അവസാനിക്കാത്ത വംശീയതയുടെ ഫൗൾ പ്ലേ; ബംഗളൂരു ആരാധകരുടെ അധിക്ഷേപത്തിനിരയായി ബ്ലാസ്റ്റേഴ്സ് താരം
text_fieldsകൊച്ചി: ഐ.എസ്.എൽ മത്സരത്തിനിടെ എതിർ ടീം ആരാധകരിൽനിന്നുള്ള വംശീയാധിക്ഷേപത്തിന് വീണ്ടും ഇരയായി കേരള ബ്ലാസ്റ്റേഴ്സ് താരം. മഞ്ഞപ്പടയുടെ ജഴ്സിയിൽ അരങ്ങേറ്റ സീസൺ കളിക്കുന്ന സെനഗൽ പ്രതിരോധ താരം ഫാലോ എൻഡിയായെക്കെതിരെയാണ് ഏറ്റവുമൊടുവിൽ എതിരാളികളുടെ ഗാലറിയിൽനിന്ന് മോശം അനുഭവമുണ്ടായത്. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്.സിക്കെതിരെ നടന്ന മത്സരത്തിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയാഹ്ലാദത്തിന്റെ പൊലിമ കുറക്കുന്നതായിരുന്നു ഈ സംഭവം.
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ തീരുമാനം. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.എസ്.എൽ, എ.ഐ.എഫ്.എഫ് അധികൃതർക്ക് മുന്നിൽ ഈ വിഷയം ഔദ്യോഗികമായി ഉന്നയിച്ചിട്ടുണ്ടെന്നും ക്ലബ് അറിയിച്ചു. താരത്തിന്റെ പേര് പറയാതെയാണ് ഔദ്യോഗിക കുറിപ്പ്. വിഷയത്തിൽ അപലപിച്ചും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയും ബംഗളൂരു എഫ്.സിയും രംഗത്തെത്തി. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് സീസണിലെ കന്നിജയം നേടിയത്. ഇതിനിടെ ഗാലറിയിൽനിന്ന് ഫാലോ എൻഡിയായെക്കെതിരെ വംശീയ മുദ്രാവാക്യങ്ങളുയരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തങ്ങളുടെ കളിക്കാരന്റെ അന്തസ്സ് സംരക്ഷിക്കാൻ ഉചിത നടപടി സ്വീകരിക്കുമെന്നും ഫുട്ബാളിൽ വംശീയതക്ക് സ്ഥാനമില്ലെന്നും കെ.ബി.എഫ്.സി കൂട്ടിച്ചേർത്തു.
ഇതാദ്യമായല്ല ചിരവൈരികളായ ബംഗളൂരു എഫ്.സിയിൽനിന്ന് കേരള ബ്ലാസ്റ്റേഴ്സിന് മോശം അനുഭവമുണ്ടാകുന്നത്. ഐ.എസ്.എൽ 2023-24 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബംഗളൂരു എഫ്.സിയുടെ മുന്നേറ്റതാരം റയാൻ വില്യംസ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ഐബാൻ ദോലിംഗിന് നേരെ മൂക്ക് പൊത്തി ആംഗ്യം കാണിച്ചത് വംശീയമാണെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് എ.ഐ.എഫ്.എഫിന് പരാതി നൽകിയിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുന്നതിനാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ എ.ഐ.എഫ്.എഫ് നിർബന്ധിതരായേക്കും. മാച്ച് കമീഷണറുടെ റിപ്പോർട്ടും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ച് തെറ്റ് കണ്ടെത്തിയാൽ ഹോസ്റ്റ് ക്ലബ്ബായ ബംഗളൂരു എഫ്.സിക്ക് വലിയ പിഴ ചുമത്താനും സാധ്യതയുണ്ട്.
ആളെ കണ്ടെത്താൻ ശ്രമം തുടങ്ങി -ബംഗളൂരു എഫ്.സി
കേരള ബ്ലാസ്റ്റേഴ്സ് താരത്തിനു നേരായ വംശീയ അധിക്ഷേപത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ബംഗളൂരു എഫ്.സി വാർത്തകുറിപ്പിൽ അറിയിച്ചു. വംശീയത ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. അത് നമ്മുടെ കായികരംഗത്ത് ഒരിടത്തും അനുവദിക്കാനാവില്ല. സംഭവത്തിൽ ഉൾപ്പെട്ട വ്യക്തിയെ കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികളുമായി ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുകയാണ്. ആവശ്യമായ നടപടി സ്വീകരിക്കും. വംശീയതയും വിവേചനവും ഏത് രൂപത്തിലായാലും അതിനെതിരെ ബംഗളൂരു എഫ്.സി ശക്തമായി നിലകൊള്ളുമെന്നും ടീം പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

