Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെൽസിയെ വീഴ്ത്തി സിറ്റി ആദ്യ നാലിൽ; നോട്ടീങ്ഹാമിന്‍റെ കുതിപ്പിന് തടയിട്ട് ബോൺമൗത്ത്

text_fields
bookmark_border
ആഴ്സനലിനും ലിവർപൂളിനും ജയം
ചെൽസിയെ വീഴ്ത്തി സിറ്റി ആദ്യ നാലിൽ; നോട്ടീങ്ഹാമിന്‍റെ കുതിപ്പിന് തടയിട്ട് ബോൺമൗത്ത്
cancel

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാരുടെ പേരിൽ ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി ആദ്യ നാലിൽ തിരിച്ചെത്തി. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റിയുടെ ജയം.

ജോസ്‌കോ ഗ്വാർഡിയോൾ (42), എർലിങ് ഹാലണ്ട് (68), ഫിൽ ഫോഡൻ (87) എന്നിവരാണ് സിറ്റിക്കായി ലക്ഷ്യംകണ്ടത്. നോണി മദുവേക (3) ചെൽസിക്കായി ആശ്വാസ ഗോൾ നേടി. ലീഗിൽ പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും തുടർച്ചയായ ആറാം ജയമാണിത്. ജനുവരി ട്രാൻസ്ഫറിൽ സിറ്റി സൈൻ ചെയ്ത അബ്ദുൽകോദിർ കുസനോവ്, ഒമർ മർമോഷ് എന്നിവർ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചു. തുടക്കം മുതൽ ആക്രണ- പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരം ആവേശമായി. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽപോയ ശേഷം മൂന്നെണ്ണം തിരിച്ചടിച്ചാണ് സിറ്റി ജയം പിടിച്ചെടുത്തത്. അവസാന 11 മത്സരങ്ങളിൽ ചെൽസിക്ക് സിറ്റിയെ തോൽപിക്കാനായിട്ടില്ല.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ലീഡെടുത്ത് ചെൽസി ആതിഥേയരെ ഞെട്ടിച്ചു. പ്രതിരോധ താരം കുസനോവിന്‍റെ പിഴവാണ് ഗോളിലെത്തിയത്. ഹെഡ്ഡറിലൂടെ ഗോൾകീപ്പർ എഡേഴ്സണ് നൽകിയ ബാക്ക് പാസ് ജാക്സൺ തട്ടിയെടുത്ത് മദുവേകക്ക് കൈമാറി. താരം വലയിലേക്ക് പന്ത് തട്ടിയിടുമ്പോൾ പ്രതിരോധിക്കാൻ ആരുമില്ലായിരുന്നു. ഇടവേളക്കു പിരിയാൻ മൂന്ന് മിനിറ്റ് ബാക്കി നിൽക്കെ, ഗ്വാർഡിയോളയിലൂടെ സിറ്റി സമനില പിടിച്ചു. രണ്ടാം പകുതിയിൽ ചെൽസി മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ കീപ്പർ സാഞ്ചസിന്റെ പിഴവിന് വലിയ വില കൊടുക്കേണ്ടി വന്നു. 68ാം മിനിറ്റിൽ പന്ത് പിടിച്ചെടുത്ത ഹാലണ്ട് മുന്നോട്ടു കയറി നിന്ന സാഞ്ചസിനു മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി.

87ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ജയത്തോടെ സിറ്റി 23 മത്സരങ്ങളിൽനിന്ന് 41 പോയന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ഇത്രയും മത്സരങ്ങളിൽനിന്ന് 40 പോയന്റുള്ള ചെൽസി ആറാമതാണ്. മറ്റൊരു മത്സരത്തിൽ ലീഗിൽ അത്ഭുതകുതിപ്പ് നടത്തുന്ന നോട്ടിങ്ഹാം ഫോറസ്റ്റിന് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത അഞ്ച് ഗോളിന് ബോൺമൗത്താണ് നോട്ടിങ്ഹാമിനെ കീഴടക്കിയത്. ഡാൻഗോ ഒട്ടേരയുടെ ഹാട്രിക് (55,61,87) മികവിലാണ് ബോൺമൗത്ത് ജയം പിടിച്ചത്. ജസ്റ്റിൻ ക്ലൂവേർട്ട് (ഒമ്പത്), അന്‍റോയിൻ സെമെനിയോ (90+2) എന്നിവരും വലകുലുക്കി.

ആഴ്സനൽ എതിരില്ലാത്ത ഒരു ഗോളിന് വൂൾവ്‌സിനെ കീഴടക്കി. 74ാം മിനിറ്റിൽ റിക്കാർഡോ കലഫിയോരിയാണ് ഗോൾനേടിയത്. 43ാം മിനിറ്റിൽ ലെവിസ് കെല്ലീസ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ബാക്കി സമയം പത്തു പേരുമായാണ് ഗണ്ണേഴ്സ് പൊരുതിയത്. 70ാം മിനിറ്റിൽ വൂൾവ്‌സ് താരം ജോ ഗോമസും ചുവപ്പ് കാർഡ് കണ്ടു. ഇസ്പിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ച് ലിവർപൂൾ ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി. കാഡി ഗാക്പോ (44, 66), സോബാസ്ലായി (11), മുഹമ്മദ് സലാഹ് (35) എന്നിവരാണ് ചെമ്പടക്കായി ഗോൾ നേടിയത്. ജസ്റ്റിൻ ഗ്രീവ്സ് (90) ഇസ്പിച്ചിനാ‍യി ആശ്വാസ ഗോൾ നേടി.

മറ്റു മത്സരങ്ങളിൽ ബ്രൈട്ടനെ 1-0 എവർട്ടനും സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളിന് ന്യൂകാസിലും തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - English Premier League: Manchester City 3-1 Chelsea
Next Story