വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ; കരമാർഗം യു.കെ പിടിക്കാനുള്ള യാത്ര; ഒടുവിൽ വൻദുരന്തം, ഫുട്ബാൾ ലോകത്തെ കണ്ണീരിലാഴ്ത്തി ജോട്ടയുടെ വിയോഗം
text_fieldsമഡ്രിഡ്: ലിവർപൂളിന്‍റെ മുന്നേറ്റ താരം ഡിയോഗോ ജോട്ടയുടെ മരണത്തിനു കാരണമായ കാർ അപകടം സംഭവിച്ചത് യു.കെയിലേക്കുള്ള യാത്രബോട്ട് പിടിക്കാനുള്ള യാത്രക്കിടെയെന്ന് റിപ്പോർട്ട്. അടുത്തിടെ ശ്വാസകോശ ശസ്ത്രക്രിയക്ക് വിധേയനായ ജോട്ടയോട് വിമാനയാത്ര വേണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതോടെ കരമാർഗം ലിവർപൂളിലേക്ക് സഞ്ചരിക്കാമെന്നായി. ഇടയിലുള്ള ചെറിയ കടൽദൂരം സാൻതാൻഡറിൽനിന്ന് രാത്രി പുറപ്പെടുന്ന ഫെറിയിൽ പിന്നിടാനായിരുന്നു ഉദ്ദേശ്യം.
തിങ്കളാഴ്ച ലിവർപൂളിന്‍റെ പ്രീ-സീസൺ പരിശീലനം തുടങ്ങാനിരിക്കെയാണ് ജോട്ടയും ഇളയ സഹോദരൻ ആന്ദ്രേയും ബോട്ടിൽ മറുകരയിൽ എത്താൻ തീരുമാനിച്ചത്. കാറും ബോട്ടിൽ കയറ്റി യു.കെയിൽ എത്തിച്ചശേഷം കരമാർഗം ലിവർപൂളിലേക്ക് യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ സാൻതാൻഡറിൽ എത്തുന്നതിനു മുമ്പ് സ്പാനിഷ് പ്രവിശ്യയായ സമോറയിൽ പ്രാദേശിക സമയം രാത്രി 12.30ഓടെ ജോട്ട ഓടിച്ചിരുന്ന ലംബോർഗിനി കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടു.
മറ്റൊരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടയർ പൊട്ടിത്തെറിക്കുകയും പിന്നാലെ റോഡിൽനിന്ന് തെന്നിമാറിയ കാറിന് തീപിടിക്കുകയുമായിരുന്നുവെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. കത്തിയ കാറിൽനിന്ന് രക്ഷപ്പെടുകയെന്നത് അസാധ്യമാവുകയും ദാരുണ ദുരന്തമുണ്ടാവുകയും ചെയ്തു. സെർനാഡില്ല മുനിസിപ്പാലിറ്റിയിലൂടെയുള്ള എ-52 ഹൈവേയിലാണ് കാർ കത്തിയമർന്നത്.
അപകടത്തിനു പിന്നാലെ സ്പാനിഷ് സിവിൽ ഗാർഡും സമോറയിലെ അഗ്നിരക്ഷാ സേനയും വൈദ്യസംഘവും എത്തിയെങ്കിലും താരങ്ങളെ രക്ഷിക്കാനായില്ല. പ്രീമിയർ ലീഗിൽ ലിവർപൂളിന്‍റെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ജോട്ട, നാഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിനെ തകർത്ത് കിരീടം നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു. അഞ്ച് ദിവസം മുമ്പാണ് ജൂട്ടയുടെ വിവാഹം നടന്നത്. ദീർഘകാല പങ്കാളിയായിരുന്ന റൂട്ട് കാർഡോസോയെയാണ് താരം വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. ജോട്ടയുടെ സഹോദരൻ 26കാരനായ ആന്ദ്രേ സിൽവ പോർച്ചുഗീസ് രണ്ടാംനിര ക്ലബ്ബായ പെനാഫിയേലിന്‍റെ താരമായിരുന്നു. അപകടത്തിൽ ഇരുവർക്കും ജീവൻ നഷ്ടമായത് യുറോപ്യൻ ഫുട്ബാളിന് തീരാനഷ്ടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

