തിളങ്ങി പാമർ; ന്യൂകാസിലിനെ വീഴ്ത്തി ചെൽസി
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുവതാരം കോൾ പാമർ ഗോളടിക്കുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്ത മത്സരത്തിൽ ചെൽസിക്ക് ജയം. ന്യൂകാസിൽ യുനൈറ്റഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് നീലപ്പട വീഴ്ത്തിയത്.
ജയിച്ചെങ്കിലും 27 മത്സരങ്ങൾ കളിച്ച ചെൽസി 39 പോയന്‍റുമായി ലീഗിൽ 11ാം സ്ഥാനത്താണ്. ഒരു മത്സരം അധികം കളിച്ച ന്യൂകാസിൽ 40 പോയന്‍റുമായി തൊട്ടുമുന്നിലുണ്ട്. ആറാം മിനിറ്റിൽ തന്നെ നികോളാസ് ജാക്സണിലൂടെ സ്വന്തം തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസി ലീഡെടുത്തു. പാമറാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്ക് പിരിയാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ, അലക്സാണ്ടർ ഐസക്കിലൂടെ (43ാം മിനിറ്റിൽ) ന്യൂകാസിൽ സമനില പിടിച്ചു.
രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ പാമറിന്‍റെ ഗോളിലൂടെ ചെൽസി വീണ്ടും മുന്നിലെത്തി. 76ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ മൈഖൈലോ മുഡ്രിക് ടീമിന്‍റെ ലീഡ് ഉയർത്തി. 90ാം മിനിറ്റിൽ ജേക്കബ് മർഫിയിലൂടെ ന്യൂകാസിൽ ഒരു ഗോൾ മടക്കി. സീസണിൽ മൗറീഷ്യോ പൊച്ചെറ്റിനോയുടെയും സംഘത്തിന്‍റെയും 11ാം ജയമാണിത്.

