നേഷൻസ് ലീഗ്: അഞ്ച് ഗോൾ ത്രില്ലറിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി സ്പെയ്ൻ
text_fieldsവെംബ്ലി: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ഇംഗ്ലണ്ടിനെ ത്രില്ലറിൽ പരാജയപ്പെടുത്തി ലോക ചാമ്പ്യന്മാരായ സ്പെയ്ൻ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ആവേശകരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്പെയിനിന്റെ വിജയം. മത്സരത്തിൽ പിന്നിലായതിന് ശേഷം തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് ലോകചാമ്പ്യന്മാർ വിജയം പിടിച്ചെടുത്തത്.
മത്സരം തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ സ്പെയ്നിന് വേണ്ടി യുവതാരം ലമീൻ യമാൽ വല കുലുക്കി. ഇംഗ്ലണ്ട് ഡിഫൻഡർ മാർക്ക് ഗുവേഹിയുടെ പിഴവ് മുതലെടുത്ത് പന്ത് വലയിലെത്തിച്ചാണ് ടീമിന് ലീഡ് സമ്മാനിച്ചത്. വെംബ്ലിയിൽ ഇംഗ്ലണ്ട് വഴങ്ങുന്ന ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോളാണിത്. 16-ാം മിനിറ്റിൽ സ്പെയ്നിന് ലീഡ് ഉയർത്താൻ ഫെറാൻ ടോറസിലൂടെ അവസരം ലഭിച്ചു. ഫബിയൻ റൂയിസിന്റെ ക്രോസ് ഒരു തകർപ്പൻ വോളിയിലൂടെ ടോറസ് വലയിലെത്തിച്ചെങ്കിലും ഓഫ് സൈഡായി റഫറി വിധിക്കുകയായിരുന്നു.
ഏറെ വൈകാതെ ഇംഗ്ലണ്ട് സമനില പിടിച്ചു. 36-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാം നൽകിയ പാസ് സ്വീകരിച്ച് ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നാല് മിനിറ്റുകൾക്കിപ്പുറം ഇംഗ്ലണ്ട് ഒരിക്കൽ കൂടി പന്ത് വലയിലെത്തിച്ച് ലീഡ് നേടി. 40-ാം മിനിറ്റിൽ നിക്കോ ഓറെയ്ലിയുടെ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ഹാരി കെയ്ൻ ഗോൾ അടിക്കുകയായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് ലീഡുയർത്താൻ അവസരം ലഭിച്ചു. എന്നാൽ, ടീമിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ പാഴാക്കി. നാല് മിനിറ്റുകൾക്കിപ്പുറം സ്പെയ്ൻ ഇംഗ്ലണ്ടിനൊപ്പമെത്തി. 60-ാം മിനിറ്റിൽ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ അലക്‌സ് ബയേനയാണ് ടീമിന് വേണ്ടി സമനില ഗോൾ നേടിയത്. 74-ാം മിനിറ്റിൽ മൈക്കൽ ഒയർസബാൽ ടീമിന്റെ വിജയഗോൾ നേടി. ബയേനയുടെ പാസിലാണ് ടീമിന്റെ വിജയഗോൾ പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

