‘കഥകെട്ട’ ഗോൾ ആഘോഷം; ലീഗ് കപ്പ് ജയത്തിനു പിന്നാലെ കലിപ്പോടെ ലിവർപൂൾ കോച്ച്
text_fieldsലിവർപൂൾ: ഇംഗ്ലീഷ് ലീഗ് കപ്പ് (കറബാവോ കപ്പ്) മൂന്നാം റൗണ്ടിലെ മത്സരത്തിൽ സതാംപ്ടനെതിരെ ലിവർപൂൾ 2-1ന് വിജയിച്ചപ്പോഴും കോച്ച് ആർനെ സ്ളോട്ടിനെ ഞെട്ടിച്ചത് ടീമിന്റെ മുൻനിര താരം ഹ്യൂഗോ എകിടികെയുടെ ‘കഥകെട്ട’ ഗോൾ ആഘോഷം.
രണ്ടാം പകുതിയിൽ അലക്സാണ്ടർ ഇസാകിനു പകരക്കാരനായി കളത്തിലെത്തിയ ഹ്യൂഗോ എകിടികെ ഉജ്വലമായ ഫിനിഷിങ്ങിലൂടെ 85ാം മിനിറ്റിൽ വിജയ ഗോൾ കുറിച്ചതിനു പിന്നാലെയായിരുന്നു റെഡ്കാർഡിന് വഴിയൊരുക്കിയ ആഘോഷം നടത്തിയത്. കളത്തിലെത്തി എട്ടാം മിനിറ്റിൽ പന്ത് പുറത്തേക്കെറിഞ്ഞും എതിർ ടീം അംഗത്തോട് തർക്കിച്ചും രംഗം വഷളാക്കിയതിന് ലഭിച്ച യെല്ലോ കാർഡ് മുന്നറിയിപ്പിനിടെയായിരുന്നു ഗോളാഘോഷം വഴിവിട്ടത്.
85ാം മിനിറ്റിൽ ഫെഡറികോ ചീയേസ നൽകിയ ക്രോസിൽ നിന്നും എകിടികെ സ്കോർ ചെയ്തതതിനു പിന്നാലെ ഷർട്ടൂരി ആഘോഷിച്ചതോടെ രണ്ടാം കാർഡും ലഭിച്ചു. ശേഷം, റെഡ് കാർഡുമായി കളം വിടേണ്ടി വന്നതാണ് കോച്ച് സ്ലോട്ടിനെ പ്രകോപിപ്പിച്ചത്. റെഡ് കാർഡ് കാരണം, 27ന് ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയില്ല എന്നതും കോച്ചിനെ നിരാശപ്പെടുത്തുകയായിരുന്നു.
മത്സരം ജയിച്ച സന്തോഷത്തേക്കൾ, അനാവശ്യമായി ചുവപ്പുകാർഡ് വാങ്ങിയ നടപടിയോടെ രോഷത്തോടെയാണ് കോച്ച് പ്രതികരിച്ചത്. ഒരു യെല്ലോ കാർഡ് ലഭിച്ചത് മുന്നറിയിപ്പായി കണക്കാക്കണം. വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആഘോഷിക്കണം. താരത്തിന്റെ പ്രകടനം സ്മാർട്ടല്ല, വിവേക ശൂന്യമാണ്. ഒരു യെല്ലോ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ പോലും ഇത്തരം നടപടിയുണ്ടാവാൻ പാടില്ല -കടുത്ത ഭാഷയിൽ തന്നെ കോച്ച് പ്രതികരിച്ചു.
തന്റെ വിവേകശൂന്യമായ നടപടിയിൽ മത്സര ശേഷം എകിടികെ ലിവർപൂൾ ആരാധകരോടും ടീമിനോടും ക്ഷമാപണം നടത്തി.
കളിയുടെ 43ാം മിനിറ്റിൽ അലക്സാണ്ടർ ഇസാകിലൂടെയാണ് ലിവർപൂൾ ആദ്യ ഗോൾ നേടിയത്. 76ാം മിനിറ്റിൽ തിരിച്ചടിച്ച് ഒപ്പമെത്തിയ സതാംപ്ടനുമേൽ എകിടികെയുടെ ഗോൾ ചെമ്പടക്ക് വിജയമൊരുക്കി. ഇരു ഗോളിനും വഴിയൊരുക്കിയത് ഫെഡറികോ ചിയേസയായിരുന്നു.
ചെൽസിക്കും ജയം
ലിഗ് കപ്പ് മൂന്നാം റൗണ്ടിൽ ചെൽസി 2-1ന് ലിങ്കോണിനെ തോൽപിച്ചു. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയതിനു പിന്നാലെയായിരുന്നു ടിറിക് ജോർജ് (48), ഫകുൻഡോ ബൗനനോറ്റെ (50) എന്നിവരിലൂടെയായിരുന്നു ചെൽസി വിജയ ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

