തലച്ചോറിൽ ശസ്ത്രക്രിയ കഴിഞ്ഞ് മറഡോണ ആശുപത്രി വിട്ടു
text_fieldsഡീഗോ മറഡോണ പേഴ്സണൽ ഡോക്ടർ ലെപോൾഡോ ലൂകിയോടൊപ്പം
ബ്വേനസ് അയ്റിസ്: തലച്ചോറിൽ ശസ്ത്രക്രിയക്ക് വിധേയനായ മറഡോണ ഒരാഴ്ചക്കു ശേഷം ആശുപത്രി വിട്ടു. മറഡോണ നഗരത്തിലെ ഒലിവോസ് ക്ലിനിക്കിൽനിന്ന് ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യം പ്രാദേശിക ടെലിവിഷൻ ചാനൽ പുറത്തുവിട്ടു.
ഇതിഹാസതാരത്തിെൻറ ശാരീരികാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇനി വീട്ടിൽ വിശ്രമത്തിൽ തുടർന്നാൽ മതിയെന്നും ഡോ. ലിയോപോൾഡോ ലൂക്ക് പറഞ്ഞു. 60കാരനായ മറഡോണയുടെ മദ്യാസക്തി കുറക്കുന്നതിനുള്ള ചികിത്സ വീട്ടിൽവെച്ച് തുടരുമെന്ന് അഭിഭാഷക മത്യാസ് മോർല വ്യക്തമാക്കി.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് മറഡോണയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.
ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനേസ്യ എസ്ഗ്രീമയുടെ പരിശീലകനായ മറഡോണ ഒക്ടോബർ 30ന് മത്സരത്തിനിടെ ടീമിന് നിർദേശങ്ങൾ നൽകുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്.
തുടർന്ന് മത്സരത്തിെൻറ ഇടവേളയിൽ മടങ്ങിയ മറഡോണയെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

