ഇംഗ്ലീഷ് പ്രീമിയർ ലീഗ്: യുനൈറ്റഡിന് ജയം; മൂന്നാമത്
text_fieldsനോട്ടിങ്ഹാം: ജയത്തോടെ മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 30ാം റൗണ്ടിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് യുനൈറ്റഡ് തോല്പിച്ചത്. പോയന്റ് നിലയിൽ ഒപ്പമുണ്ടായിരുന്ന ന്യൂകാസിൽ യുനൈറ്റഡ് കഴിഞ്ഞദിവസം തോൽക്കുകയും ചെയ്തതോടെ 59 പോയന്റുമായി എറിക് ടെൻ ഹാഗിന്റെ ടീം ഒറ്റക്ക് മൂന്നാമതെത്തി.
ന്യൂകാസിലിന് 30 കളികളിൽ 56 പോയന്റാണുള്ളത്. ആഴ്സനൽ (31 മത്സരങ്ങളിൽ 74 പോയന്റ്), മാഞ്ചസ്റ്റർ സിറ്റി (30 കളികളിൽ 70 പോയന്റ്) ടീമുകളാണ് ഒന്നും രണ്ടും സ്ഥാനത്ത്. ബ്രസീൽ വിംഗർ ആന്റണിയുടെ മിന്നുംപ്രകടനമാണ് യുനൈറ്റഡ് വിജയം അനായാസമാക്കിയത്. ഒരു ഗോൾ (32ാം മിനിറ്റ്) നേടുകയും മറ്റൊന്നിന് അസിസ്റ്റ് നൽകുകയും ചെയ്തു ആന്റണി. ഡീഗോ ഡാലോട്ടിന്റെ വകയായിരുന്നു രണ്ടാം ഗോൾ (76).
സീസണിന്റെ തുടക്കത്തിൽ വൻതുകക്ക് ടീമിലെത്തിയ ആന്റണിയുടെ ഒക്ടോബറിനുശേഷമുള്ള ആദ്യ പ്രീമിയർ ലീഗ് ഗോളാണിത്. പ്രീമിയർ ലീഗിലെ താരത്തിന്റെ ആദ്യ അസിസ്റ്റും. ഡാലോട്ടിന്റെയും പ്രീമിയർ ലീഗിലെ കന്നി ഗോളായിരുന്നു ഇത്.
ഫസ്റ്റ് ചോയ്സ് സ്റ്റോപ്പർ ബാക്കുകളായ റാഫേൽ വരാനെക്കും ലിസാൻഡ്രോ മാർട്ടിനെസിനും പരിക്കേറ്റതിനാൽ ഹാരി മഗ്വയറെയും വിക്ടർ ലിൻഡലോഫിനെയും പ്രതിരോധ ചുമതല ഏല്പിച്ചാണ് യുനൈറ്റഡ് ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ രണ്ടു ഗോളടിച്ച മാഴ്സൽ സബിറ്റ്സറിന് വാംഅപ്പിനിടെ പരിക്കേറ്റതോടെ പരിക്കുമാറിയെത്തിയ ക്രിസ്റ്റ്യൻ എറിക്സൺ ആദ്യ ഇലവനിൽ ഇറങ്ങി.
പരിക്കേറ്റ ലൂക് ഷോയുടെയും ഫോമിലല്ലാത്ത ടൈറൽ മലാസിയയുടെയും അഭാവത്തിൽ സാധാരണ വലതുവിങ്ങിൽ കളിക്കുന്ന ഡാലോട്ട് ഇടതുബാക്കായാണ് കളിച്ചത്. അത് ഗോളോടെ ആഘോഷിക്കാനും പോർച്ചുഗീസ് താരത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

