യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് ഫൈനൽ! മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് യൂറോപ്പ ലീഗ് ഫൈനലിൽ. സെമി രണ്ടാംപാദത്തിൽ അത്ലറ്റിക് ബിൽബാവോയെ 4-1ന് തകർത്താണ് പ്രീമിയർ ലീഗിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന യുനൈറ്റഡ് കലാശപ്പോരിന് യോഗ്യത നേടിയത്.
ഇരുപാദങ്ങളിലുമായി 7-1ന്‍റെ ഗംഭീര വിജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യ പാദത്തിൽ 3-0ത്തിനായിരുന്ന യുനൈറ്റഡിന്‍റെ ജയം. ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാം ഹോട്ട്സ്പറാണ് ഫൈനലിൽ യുനൈറ്റഡിന്‍റെ എതിരാളികൾ. നോർവീജിയൻ ക്ലബ് ബോഡോ/ഗ്ലിംറ്റിനെ ഇരുപാദങ്ങളിലുമായി 5-1 എന്ന സ്കോറിനാണ് ടോട്ടൻഹാം വീഴ്ത്തിയത്.
ഓൾഡ് ട്രാഫോർഡിൽ മത്സരത്തിന്‍റെ അവസാന 20 മിനിറ്റുവരെ ഒരു ഗോളിനു പിന്നിൽനിന്നശേഷമാണ് സ്വന്തം ആരാധകർക്കു മുന്നിൽ യുനൈറ്റഡ് നാലു ഗോളുകൾ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയത്. മേസൺ മൗണ്ട് (72, 90+1), കാസെമിറോ (79), റാസ്മസ് ഹോയ്‌ലന്‍ഡ് (85) എന്നിവരാണ് യുനൈറ്റഡിനായി ഗോൾ നേടിയത്. മൈക്കിൾ ജോരെഗിസറിന്‍റെ (31) വകയായിരുന്ന അത്ലറ്റിക് ക്ലബിന്‍റെ ആശ്വാസ ഗോൾ. പ്രീമിയർ ലീഗിൽ തിരിച്ചടികൾ നേരിട്ട യുനൈറ്റഡിനും ടോട്ടൻഹാമിനും ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിക്കാനുള്ള സുവർണാവസരമാണിത്. ജയിക്കുന്ന ടീമിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനാകും.
മത്സരത്തിൽ 31ാം മിനിറ്റിൽ മൈക്കിൾ ജോരെഗിസറിലൂടെ അത്ലറ്റിക് ക്ലബാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയിൽ തന്നെ ഗോൾ തിരിച്ചടിക്കാനുള്ള യുനൈറ്റഡിന്‍റെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഗോൾ മടക്കാനുള്ള ഒന്നിലധികം സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് യുനൈറ്റഡിന് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ മേസൺ മൗണ്ട്, അമദ് ദിയാലോ, ലൂക് ഷോ എന്നിവർ കളത്തിൽ എത്തിയതോടെ യുനൈറ്റഡ് കൂടുതൽ കരുത്തുകാട്ടി. 72ാം മിനിറ്റിൽ യോറോയുടെ പാസ് സ്വീകരിച്ച് ടേൺ ചെയ്ത് മൗണ്ട് തൊടുത്ത ഷോട്ട് അത്ലറ്റിക് ഗോളിയെ മറികടന്ന് വലയിൽ.
അധികം വൈകാതെ കാസെമിറോയിലൂടെ യുനൈറ്റഡ് ലീഡ് ഉയർത്തി. ബ്രൂണോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്കിൽനിന്ന് ഹെഡ്ഡറിലൂടെയാണ് ബ്രസീൽ താരത്തിന്‍റെ ഗോൾ. 86ാം മിനിറ്റിൽ അമദിന്റെ പാസിൽനിന്ന് ഹോയ്‌ലന്‍ഡും ലക്ഷ്യം കണ്ടു. ഒരു കിടിലൻ ഗോളിലൂടെ മൗണ്ട് ഗോൾ പട്ടിക പൂർത്തിയാക്കി. ഗോൾ കീപ്പർ ഒഴിഞ്ഞുനിന്ന പോസ്റ്റിലേക്ക് 45 വാരെ അകലെ നിന്ന് മൗണ്ട് തൊടുത്ത ഷോട്ടാണ് ഗോളിലെത്തിയത്.
സെമിഫൈനൽ രണ്ടാം പാദത്തിൽ ബോഡോ/ഗ്ലിംറ്റിനെ 2-0ന് തകർത്താണ് ടോട്ടൻഹാം ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 3-1 എന്ന സ്കോറിനായിരുന്നു ഇംഗ്ലീഷ് ക്ലബിന്‍റെ ജയം. രണ്ടാം പകുതിയിൽ ഡൊമിനിക് സോളങ്കെയും (63ാം മിനിറ്റിൽ) പെഡ്രോ പോറോയും (69) നേടിയ ഗോളുകളാണ് പ്രീമിയർ ലീഗ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

