വെംബ്ലിയിൽ ഇറ്റലിക്കാരെ തെരഞ്ഞുപിടിച്ച് മർദിച്ച് ഇംഗ്ലീഷ് ആരാധകർ; വൈറലായി വിഡിയോ
text_fieldsലണ്ടൻ: പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിന് പിന്നാലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിന് വെളിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പരാജയം ദഹിക്കാത്ത ഇംഗ്ലീഷ് ആരാധകർ സ്റ്റേഡിയത്തിന് പുറെത്ത ഇറ്റാലിയൻ ആരാധകരെ തെരഞ്ഞ്പിടിച്ച് ആക്രമിക്കുന്ന വിഡിയോ വൈറലായി.
ആരാധകരെ ആക്രമിച്ചുവെന്ന് മാത്രമല്ല, അക്രമാസക്തരായ ഇംഗ്ലീഷ് ആരാധകർ ഇറ്റലിയുടെ ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തു. പതാക കത്തിക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടതോടെ ഒരാൾ അതിൽ നിരന്തരം തുപ്പി. ചിലർ പതാക ചവിട്ടി മെതിക്കുന്നതും പുറത്തു വന്ന വിഡിയോയിൽ കാണാൻ സാധിക്കും.
പ്രതിഭാ ധാരാളിത്തമുള്ള ഇംഗ്ലീഷ് ടീം ഇക്കുറി കപ്പടിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു ആരാധകർ. പാട്ടും മേളവുമായി എഴുപതിനായിരത്തോളം വരുന്ന കാണികളാണ് ഞായറാഴ്ച വെംബ്ലിയിലെത്തിയിരുന്നത്. വിജയം ഉറപ്പിച്ച അവർ സ്റ്റേഡിയത്തിന് പുറത്ത് പാർട്ടി വരെ സംഘടിപ്പിച്ചിരുന്നു. എന്നാൽ മത്സരം പെനാൽറ്റിയിൽ തോറ്റതോടെ പ്രകോപിതരായി.
ടിക്കറ്റില്ലാതെ കളി കാണാനെത്തിയ ആരാധകർ പൊലീസുകാരാടും സെക്യൂരിറ്റി ജീവനക്കാരോടും തള്ളിക്കയറുന്നതിന്റെയും തെരുവിൽ അക്രമണം അഴിച്ചുവിടുന്നതിന്റെയും ദൃശ്യങ്ങളും വൈറലായിരുന്നു.

