ഗണ്ണേഴ്സിനെ ഞെട്ടിച്ച് ന്യൂകാസിൽ; സീസണിൽ രണ്ടാം തോൽവി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരായ ആഴ്സണലിനെ അട്ടിമറിച്ച് ന്യൂകാസിൽ യുനൈറ്റഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗണ്ണേഴ്‌സിനെ ന്യൂകാസിൽ വീഴ്ത്തിയത്.
സ്വന്തം തട്ടകമായ സെന്റ് ജെയിംസ് പാർക്കിൽ ന്യൂകാസിലിനുവേണ്ടി 12ാം മിനിറ്റിൽ അലക്‌സാണ്ടർ ഇസാക്കാണ് വിജയ ഗോൾ നേടിയത്. കിരീടപോരിൽ മുന്നിലെത്താനുള്ള ആഴ്സണലിന്‍റെ പ്രതീക്ഷകൾക്ക് തോൽവി കനത്ത തിരിച്ചടിയായി. സീസണിൽ ടീമിന്‍റെ രണ്ടാം തോൽവിയാണിത്. ഇതോടെ പോയന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് വീണു. ആദ്യാവസാനം വരെ ആക്രമണത്തിലും പ്രതിരോധത്തിലും മികച്ചുനിന്നത് ന്യൂകാസിൽ തന്നെയാണ്.
വലതുവിങ്ങിൽനിന്ന് ബോക്‌സിലേക്ക് ആന്റണി ഗോർഡൻ നൽകിയ ക്രോസാണ് തകർപ്പൻ ഹെഡ്ഡറിലൂടെ ഇസാക്ക് വലയിലാക്കിയത്. ഈസമയം ആഴ്സണലിന്‍റെ പ്രതിരോധ താരങ്ങൾ കാഴ്ചക്കാരായി നോക്കിൽക്കുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ സന്ദർശകർ ആക്രമണത്തിന്റെ മൂർച്ചകൂട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. രണ്ടാം പകുതിയിൽ മൈക്കൽ അർട്ടേറ്റ ടീമിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല.
അവസാന മിനിറ്റുകളിൽ ഗണ്ണേഴ്‌സ് സമനില ഗോളിനായി കിണഞ്ഞുശ്രമിച്ചെങ്കിലും ന്യൂകാസിൽ പ്രതിരോധിച്ചു. ജയത്തോടെ 10 മത്സരങ്ങളിൽനിന്ന് 15 പോയന്‍റുമായി ന്യൂകാസിൽ ഒമ്പതാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽനിന്ന് ആഴ്സണലിന് 18 പോയന്‍റും.

