നിഷു കുമാർ ബ്ലാസ്റ്റേഴ്സ് വിട്ടു; ഒരു വർഷത്തെ വായ്പ കരാറിൽ ഈസ്റ്റ് ബംഗാളിൽ
text_fieldsകേരളാ ബ്ലാസ്റ്റേഴ്സ് ഫുൾബാക്ക് നിഷു കുമാർ ഈസ്റ്റ് ബംഗാൾ ക്ലബുമായി കരാർ ഒപ്പിട്ടു. ഒരു വർഷത്തെ വായ്പ കരാറിലാണ് നിഷു കൊൽക്കത്ത ക്ലബിലെത്തിയത്.
ലെഫ്റ്റ് ബാക്കിലും റൈറ്റ് ബാക്കിലും ഒരുപോലെ കളിക്കാൻ മികവുള്ള ഉത്തർപ്രദേശുകാരനായ 25കാരൻ 2020 മുതൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ്. എന്നാൽ പലപ്പോഴും പരുക്കാണ് താരത്തെ അലട്ടിയിരുന്നത്. 2018-19 സീസണിൽ ഐ.എസ്.എൽ കിരീടം നേടിയ ബംഗളൂരു എഫ്.സിയിൽ നിഷുവും അംഗമായിരുന്നു. അന്ന് ടീമിന്‍റെ പരിശീലകനായിരുന്ന കാർലസ് ക്വാഡ്രാറ്റ് ബംഗളൂരു ക്ലബ് വിട്ടതോടെയാണ് നിഷുവും പുതിയ ക്ലബിലേക്ക് ചേക്കേറിയത്.
അടുത്തിടെ ഈസ്റ്റ് ബംഗാൾ പരിശീലകനായി കാർലസ് ക്വാഡ്രാറ്റിനെ നിയമിച്ചിരുന്നു. ‘ഈസ്റ്റ് ബംഗാൾ പോലുള്ള ഒരു ഐതിഹാസിക ക്ലബിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഏറെ അഭിമാനം തോന്നുന്നു. ക്ലബിന് വലിയ ആരാധകവൃന്ദമുണ്ട്, അത് ഒരു കളിക്കാരന് ഏറ്റവും മികച്ചത് നൽകാൻ വലിയ പ്രചോദനമാണ്’ -നിഷു പറഞ്ഞു.
ബി.എഫ്.സിയിലെ കാലയളവിൽ തന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച കാർലസുമായി വീണ്ടും ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് താനെന്നും താരം വ്യക്തമാക്കി. നിഷു ഉൾപ്പെട്ട ബംഗൂളുരു ടീം 2017 ഫെഡറേഷൻ കപ്പ്, 2018 സൂപ്പർ കപ്പ്, ഐ.എസ്.എൽ കിരീടങ്ങൾ നേടുമ്പോൾ സ്പെയിൻകാരനായ കാർലസായിരുന്നു പരിശീലകൻ. നിഷു കഴിവുള്ള, കഠിനാധ്വാനിയായ താരമാണെന്ന് കാർലസ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

