ഇക്കുറിയെങ്കിലും...; ഗ്രൂപ്പ് എല്ലിൽ ഇംഗ്ലണ്ടിന് ക്രൊയേഷ്യയും ഘാനയും പനാമയുമാണ് എതിരാളികൾ
text_fieldsഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞ ദിവസം വില്യം രാജകുമാരൻ സന്ദർശിച്ചപ്പോൾ
ലോകത്ത് ഏറ്റവും സമ്പന്നമായ ഫുട്ബാൾ പാരമ്പര്യമുള്ള നാടുകളിലൊന്നാണ് ഇംഗ്ലണ്ട്. ആധുനിക ഫുട്ബാളിന്റെ ജന്മനാട്. ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക ഫുട്ബാൾ അസോസിയേഷനും (എഫ്.എ) ഏറ്റവും പഴക്കമേറിയ ഫുട്ബാൾ ക്ലബായ ഷെഫീൽഡ് എഫ്.സിയും ഏറ്റവും പഴയ ടൂർണമെന്റായ എഫ്.എ കപ്പും ഇംഗ്ലീഷ് പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള, കോടികൾ മറിയുന്ന ആഭ്യന്തര ഫുട്ബാൾ ലീഗ് പ്രീമിയർ ലീഗാണ്. കളിയുടെ ഉത്ഭവം, ലീഗ് ഘടന, ക്ലബ് ചരിത്രം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇംഗ്ലണ്ടിനോളം സമ്പന്നമായ ഫുട്ബാൾ പാരമ്പര്യം മറ്റൊരു രാജ്യത്തിനുമില്ല.
എന്നാൽ, ഒരു നൂറ്റാണ്ടിനോടടുക്കുന്ന വിശ്വമേളയുടെ ചരിത്രത്തിൽ ഒരൊറ്റ തവണയേ ഇംഗ്ലണ്ടിന് കിരീടത്തിൽ മുത്തമിടാൻ അവസരം ലഭിച്ചിട്ടുള്ളൂ എന്നതാണ് വിധിവൈപരീത്യം. 1966ൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇതിഹാസ താരം ബോബി മൂർ നയിച്ച ടീം പശ്ചിമ ജർമനിയെ 4-2ന് തകർത്ത് കിരീടമണിഞ്ഞശേഷം മറ്റൊരു ലോകകപ്പ് ഇംഗ്ലീഷ് മണ്ണിലെത്തിയിട്ടില്ല. ചാമ്പ്യന്മാരുടെ പകിട്ടുമായി 1970ൽ മെക്സികോ ലോകകപ്പിനെത്തിയ ഇംഗ്ലണ്ട് ടീമിനെതിരെ അമേരിക്കൻ ചാര സംഘടനയായ സി.ഐ.എ നടത്തിയ നീക്കം സംബന്ധിച്ച വിവരങ്ങൾ ‘ഫൗൾ പ്ലേ’ എന്ന ഇൻവെസ്റ്റ്ഗേറ്റിവ് പോഡ്കാസ്റ്റ് സീരീസിലൂടെ ഇപ്പോൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ യു.എസ് കൂടി ആതിഥ്യമരുളുന്ന ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ പ്രകടനത്തിന് രാഷ്ട്രീയ പ്രസക്തി കൂടിയുണ്ട്. ഇത്തവണ കിരീട സാധ്യതയുള്ള ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. കോച്ച് തോമസ് ടുഹലിന് കീഴിൽ പ്രതിരോധത്തിന് മുൻഗണന നൽകുന്ന അച്ചടക്കമുള്ള കളിശൈലിയാണ് ടീം പുറത്തെടുക്കുന്നത്. യോഗ്യതാ റൗണ്ടിൽ ഭൂരിഭാഗം മത്സരങ്ങളിലും ക്ലീൻ ഷീറ്റ് നേട്ടം. പരിചയസമ്പന്നനായ ക്യാപ്റ്റൻ ഹാരികെയ്നിനൊപ്പം ബെല്ലിങ്ഹാം, സാക്ക തുടങ്ങിയവരും മികച്ച ഫോമിലാണ്. വലിയ ടൂർണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളിൽ സമ്മർദത്തിന് അടിപ്പെടാറുള്ള പ്രതിരോധ നിരയാണ് പ്രധാന വെല്ലുവിളി. 2018 ലോകകപ്പിൽ നാലാമതും 2020, 2024 യൂറോ കപ്പുകളിൽ റണ്ണേഴ്സ് അപ്പുമാണ് ഇംഗ്ലണ്ട്. ലൂക്കയുടെ ചിറകിൽ ഇംഗ്ലണ്ടിന് പുറമെ, ക്രൊയേഷ്യ, ഘാന, പാനമ എന്നിവയാണ് എൽ ഗ്രൂപ്പിൽ.
കഴിഞ്ഞ ലോകകപ്പുകളിലെ മികച്ച പ്രകടനങ്ങളുമായി എത്തുന്ന ക്രൊയേഷ്യയും ആഫ്രിക്കൻ കരുത്തരായ ഘാനയും ഇംഗ്ലണ്ടിന് കടുത്ത എതിരാളികളാവും. ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മിലായിരിക്കും ഗ്രൂപ്പിലെ ഏറ്റവും ആവേശകരമായ മത്സരം. നാൽപതാം വയസ്സിൽ തന്റെ അവസാന ലോകകപ്പ് കളിക്കാനെത്തുന്ന മാന്ത്രിക മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ചിനെ കേന്ദ്രീകരിച്ചാണ് ക്രൊയേഷ്യൻ തന്ത്രങ്ങൾ. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും (2018ൽ റണ്ണേഴ്സ് അപ്പ്, 2022ൽ മൂന്നാം സ്ഥാനം) ഒന്നാന്തരം പോരാട്ടവീര്യം കാഴ്ചവെച്ച ക്രോട്ടുകൾക്ക് അനുഭവസമ്പന്നമായ മധ്യനിരയാണ് കരുത്ത്. മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കോവാസിച്ച് മോഡ്രിച്ചിന് കൂട്ടാവും. മാഞ്ചസ്റ്റർ സിറ്റിയുടെ ഡിഫൻഡറായ യോഷ്കോ ഗ്വാർഡിയോളാണ് പ്രതിരോധത്തിന്റെ നെടുംതൂൺ. പന്ത് പരമാവധി കൈവശം വെച്ച്, കൃത്യമായ പാസുകളിലൂടെ കളി നിയന്ത്രണത്തിലാക്കുകയാണ് ക്രൊയേഷ്യൻ ശൈലി. എന്നാൽ, മരിയോ മാൻസൂക്കിചിനുശേഷം ഒരു ക്ലിനിക്കൽ സ്ട്രൈക്കറുടെ അഭാവം ടീമിൽ നിഴലിച്ചുകാണുന്നുണ്ട്.
കറുത്ത നക്ഷത്രങ്ങളും കനാൽ മനുഷ്യരും
ഗ്രൂപ്പിൽനിന്ന് ഇംഗ്ലണ്ടും ക്രൊയേഷ്യയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് സാധ്യത. എന്നാൽ, ഘാനയോ പാനമയോ ഒരു അട്ടിമറി നടത്തിയാൽ ഈ ഗ്രൂപ്പിന്റെ വിധി തന്നെ മാറിമറിയും. 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലാണ് ഘാന ആദ്യമായി യോഗ്യത നേടിയത്. ആദ്യ തവണ തന്നെ പ്രീ-ക്വാർട്ടർ പ്രവേശം. 2010ൽ ക്വാർട്ടർ ഫൈനലിൽ ഫുട്ബാൾ ചരിത്രത്തിലെതന്നെ ഏറ്റവും നാടകീയമായ മത്സരങ്ങളിലൊന്നിൽ ഉറുഗ്വായ് യോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങുകയായിരുന്നു. യുവതാരങ്ങളുടെ നിരയാണ് ഘാനയുടേത്. ലെസ്റ്റർ സിറ്റി താരം ജോർദാൻ അയേവ്, അത്ലറ്റികോ ബിൽബാവോ താരം ഇനാകി വില്യംസ് എന്നിവരിലാണ് ബ്ലാക്ക് സ്റ്റാർസിന്റെ ഗോളടി പ്രതീക്ഷ. അതേസമയം, യോഗ്യതാ റൗണ്ടിൽ മികച്ച ഫോമിലായിരുന്ന വെസ്റ്റ് ഹാം താരം മുഹമ്മദ് ഖുദൂസ് പരിക്കേറ്റ് പുറത്തായത് ഘാനക്ക് വൻ തിരിച്ചടിയാണ്. കോൺകകാഫ് മേഖലയിൽ നിന്ന് യോഗ്യത നേടിയ ‘ലാസ് കനാലറോസ്’ (കനാൽ മനുഷ്യർ) എന്ന വിളിപ്പേരുള്ള പാനമ, രണ്ടാംലോകപ്പിനാണിറങ്ങുന്നത്. നിലവിലെ ഫിഫ റാങ്കിങ്ങിൽ ഘാനയേക്കാളും ഏറെ മുന്നിലുള്ള പാനമ, പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കുകളിലൂടെ സ്കോർ ചെയ്യാൻ ശ്രമിക്കുന്നവരാണ്. ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളുമായി താരതമ്യം ചെയ്യുമ്പോൾ ലോകോത്തര താരങ്ങളുടെയും അനുഭവസമ്പത്തിന്റെയും കുറവുണ്ട്. 2023 കോൺകകാഫ് ഗോൾഡ് കപ്പിലും 2025ലെ നാഷൻസ് ലീഗിലും റണ്ണേഴ്സ് അപ്പായ പാനമയെ ചെറുതായി കാണാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

