ലോകകപ്പിനെ രാഷ്ട്രീയ വേദിയാക്കരുത് -നാസർ അൽ കാതിർ
text_fieldsസുപ്രീം കമ്മിറ്റി സി.ഇ.ഒ നാസർ അൽ കാതിർ
ദോഹ: അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് ലോകകപ്പ് ഫുട്ബാളിനെ രാഷ്ട്രീയ വിവാദങ്ങളുടെ വേദിയാക്കുന്നതിനെ വിമർശിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സി.ഇ.ഒ നാസർ അൽ കാതിർ. 'സ്കൈ ന്യൂസിന്' നൽകിയ അഭിമുഖത്തിലായിരുന്നു ലോകകപ്പ് അടുത്തുവരവെ വിവിധ കോണുകളിൽനിന്നുയരുന്ന ആരോപണങ്ങളെ അദ്ദേഹം നേരിട്ടത്. 'ലോകകപ്പ് ഫുട്ബാൾ ഒരു കായികവേദിയാണ്. ആളുകൾ കളി ആസ്വദിക്കുന്നതിനുവേണ്ടിയാണ് ലോകകപ്പിലെത്തുന്നത്. ഈ വേദിയെ രാഷ്ട്രീയവത്കരിക്കുന്നത് സ്പോർട്സിന് ഗുണകരമാവില്ല' -നാസർ അൽ കാതിർ വിശദീകരിച്ചു.
'തൊഴിലാളിക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നവരുണ്ട്. എന്നാല്‍, സംസാരിക്കുന്ന വിഷയത്തിൽ അവർ വിദഗ്ധരല്ല. എങ്കിലും അവർക്ക് മറുപടിയുണ്ട്. ഖത്തറിൽ എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ കുറച്ചുകൂടി പഠിക്കുമെന്നാണ് വിചാരിക്കുന്നത്. ഈ വിഷയങ്ങൾ വിദഗ്ധരായ ആളുകൾക്ക് വിട്ട് അവർ കളിയിൽ ശ്രദ്ധിക്കട്ടെ. അസോസിയേഷനുകൾ അവരുടെ ടീമുകളുടെ ലോകകപ്പ് തയാറെടുപ്പിൽ ഊന്നൽ നൽകട്ടെ' -നാസർ അൽ കാതിർ പറഞ്ഞു. ഖത്തറിലെ തൊഴിൽ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ യുവേഫ വർക്കിങ് ഗ്രൂപ്പുമായി സ്വിറ്റ്സർലൻഡിലെ ഫിഫ ആസ്ഥാനത്ത് ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ട്, വെയില്‍സ് ഫുട്ബാള്‍ അസോസിയേഷനുകള്‍ തൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ സംബന്ധിച്ച് ആശങ്കകള്‍ പ്രകടിപ്പിക്കുകയും ഇതുസംബന്ധിച്ച ആംബാൻഡ് അണിഞ്ഞ് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ ഫിഫ തീരുമാനമെടുക്കട്ടെ എന്ന് നാസർ അൽ കാതിർ മറുപടി നൽകി. എൽ.ജി.ബി.ടി വിഷയം സംബന്ധിച്ച ചോദ്യത്തിന് ഖത്തറിൽ വിവേചനമുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'തങ്ങളുടെ സംസ്കാരത്തെ ബഹുമാനിക്കണമെന്നാണ് എല്ലാവരോടും ആവശ്യപ്പെടാനുള്ളത്. നിങ്ങള്‍ മറ്റുള്ളവരെ ഉപദ്രവിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യാത്തിടത്തോളം ആർക്കും ഇവിടെ പ്രശ്നങ്ങളുണ്ടാവില്ല, എല്ലാവരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു' -നാസർ അൽ കാതിർ വ്യക്തമാക്കി.
സ്വവർഗാനുരാഗത്തെ പിന്തുണക്കുന്ന മഴവിൽ പതാകകൾ കാണികൾ വീശുന്നതും കളിക്കാർ അവർക്ക് പിന്തുണ നൽകുന്ന 'വൺലവ്' ആംബാൻഡ് ധരിക്കുന്നതും സംബന്ധിച്ച് ഫിഫ തീരുമാനിക്കട്ടെയെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

