സഹതാരത്തിന്റെ മുഖത്തടിച്ചു, ചുവപ്പ് കാർഡ്, 17 വർഷത്തിനിടെ ആദ്യം; 10പേരായി ചുരുങ്ങിയിട്ടും യുനൈറ്റഡിനെ തട്ടകത്തിൽ കയറി അടിച്ച് എവർട്ടൺ
text_fieldsലണ്ടൻ: കളിയുടെ ഭൂരിഭാഗം സമയവും 10പേരുമായി പോരാടിയ എവർട്ടൻ, മാഞ്ചസ്റ്റർ യുനൈറ്റഡിനെ അവരുടെ തട്ടകത്തിൽ കയറി കീഴടക്കി. പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുനൈറ്റഡിന്റെ തോൽവി. കളി തുടങ്ങി 13 ാം മിനിറ്റിലായിരുന്ന കൈയാങ്കളി.
വാക്കുതർക്കത്തിനിടെ എവർട്ടണിന്റെ സെനഗൽ താരം ഇദ്രിസ ഗയ സഹതാരവും സെന്റർ ബാക്കുമായ മൈക്കിൾ കീനിനെ മുഖത്തടിക്കുകയായിരുന്നു. 2008 ന് ശേഷം ഒരു സഹതാരവുമായി വഴക്കിട്ടതിന് ചുവപ്പ് കാർഡ് ലഭിച്ച ആദ്യ പ്രീമിയർ ലീഗ് കളിക്കാരനാണ് ഗുയെ. ബ്രൂണോ ഫെർണാണ്ടസിന് അവസരം നൽകിയ ഗുയെയുടെ ലൂസ് പാസിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കീനിനെ അടിക്കുന്നത്. ഇതോടെ ഗയെ ചുവപ്പ് കാർഡ് വാങ്ങി കളംവിട്ടു. തുടർന്നങ്ങോട്ട് പത്ത് പേരുമായായിരുന്നു എവർട്ടണിന്റെ പോരാട്ടം.
29ാം മിനിറ്റിൽ ഡ്യൂസ് ബെറി ഹാൾ എവർട്ടണെ മുന്നിലെത്തിച്ചു (1-0). തുടർന്ന് പൂർണമായും ഡിഫൻസിലേക്ക് വലിഞ്ഞ എവർട്ടൺ യുനൈറ്റഡിനെ ഗോൾമുഖത്തേക്ക് അടുപ്പിച്ചില്ല. കളിയിലുടനീളം പന്ത് കൈവശം വെക്കുകയും 20ലേറെ തവണ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തിട്ടും യുനൈറ്റഡിന് എവർട്ടണിന്റെ വലകുലുക്കാനായില്ല.
തോൽവിയോടെ തുടർച്ചയായ അഞ്ച് മത്സരങ്ങളായുള്ള യുനൈറ്റഡിന്റെ അപരാജിത കുതിപ്പിന് അന്ത്യമാകുകയായിരുന്നു. പ്രീമിയർ ലീഗിൽ 12 മത്സരങ്ങൾ പൂർത്തിയായപ്പോൾ 18 പോയിന്റുമായി പത്താം സ്ഥാനത്താണ് യുനൈറ്റഡ്. തുല്യ പോയിന്റാണെങ്കിലും എവർട്ടൺ 11ാമതാണ്. 29 പോയിന്റുള്ള ആഴ്സനലും 23 പോയിന്‍റുള്ള ചെൽസിയും 22 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയുമാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

