Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമോഹൻ ബഗാനൊപ്പം...

മോഹൻ ബഗാനൊപ്പം ഐ.എസ്‌.എൽ കിരീടം നേടാൻ ആഗ്രഹം, കരാർ മികച്ച വിവാഹ സമ്മാനം -സഹൽ

text_fields
bookmark_border
മോഹൻ ബഗാനൊപ്പം ഐ.എസ്‌.എൽ കിരീടം നേടാൻ ആഗ്രഹം, കരാർ മികച്ച വിവാഹ സമ്മാനം -സഹൽ
cancel

മോഹൻ ബഗാനൊപ്പം ഐ.എസ്‌.എൽ കിരീടം നേടാനാണ് ആഗ്രഹിക്കുന്നതെന്ന് കേരള ​ബ്ലാസ്റ്റേഴ്സിൽനിന്ന് ടീമിലെത്തിയ മലയാളി താരം സഹൽ അബ്ദുൽ സമദ്. കരിയറിൽ ഒരിക്കലും ഐ.എസ്.എൽ കിരീടം നേടാനായിട്ടില്ല. ഈ ട്രോഫി നേടാനായാണ് മോഹൻ ബഗാനുമായി കരാറിലെത്തിയത്. ടീം കൂടുതൽ മെച്ചപ്പെടുമെന്നും ഐ.എസ്.എൽ കിരീടം നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഇവിടെയെത്തിയത് മികച്ച വിവാഹ സമ്മാനമായാണ് തോന്നുന്നതെന്നും മോഹൻ ബഗാൻ എസ്.ജി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സഹൽ പറഞ്ഞു.

'മോഹൻ ബഗാനൊപ്പം ഐ.എസ്‌.എൽ കിരീടം നേടാനാണ് ആഗ്രഹിക്കുന്നത്. കുറച്ച് ദിവസം മുമ്പാണ് എന്റെ വിവാഹം കഴിഞ്ഞത്. എന്റെ ഭാര്യ ഒരു ബാഡ്മിന്റൺ താരമാണ്. മോഹൻ ബഗാനുമായി കരാറിലെത്തിയത് എക്കാലത്തെയും മികച്ച വിവാഹ സമ്മാനമായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ സീസണിൽ മോഹൻബഗാൻ ഐ.എസ്.എൽ കിരീടം നേടിയിരുന്നു. ഞങ്ങൾക്ക് രണ്ട് ലോകകപ്പ് കളിക്കാരുണ്ട്. യൂറോപ്പ ലീഗ് കളിച്ചവരും ഇതിലുണ്ട്. ഇനി അവരോടൊപ്പം ഞാനും കളിക്കും. മൂന്ന് കപ്പ് നേടാൻ ഇന്ത്യയെ സഹായിച്ച ദേശീയ ടീമിലെ അഞ്ച് പേരും ടീമിലുണ്ട്. എന്റെ കരിയറിൽ ഒരിക്കലും ഐ.എസ്.എൽ കിരീടം നേടാനായിട്ടില്ല. ഈ ട്രോഫി നേടാനായാണ് മോഹൻ ബഗാനിൽ ഒപ്പിട്ടത്. ടീം കൂടുതൽ മെച്ചപ്പെടുമെന്നും ഐ.എസ്.എൽ ട്രോഫി നേടുകയെന്ന എന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു’, സഹൽ പറഞ്ഞു.

കൊൽക്കത്ത ഡെർബിയിൽ പങ്കാളിയാകുന്നതിന്റെ സന്തോഷവും സഹൽ പങ്കുവെച്ചു. ‘പച്ച, മെറൂൺ നിറങ്ങൾ ധരിക്കുമ്പോൾ മറ്റൊരു തലത്തിൽ കളിക്കാൻ കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, കൊൽക്കത്ത ഡെർബി പലപ്പോഴും എൽ ക്ലാസിക്കോയുടെ അതേ തലത്തിൽ തന്നെയാണ് കണക്കാക്കപ്പെടുന്നത്. ഫുട്ബാൾ മത്സരങ്ങൾ കാണുന്നത് എനിക്കൊരു അഡിക്ഷനാണ്. സമയം കിട്ടുമ്പോഴെല്ലാം ലോകത്തെ എല്ലാ പ്രമുഖ ലീഗുകളിലെയും മത്സരങ്ങൾ കാണാൻ ശ്രമിക്കാറുണ്ട്. കൊൽക്കത്ത ഡെർബി സമയത്ത് അന്തരീക്ഷം എങ്ങനെ മാറുമെന്നത് ടി.വിയിൽ കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഗാലറിയിലിരുന്ന് ഡെർബി ഇതുവരെ കണ്ടിട്ടില്ല. ഇതിലൊന്നിലും കളിച്ചിട്ടുമില്ല. എന്നാൽ, മോഹൻ ബഗാന് വേണ്ടി ആ മത്സരത്തിൽ കളിക്കാനാകുമെന്നത്തിൽ ഏറെ അഭിമാനമുണ്ട്. ഞങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന ആരാധകരാൽ സ്റ്റേഡിയം നിറഞ്ഞിരിക്കും. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ജയിക്കണം എന്നല്ലാതെ മറ്റൊരു ചിന്തയും എന്റെ മനസ്സിൽ വരാറില്ല. ജയിക്കുക... ജയിക്കുക...ജയിക്കുക... ഇത് മാത്രമാണ് എന്റെ മനോഭാവം. ഡെർബിയിലും ഇതേ ചിന്ത തന്നെയായിരിക്കുമെന്ന് ഉറപ്പുണ്ട്’.

എ.എഫ്‌.സി കപ്പിൽ കളിക്കാനുള്ള തന്റെ സ്വപ്നവും സഹൽ പങ്കുവെച്ചു. മോഹൻ ബഗാൻ മാനേജ്‌മെന്റ് എന്നെ ബന്ധപ്പെട്ടപ്പോൾ, ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാകാനും ഏഷ്യയിലെ ഏറ്റവും മികച്ച ടീമുമായി ഇക്കാര്യത്തിൽ മത്സരിക്കാനുള്ള അവരുടെ പദ്ധതികളും എന്നോട് പങ്കുവെച്ചിരുന്നു. ക്ലബിന്റെ ഈ സ്വപ്നവുമായി യോജിച്ചുപോകാനാണ് എന്റെ ആഗ്രഹം. ഇന്ത്യക്കായി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ, എ.എഫ്‌.സി കപ്പിൽ ഒരിക്കലും കളിച്ചിട്ടില്ല. വരാനിരിക്കുന്ന സീസണിന്റെ തുടക്കത്തിൽ എനിക്കാ അവസരം ലഭിക്കും. കിട്ടുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. മത്സരങ്ങൾ കഠിനമായേക്കാം, പക്ഷേ ക്ലബിനെ എ.എഫ്‌.സി കപ്പ് ചാമ്പ്യന്മാരാക്കുകയെന്നതാണ് എന്റെ സ്വപ്നം; സഹൽ പറഞ്ഞു.

മോഹൻ ബഗാനുമായി ഒപ്പിടുന്നതിന് മുമ്പ് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കുമായി സംസാരിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു. കൂടുതൽ മെച്ചപ്പെടാനും ക്ലബിനെ വിജയിപ്പിക്കാനും അദ്ദേഹമെന്നെ പ്രേരിപ്പിച്ചു. ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള നിരവധി താരങ്ങൾ എനിക്ക് മുമ്പ് കൊൽക്കത്തയിൽ കളിച്ച് വിജയിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ച് അനുഗ്രഹവും ഉപദേശവും തേടാൻ ആഗ്രഹിക്കുന്നുണ്ട്. മോഹൻ ബഗാൻ കാണികളിൽനിന്ന് മികച്ച സ്നേഹം ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ കഴിവിന്റെ പരമാവധി ക്ലബിന്റെ വിജയത്തിന് വേണ്ടി പുറത്തെടുക്കുമെന്നും സഹൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായിരുന്ന സഹൽ അബ്ദുൽ സമദുമായി വർഷം രണ്ടര കോടി രൂപയുടെ കരാറിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഒപ്പിട്ടത്. 2028 വരെ അഞ്ചുവർഷത്തേക്കാണ് കരാർ. ഒരു താരത്തെയും ട്രാന്‍സ്ഫര്‍ ഫീയുമായിരുന്നു മോഹൻബഗാനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ധാരണ. സഹലിന് പകരം മോഹൻ ബഗാന്റെ പ്രതിരോധ താരം പ്രീതം കോട്ടാലിനെയാണ് ബ്ലാസ്റ്റേഴ്‌സിന് വിട്ടുനൽകിയത്.

2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബി ടീമിലൂടെയാണ് സഹൽ കേരള ക്ലബിലെത്തിയത്. 2018 മുതൽ 2023 വരെ ബ്ലാസ്റ്റേഴ്‌സിനായി 97 കളികളിൽ ബൂട്ടണിഞ്ഞ് പത്തു ഗോൾ നേടുകയും ഒമ്പത് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യൻ ടീമിലും സ്ഥിരസാന്നിധ്യമായ സഹൽ 30 മത്സരങ്ങളിൽനിന്ന് മൂന്നു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLmohun baganSahal Abdul Samad
News Summary - Desire to win ISL title with Mohun Bagan, contract best wedding gift - Sahal
Next Story