കുടീന്യോയെ സ്വന്തമാക്കി ദുഹൈൽ
text_fieldsഫിലിപ് കുടീന്യോ അൽ ദുഹൈൽ
ജഴ്സിയുമായി
ദോഹ: ഇന്റർമിലാൻ മുതൽ ലിവർപൂൾ, ബാഴ്സലോണ, ബയേൺ മ്യൂണിക് തുടങ്ങിയ ലോകോത്തര ക്ലബുകൾക്ക് പന്തുതട്ടിയ ബ്രസീൽ സൂപ്പർതാരം ഫിലിപ് കുടീന്യോയുടെ കളിമികവ് ഇനി ഖത്തറിന്റെ മൈതാനങ്ങളിലും കാണാം. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൻ വില്ലക്കായി കളിച്ച കുടീന്യോയെ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈൽ സ്വന്തമാക്കി. ക്ലബ് വൈസ് പ്രസിഡന്റ് ഖലീഫ ഖാമിസിന്റെ നേതൃത്വത്തിൽ കൂടുമാറ്റ കരാറിൽ ഒപ്പുവെച്ച് കുടീന്യോയെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് താരത്തെ വരവേറ്റത്.
പ്രഫഷനൽ ക്ലബ് ഫുട്ബാളിൽ മികവുറ്റ പരിചയസമ്പത്തുമായാണ് ബ്രസീലിനായി ഒരു പതിറ്റാണ്ടിലേറെ കാലമായി പന്തുതട്ടുന്ന കുടീന്യോ ഖത്തറിലെത്തുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനൊരുങ്ങുന്ന ദുഹൈലിന് കുടീന്യോയുടെ വരവ് ഏറെ അനുഗ്രഹമാവുമെന്ന് അൽ ദുഹൈൽ വെബ്സൈറ്റിലൂടെ പ്രസ്താവിച്ചു.
ആസ്റ്റൺ വില്ലയിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് കുടീന്യോയെ ദുഹൈൽ ടീമിലെത്തിച്ചത്. കിരീട വിജയങ്ങളും ഗോളടിയുമായി മികച്ച കരിയർ നേട്ടങ്ങളുമായാണ് താരം ആദ്യമായി ഗൾഫ് മേഖലയിലേക്ക് കളിക്കാനെത്തുന്നത്. കുടീന്യോയെ സ്വന്തമാക്കിയതിന് പിന്നാലെ, പി.എസ്.ജിയിൽനിന്ന് മാർകോ വെറാറ്റി, യൂലിയൻ ഡ്രാക്സ്ലർ തുടങ്ങിയ താരങ്ങളും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബുകളിൽ എത്തുന്നതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

