താരത്തിന് കുപ്പിയേറ്; ഫ്രഞ്ച് ലീഗ് മത്സരം ഉപേക്ഷിച്ചു
text_fieldsദിമിത്രി പായറ്റിന് വെള്ളക്കുപ്പി കൊണ്ട് ഏറേൽക്കുന്നു
ലിയോൺ: സമീപകാലത്ത് ഏറെ സംഘർഷഭരിതമായ ഫ്രാൻസിലെ ലീഗ് വൺ ഫുട്ബാളിൽ വീണ്ടും അനിഷ്ട സംഭവം. ഒളിമ്പിക് ലിയോണിനെതിരായ മത്സരത്തിനിടെ ഒളിമ്പിക് മാഴ്സെ താരമായ ദിമിത്രി പായറ്റിനു നേരെ കുപ്പിയേറുണ്ടായി.
കോർണർ കിക്കെടുക്കാനുള്ള ഒരുക്കത്തിനിടെ വെള്ളംകുപ്പി തലയിൽകൊണ്ട പായറ്റ് നിലത്തുവീണു. ഇതേത്തുടർന്ന് റഫറി മത്സരം നിർത്തിവെച്ചു. ഏറെ നേരത്തിനുശേഷം കളി പുനരാരംഭിക്കുന്നതായി അറിയിപ്പുണ്ടായതോടെ ലിയോൺ താരങ്ങൾ മൈതാനത്തിറങ്ങിയെങ്കിലും മാഴ്സെ താരങ്ങൾ എത്തിയില്ല. ഇതോടെ മത്സരം ഉപേക്ഷിക്കുന്നതായി റഫറി അറിയിച്ചു.
അടുത്തിടെ ഫ്രഞ്ച് ലീഗിൽ ഇത്തരം സംഭവങ്ങൾ പതിവായിട്ടുണ്ട്. ആഗസ്റ്റിൽ നീസും മാഴ്സെയും തമ്മിലുള്ള കളിയും കാണികൾ മൈതാനത്തേക്ക് കുപ്പിയടക്കമുള്ള സാധനങ്ങൾ വലിച്ചെറിഞ്ഞതിനെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. അന്നും പായറ്റിന് കുപ്പിയേറ് ഏറ്റിരുന്നു. ലെൻസ്-ലില്ലെ, പി.എസ്.ജി-ലിയോൺ, സെൻറ് എറ്റീൻ-എഞ്ചേഴ്സ് മത്സരങ്ങൾക്കിടെയും സമാനസംഭവങ്ങളുണ്ടായി.

