ആംസ്റ്റർ ഡാം: യൂറോയിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ നെതർലൻഡ്സ് കോച്ച് ഫ്രാങ്ക് ഡി ബോർ രാജിവെച്ചു. കഴിഞ്ഞ സെപ്തംബറിൽ രണ്ടുവർഷത്തെ കരാർ ഒപ്പിട്ട ഡി ബോറിെൻറ കാലാവധി ഇനിയും ശേഷിക്കാനിരിക്കേ ആണ് തീരുമാനം.
റൊണാൾഡ് കൂമാൻ ബാഴ്സലോണ പരിശീലകനായ ഒഴിവിലാണ് ഡി ബോർ ചുമതലയേറ്റത്. ഗ്രൂപ്പ് ഘട്ടത്തിൽ ഉജ്ജ്വലമായി കളിച്ച നെതർലൻഡ്സ് പ്രീക്വാർട്ടറിൽ ചെക്റിപ്പബ്ലിക്കിനെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്ക് തോൽക്കുകയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്വം ഏൽക്കുന്നതായി ഡിബോർ അറിയിച്ചിരുന്നു. ഡച്ചുകാരൻ തന്നെയായ ഡി ബോർ ബാഴ്സലോണക്കായും അജാക്സിനായും പന്തുതട്ടിയിട്ടുണ്ട്. അറ്റ്ലാൻറ് യുനൈറ്റഡിൽ നിന്നുമാണ് ഡി ബോർ ദേശീയ ടീം കോച്ചായത്.
''വിലയിരുത്തലുകൾക്ക് ശേഷം ദേശീയ ടീമിെൻറ പരിശീലകനായി തുടരേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എന്നിലേൽപ്പിച്ച ലക്ഷ്യം കൈവരിക്കാനായില്ലെന്നത് വ്യക്തമാണ്. 2020 ൽ ദേശീയ ടീമിെൻറ പരിശീലകനാകാൻ എന്നെ സമീപിച്ചപ്പോൾ ആദരവും അതോടൊപ്പം വെല്ലുവിളിയുമാണെന്ന് ഞാൻ കരുതിയിരുന്നു. ആ സമയം മുതൽ എന്നിൽ കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. ആ സമ്മർദ്ദം ഇപ്പോൾ വർധിച്ചിരിക്കുന്നു. അത് എനിക്ക് ആരോഗ്യകരമായ അവസ്ഥയല്ല സൃഷ്ടിക്കുന്നത്. ലോകകപ്പ് യോഗ്യതയിലേക്കുള്ള സുപ്രധാന മത്സരത്തിനിറങ്ങുന്ന ഡച്ച് ടീമിനൊപ്പം ഞാനുണ്ടാകില്ല. എല്ലാവർക്കും ഞാൻ നന്ദിയർപ്പിക്കുന്നു'' -ഡി ബോർ പ്രസ്താവനയിൽ പറഞ്ഞു.