മൂന്ന്
ലിവർപൂൾ തോൽക്കുകയോ സമനിലയിൽ കുടുങ്ങുകയോ ചെയ്താൽ സിറ്റിക്ക് തോറ്റാലും കിരീടം നേടാം. വമ്പൻ തോൽവിയോടെ ഗോൾശരാശരിയിൽ ലിവർപൂളിന്റെ പിറകിൽ പോവാതിരുന്നാൽമതി. നിലവിൽ ലിവർപൂളിനെക്കാൾ +6 ശരാശരി സിറ്റിക്കുണ്ട്.
സാധ്യത നാല്
ലിവർപൂൾ വോൾവ്സിനോട് 5-5ന് സമനിലയിലാവുകയും സിറ്റി വില്ലയോട് 6-0ത്തിന് തോൽക്കുകയും ചെയ്താൽ പോയന്റിലും (90) ഗോൾശരാശരിയിലും (+66) അടിച്ചഗോളിലും (96) വാങ്ങിയ ഗോളിലും (30) ഇരുടീമുകളും തുല്യതയിലാവും. ഇതോടെ ഒരു മത്സര പ്ലേഓഫ് ആയിരിക്കും ജേതാക്കളെ നിശ്ചയിക്കുക.
സീസണിൽ നാലു കിരീടം ലക്ഷ്യമിടുന്ന യുർഗൻ ക്ലോപ്പിന്റെ സംഘത്തിന് ലീഗ് കിരീടം നേടിയാൽ ഡൊമസ്റ്റിക് ട്രിപ്ൾ സ്വന്തമാക്കാം. ലീഗ് കപ്പും എഫ്.എ കപ്പും ലിവർപൂൾ നേരത്തേ നേടിയിരുന്നു. ചാമ്പ്യൻസ് ലീഗ് കൂടി നേടാനായാൽ ക്വാർഡപ്പ്ളിനും സാധ്യതയുണ്ട്.
ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മഡ്രിഡിന് മുന്നിൽ മുട്ടുമടക്കിയ പെപ് ഗ്വാർഡിയോളയുടെ ടീമിന് പ്രീമിയർ ലീഗ് കിരീടം അനിവാര്യമാണ്. അല്ലെങ്കിൽ കിരീടമില്ലാ സീസണാവുമിത്.
ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് യോഗ്യത
കിരീടപ്പോരാട്ടം കൂടാതെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന നാലാം ടീമാവാനും യൂറോപ ലീഗ് യോഗ്യത നേടുന്ന രണ്ടാം ടീമാവാനും മത്സരമുണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് (71) പിറകിൽ ടോട്ടൻഹാമാണ് (68) നാലാമത്. ആഴ്സനൽ (66) അഞ്ചാമതുണ്ട്. ആഴ്സണലിന് എവർട്ടണും ടോട്ടൻഹാമിന് നോർവിച് സിറ്റിയുമാണ് എതിരാളികൾ. നാലാം സ്ഥാനമുറപ്പിക്കുന്ന ടീം ചാമ്പ്യൻസ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാർ യൂറോപ ലീഗിലേക്കും പോകും. യൂറോപ ലീഗിലേക്കുള്ള രണ്ടാം ടീമാവാൻ മാഞ്ചസ്റ്റർ യുനൈറ്റഡും (58) വെസ്റ്റ്ഹാം യുനൈറ്റഡും (56) രംഗത്തുണ്ട്. യുനൈറ്റഡിന് ക്രിസ്റ്റൽ പാലസും വെസ്റ്റ്ഹാമിന് ബ്രൈറ്റണുമാണ് എതിരാളികൾ.
തരംതാഴ്ത്തൽ
താഴേത്തട്ടിൽ മറ്റൊരു പോരാട്ടംകൂടി നടക്കുന്നുണ്ട്. തരംതാഴ്ത്തപ്പെടുന്ന മൂന്നാമത്തെ ടീമാവാതിരിക്കാനുള്ള മത്സരം. നോർവിചും (22) വാറ്റ്ഫോഡും (23) തരംതാഴ്ത്തപ്പെട്ടുകഴിഞ്ഞു.
35 വീതം പോയന്റുള്ള ബേൺലിയും ലീഡ്സ് യുനൈറ്റഡുമാണ് തരംതാഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്നത്. ബേൺലിക്ക് ന്യൂകാസിൽ യുനൈറ്റഡും ലീഡ്സിന് ബ്രെന്റ്ഫോഡുമാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8.30നാണ് എല്ലാ കളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

