ബെൻസേമക്ക് ഇരട്ട ഗോൾ; ലാലിഗയിൽ റയൽ ഗോൾവേട്ട
text_fieldsകളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സൂപ്പർ താരം കരീം ബെൻസേമ നേടിയ ഇരട്ട ഗോളുകളുടെ മികവിൽ ലാലിഗയിൽ എസ്പാന്യോളിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്. 12ാം മിനിറ്റിൽ ഫ്രഞ്ച് യുവതാരം ചൗമേനിയുടെ പാസിൽ വിനീഷ്യസ് ജൂനിയർ നേടിയ ഗോളിലൂടെയാണ് മാഡ്രിഡുകാർ ഗോൾവേട്ട തുടങ്ങിയത്. എന്നാൽ, 43ാം മിനിറ്റിൽ ഹൊസേലുവിലൂടെ എസ്പാന്യോൾ തിരിച്ചടിച്ചു.
രണ്ടാം പകുതിയിൽ വിജയഗോൾ നേടാനായി റയൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ പിറന്നില്ല. എന്നാൽ, 88ാം മിനിറ്റിൽ ബെൻസേമ രക്ഷകനായി അവതരിച്ചു. വിനീഷ്യസിന്റെ ക്രോസിൽനിന്നായിരുന്നു ഫിനിഷ്. ഇതിന് പിന്നാലെ എസ്പാന്യോൾ ഗോൾകീപ്പർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. കളിയുടെ അധിക സമയത്ത് ഫ്രീകിക്കിലൂടെയാണ് ബെൻസേമ രണ്ടാം ഗോൾ നേടിയത്.
ലാലിഗയിൽ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒമ്പത് പോയന്റുമായി റയൽ മാഡ്രിഡ് റയൽ ബെറ്റിസിനൊപ്പം ഒന്നാം സ്ഥാനത്താണ്. ഏഴ് പോയന്റുമായി ബാഴ്സലോണയും വിയ്യാറയലുമാണ് രണ്ടാമത്.

